riya-

മുംബയ്: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ ഉടലെടുത്ത വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. താരത്തിന്റെ മരണത്തില്‍ മയക്കുമരുന്ന് ഉപയോഗവും വിതരണവും സംബന്ധിച്ച ആരോപണങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിയ ചക്രബര്‍ത്തിയുടെ മൊഴിയിൽ സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ്, ഡിസൈനര്‍ സിമോണ്‍ ഖമ്പട്ട എന്നിവരുടെ പേരുകൾ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.

അവരുടെ പങ്കുകൾ ഇപ്പോള്‍ വെളിപ്പടുത്താൻ കഴിയില്ലെന്നും എന്‍.സി.ബി ഇതുവരെ ഇവർക്ക് സമന്‍സ് നല്‍കിയിട്ടില്ലെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ കെപിഎസ് മല്‍ഹോത്ര പറഞ്ഞു. മുംബയിലും ഗോവയിലും ഒന്നിലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയ ഏജന്‍സി അന്വേഷണത്തിന്റെ ഭാഗമായി ആറ് പേരെ കൂടി അറസ്റ്റ് ചെയ്തു. ബാന്ദ്ര നിവാസിയായ കരം ജീത് സിംഗ് ആനന്ദിനെ, തെക്കന്‍ മുബെയിലെ ഏജന്‍സിയുടെ ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുവന്നിരുന്നു, ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.


ഡ്വെയ്ന്‍ ആന്റണി ഫെര്‍ണാണ്ടസിനെയും മറ്റ് രണ്ട് പേരെയും എന്‍.സി.ബി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇതേ കേസില്‍ ഗോവയില്‍ നിന്ന് ക്രിസ് കോസ്റ്റയെ ഏജന്‍സി അറസ്റ്റ് ചെയ്തു. റിയ ഉള്‍പ്പെടെ 16 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രജ്പുത്തിന്റെ ജീവനക്കാരായ സാമുവല്‍ മിറാന്‍ഡ, ദിപേഷ് സാവന്ത്, റിയയുടെ സഹോദരന്‍ ഷോവിക്; ആറ് മയക്കുമരുന്ന് ഡീലർമാരുമാണ് അറസ്റ്റിലായവർ.


മിറാന്‍ഡ, സാവന്ത്, മയക്കുമരുന്ന് കടത്തുകാരായ സൈദ് വിലത്ര, അബ്ദുല്‍ ബാസിത് പാരിഹാര്‍ എന്നിവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേശവാനി തിങ്കളാഴ്ച വരെ എന്‍സിബിയുടെ കസ്റ്റഡിയിലായിരുന്നു. അറസ്റ്റിലായ ഇബ്രാഹിം, കരണ്‍ അറോറ, അബ്ബാസ് ലഖാനി എന്നീ മൂന്ന് പേര്‍ക്ക് ജാമ്യം ലഭിച്ചു.

റിയയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയുടെയും മറ്റ് ആറ് പ്രതികളുടെയും ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.

ഒരു കുറ്റകൃത്യത്തിലും താന്‍ ഏര്‍പ്പെട്ടിട്ടില്ല എന്നായിരുന്നു രണ്ടാമത്ത ജാമ്യാപേക്ഷയിലും റിയ പറഞ്ഞിരുന്നത്. ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും ട്രോളുകളും വിവിധ അന്വേഷണങ്ങളും തന്റെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും റിയ പറഞ്ഞു. നിര്‍ബന്ധിച്ചാണ് കുറ്റസമ്മത മൊഴിയെടുത്തത് എന്നും റിയ ചക്രബര്‍ത്തി പറഞ്ഞു. ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് നടി മൊഴി നല്‍കിയിരുന്നു. റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍സിബി 25 പ്രമുഖ താരങ്ങളെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.