covid

ന്യൂഡൽഹി : കൊവിഡ് വാക്സിൻ മതിയായ അളവിൽ ലോകത്തെ മുഴുവൻ ജനങ്ങളിലേക്കും എത്തുന്നതിന് 2024 അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാണ കമ്പനിയായ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ തലവൻ അദാർ പൂനെവാല. ഉടൻ തന്നെ എല്ലാവരിലേക്കും വാക്സിൻ എത്തിക്കാൻ കഴിയത്തക്ക വിധം നിർ‌മാതാക്കളുടെ ഉത്പാദന ശേഷി ഇനിയും വർദ്ധിച്ചിട്ടില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സി.ഇ.ഒ ആയ പൂനെവാലയുടെ പ്രസ്താവന. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ കൊവിഡ് വാക്സിൻ എല്ലാവരിലേക്കും എത്തുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്നാൽ വാക്സിൻ എല്ലാവർക്കും ലഭ്യമാകാൻ നാല് മുതൽ അഞ്ച് വർഷം വരെ വേണ്ടി വരുമെന്ന് അദാർ പുനെവാല പറയുന്നു.

വാക്സിൻ വളരെ വേഗം ലഭ്യമാക്കാൻ കഴിയും വിധം സജ്ജമായ ഉത്പാദകരെ പറ്റി തനിക്ക് അറിവില്ലെന്നും രണ്ട് ഡോസ് വീതമാണ് എല്ലാവർക്കും നൽകുന്നതെങ്കിൽ 15 ബില്യൺ ഡോസുകൾ ഉത്പാദിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിൻ നിർമിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് കരാർ ഒപ്പിട്ടിട്ടുണ്ട്. 100 കോടി ഡോസ് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിൽ 50 ശതമാനം ഡോസ് ഇന്ത്യയ്ക്കാണ്. ആസ്ട്രാസെനക കൂടാതെ നൊവാക്സ് ഉൾപ്പെടെ നാല് ഫാർമസ്യൂട്ടിക്കലുകളുമായാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ കരാറിലേർപ്പെട്ടിരിക്കുന്നത്. റഷ്യയുടെ സ്പുട്നിക് വാക്സിൻ നിർമിക്കാൻ മോസ്കോയിലെ ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ടുമായും സെറം ഇൻസ്റ്റിറ്റ്യൂട്ട് സഹകരിച്ചേക്കുമെന്നാണ് സൂചന. അടുത്ത വർഷം ആദ്യത്തോടെ ഇന്ത്യയിൽ ഒരു കൊവിഡ് വാക്സിൻ തയാറാകും എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞതിന് പിന്നാലെയാണ് അദാർ പൂനെവാലെയുടെ പ്രസ്താവന.