oc

തിരുവനന്തപുരം: ഉമ്മൻചാണ്ടി എവിടെപ്പോയാലും ആൾക്കൂട്ടത്തിനിടയിലായിരിക്കും. അത് കേരളത്തിലായാലും പുറത്തായാലും അതുതന്നെ സ്ഥിതി. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ആൾക്കൂട്ടമാണ് ഉമ്മൻചാണ്ടിയുടെ ജീവൻ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഏറെക്കാലവും കേരളം കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഉമ്മൻചാണ്ടിയെ അടുത്തിടെ തേടിയെത്തിയ പദവിയാണ് ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം. കോൺഗ്രസ് പ്രവർത്തകസമിതി അംഗംകൂടിയാണ്. കേരളത്തിലേതുപോലെ ആന്ധ്രയിലെത്തിയാലും ഉമ്മൻചാണ്ടി ജനകീയൻതന്നെ. മലയാളികൾ മാത്രമല്ല, ആന്ധ്രയിലെ കോൺഗ്രസ് പ്രവർത്തകരും ഉമ്മൻചാണ്ടിക്കൊപ്പം കൂടും. അതൊരു വലിയ ആൾക്കൂട്ടമായി മാറുകയും ചെയ്യും. നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലിയിലെത്തിയ ഉമ്മൻചാണ്ടിയുടെ ആന്ധ്രാപ്രദേശ് രാഷ്ട്രീയ ജീവിതത്തെ കുറിച്ച് ആന്ധ്രാ പി.സി.സി അദ്ധ്യക്ഷൻ സാകേ സൈലജ നാഥ് 'ഫ്ളാഷി'നോട് സംസാരിക്കുന്നു..

കൗതുകത്തോടെ നോക്കി നിൽക്കും

ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ മനുഷ്യനും നേതാവുമാണ് ഉമ്മൻചാണ്ടി. മനുഷ്യരോട് ഇത്രയും അടുത്ത് ഇടപഴകുന്ന ഒരു നേതാവിനെ എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. കൗതുകത്തോടെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും നേതാക്കളോട് ഇടപഴകുന്ന ശൈലിയേയും നോക്കി നിന്നിട്ടുളളത്. സംഘടന തലത്തിലായാലും ജനങ്ങളുടെ പ്രശ്‌നങ്ങളായാലും അത് എന്താണെന്നും അവ എങ്ങനെ പരിഹരിക്കണമെന്നും അദ്ദേഹത്തിന് നന്നായി അറിയാം.

ബൈക്കിന് പിന്നിലിരുന്ന് യാത്ര

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉമ്മൻചാണ്ടി ആന്ധ്രയിൽ എത്തുന്നത്. എന്നാൽ, ആന്ധ്രയിലെ കോൺഗ്രസ് പ്രവർത്തകരുമായി അദ്ദേഹം വളരെ പെട്ടെന്ന് ഇഴുകി ചേർന്നു. പ്രവർത്തകരുമായി അടുപ്പം ഉണ്ടാകുന്നതിന് ഭാഷ ഒരു തടസമായിരുന്നില്ല. ബൈക്കിന് പിന്നിൽ യാത്ര ചെയ്യുന്ന ഹൈക്കമാൻഡ് പ്രതിനിധി ഞങ്ങൾക്ക് അത്‌ഭുതമായിരുന്നു. നേതാവെന്ന നിലയിൽ എന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ് ഉമ്മൻചാണ്ടി.

അവരോട് എനിക്ക് നന്ദിയുണ്ട്

ഉമ്മൻചാണ്ടിക്ക് ആന്ധ്രയുടെ ചുമതല നൽകിയതിൽ രാഹുൽഗാന്ധിയോടും സോണിയാഗാന്ധിയോടും എനിക്ക് വളരെയധികം നന്ദിയാണുളളത്. യാതൊരു തർക്കമോ ബഹളമോയില്ലാതെ അദ്ദേഹത്തിനൊപ്പം സുഗമമായി പ്രവർത്തിക്കാൻ സാധിക്കും. പല ഗ്രൂപ്പുകൾ ഉന്നയിക്കുന്ന വിഷയങ്ങളും ശ്രദ്ധയോടെ കേട്ടിരുന്ന് അതിലൊരു തീരുമാനമെടുക്കാൻ ഉമ്മൻചാണ്ടിക്ക് നന്നായി അറിയാം. വലിയൊരു ജനാധിപത്യവാദിയാണ് അദ്ദേഹം. പാർട്ടിയിലെ എല്ലാവരുമായും ചർച്ച ചെയ്‌തും ചിന്തിച്ചും മാത്രമേ തീരുമാനങ്ങൾ എടുക്കാറുളളൂ.

ശരിക്കും മിസ് ചെയ്യുന്നു

പാർട്ടിയിൽ ഒരു ചെറിയ പ്രശ്‌നമോ തർക്കമോ ഉണ്ടായാൽ നേതാക്കൾ അപ്പോൾ ഉമ്മൻചാണ്ടിയെ കാണാമെന്ന് പറയും. ഉമ്മൻചാണ്ടിയുടെ അടുത്ത് പോയാൽ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുമെന്ന വിശ്വാസമാണ് അതിന് കാരണം. കൊവിഡ് കാലത്ത് ഞങ്ങൾ ഉമ്മൻചാണ്ടിയെ ശരിക്കും മിസ് ചെയ്യുന്നുണ്ട്. ലോക്ക്‌ഡൗൺ സമയത്ത് പലതവണ ഞങ്ങൾ ഓരോരുത്തരെയും തേടി അദ്ദേഹത്തിന്റെ ഫോൺ കോളുകൾ വന്നിരുന്നു.

കൊച്ചുമുറി കിട്ടിയാൽ സന്തോഷം

വളരെ ലളിതമായ ആഹാരമാണ് അദ്ദേഹം ആന്ധ്രയിൽ എത്തിയാൽ കഴിക്കാറുളളത്. ചപ്പാത്തിയോ ചോറോ അങ്ങനെയെന്തെങ്കിലും മതി. എന്തെങ്കിലും പ്രത്യേക ആഹാരം എനിക്ക് വേണമെന്ന് അദ്ദേഹം ഞങ്ങളോട് ഒരിക്കലും പറഞ്ഞിട്ടില്ല. ആഹാരം മാത്രമല്ല മറ്റൊന്നും വേണമെന്നും പറഞ്ഞിട്ടില്ല. മറ്റ് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും ഉമ്മൻചാണ്ടിയുമായി വളരെ വലിയ വ്യത്യാസമുണ്ട്. ഇവിടെ വന്നാൽ എപ്പോഴും താമസിക്കാൻ സർക്കാർ ഗസ്റ്റ് ഹൗസായിരിക്കും അദ്ദേഹം ചോദിക്കുക. അഥവാ ഗസ്റ്റ് ഹൗസ് കിട്ടിയില്ലെങ്കിലും ഏതെങ്കിലും ഒരു കൊച്ചുമുറിയിൽ അദ്ദേഹം കിടന്നോളും. പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുന്ന ശീലം ഉമ്മൻചാണ്ടിക്കില്ല.

വെയിലത്തും മുന്നിൽ നിൽക്കും

ഉമ്മൻചാണ്ടി ആന്ധ്ര കോൺഗസിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായശേഷം പാർട്ടി വിട്ടുപോയ പല നേതാക്കളെയും തിരിച്ചുകൊണ്ടുവരാൻ സാധിച്ചു. കിരൺകുമാർ റെഡ്ഢി അടക്കമുളള നേതാക്കളെ പാർട്ടിയിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ മിടുക്കാണ്. കോൺഗ്രസിനോട് വളരെ കടപ്പെട്ടിരിക്കുന്ന ഒരാളാണ് അദ്ദേഹമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സ‌ർക്കാരുകൾക്കെതിരെ ഞങ്ങൾ പ്രക്ഷോഭങ്ങൾ നടത്തുന്ന സമയങ്ങളിൽ പലപ്പോഴും അദ്ദേഹം ആന്ധ്രയിൽ വന്നിട്ടുണ്ടായിരുന്നു. പ്രായവും ആരോഗ്യവും മാനിച്ച് ഇറങ്ങരുതെന്ന് ഞങ്ങൾ പറഞ്ഞാലും വെയിലത്ത് മുൻപന്തിയിൽ ഉമ്മൻചാണ്ടി നിൽക്കും.

ഇടയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയിരുന്നുപ്പോഴും അന്ധ്രയെ അദ്ദേഹം മറന്നില്ല. ബൂത്ത് തലം മുതൽ ശക്തിപ്പെട്ടാൽ മാത്രമേ പാർട്ടി തിരിച്ചുവരികയുളളൂവെന്ന് ഫോണിലൂടെയും നേരിൽ കാണുമ്പോഴും എപ്പോഴും ഞങ്ങളെ ഉമ്മൻചാണ്ടി ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും. ഇത്രയും സിമ്പിളായി വസ്ത്രം ധരിക്കുന്ന ഫാഷനബിൾ അല്ലാത്ത ഹമ്പിളായ നേതാവാണ് ഉമ്മൻചാണ്ടി. ആന്ധ്ര രാഷ്ട്രീയത്തിലെ വേറിട്ട മുഖമാണ് അദ്ദേഹം.

അന്ധ്രയ്ക്ക് കിട്ടിയത് ഞങ്ങളുടെ ഭാഗ്യം

കേരളത്തിലെ ചില നേതാക്കളെ ഡൽഹിയിൽ വച്ച് കണ്ടപ്പോൾ ഉമ്മൻചാണ്ടിയെപ്പറ്റി ഞങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ നേരത്തെ ശ്രദ്ധ പതിപ്പിക്കേണ്ട നേതാവായിരുന്നു അദ്ദേഹമെന്ന് പലതവണ തോന്നിയിട്ടുണ്ട്. കൊച്ചു കേരളത്തിൽ ഒതുങ്ങേണ്ടതല്ല ഉമ്മൻചാണ്ടിയുടെ അനുഭവ സമ്പത്ത്. അത് അന്ധ്രയ്ക്ക് എങ്കിലും കിട്ടിയത് ഞങ്ങളുടെ ഭാഗ്യം. സംസ്ഥാന രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും ഉമ്മൻചാണ്ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് എന്റെ ആഗ്രഹം. ദേശീയ തലത്തിൽ ഉമ്മൻചാണ്ടിയെ പോലൊരാൾ കോൺഗ്രസിന് ആവശ്യമാണ്.

ആന്ധ്രയുടെ ചുമതലയിൽ നിന്ന് അദ്ദേഹം ഒഴിയുമെന്ന വാർത്ത പരക്കെ വന്ന സമയത്ത് ഞങ്ങളിൽ പലർക്കും വലിയ വിഷമമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ആന്ധ്രയിൽ നിൽക്കേണ്ടതിന്റെ ആവശ്യകത ഹൈക്കമാൻഡ് മനസിലാക്കി. പല എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരേയും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ വേറൊരാളെ കണ്ടിട്ടില്ല. തന്റെ കീഴിലുളള സെക്രട്ടറിമാർക്കും സംസ്ഥാന നേതാക്കൾക്കും വലിയ സ്വാതന്ത്ര്യമാണ് അദ്ദേഹം നൽകിവരുന്നത്. ഉമ്മൻചാണ്ടി എന്റെ തലമുറയ്‌ക്കും വരും തലമുറയ്‌ക്കും വലിയൊരു പാഠമാണ്.

നിയമസഭയിൽ 50 കൊല്ലം

ഉദ്ഘാടനം സോണിയ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷ പരിപാടികൾ 17ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും .

കൊവിഡ് മാനദണ്ഡങ്ങൾപാലിച്ച് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക രംഗത്തുള്ള 50 പ്രമുഖ വ്യക്തികൾ പങ്കെടുക്കും . 20 ലക്ഷത്തിൽപരം ആളുകൾക്ക് തത്സമയം കണക്കത്തക്കവിധത്തിലുള്ള ഓൺലൈൻ സംവിധാനമാണ് സംഘാടക സമിതി ഒരുക്കുന്നത്.