china

ബീജിംഗ് : ഇപ്പോൾ രാജ്യത്തെ ജനങ്ങൾക്കെല്ലാം കൊവിഡ് വാക്സിൻ നൽകേണ്ടതില്ലെന്നും രാജ്യത്ത് നിന്നും കൊവിഡിനെ ഭൂരിഭാഗം തുടച്ച് മാറ്റിയതായും ചൈന. രാജ്യത്ത് വീണ്ടും വൻ തോതിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടാൽ മാത്രം ' മാസ് വാക്സിനേഷൻ ' പ്രക്രിയയെ പറ്റി ആലോചിക്കേണ്ടതുള്ളൂ എന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ഡയറക്ടർ ഡോ. ഗാവോ ഫൂ അറിയിച്ചു. രാജ്യത്ത് വൈറസ് നിയന്ത്രണാവിധേയമായതിനാൽ എല്ലാവർക്കും വാക്സിൻ നൽകേണ്ടെന്ന് പറഞ്ഞ ഫൂ എന്നാൽ ഭാവിയിൽ വേണ്ടി വരുമോ എന്ന കാര്യം നിഷേധിച്ചില്ല.

ചൈനയിൽ കഴിഞ്ഞ ദിവസം പുതുതായി 10 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം വിദേശത്ത് നിന്നും എത്തിയതാണ്. വിദേശത്ത് നിന്നും എത്തിയ 50 ലേറെ പേരിൽ ലക്ഷണമില്ലാത്ത വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്ന ഇവരുടെ കണക്കുകൾ ഔദ്യോഗിക രോഗികളുടെ കണക്കിലേക്ക് കൂട്ടാറില്ല. 85,194 പേർക്കാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചെന്നും ഇതിൽ 4,634 പേർ മരിച്ചതായുമാണ് ചൈനയുടെ കണക്ക്. ഇതിൽ 145 പേരാണ് ചികിത്സയിൽ കഴിയുന്നതെന്നും അധികൃതർ പറയുന്നു. തങ്ങൾക്ക് വികസിപ്പിക്കുന്ന വാക്സിന്റെ ആദ്യ ബാച്ച് ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആയിരിക്കുമെന്ന് ചൈന വ്യക്തമാക്കി.

കുറഞ്ഞത് എട്ട് വാക്സിനുകളെങ്കിലും ചൈന വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവും സുരക്ഷിതമായ കൊവിഡ് വാക്സിൻ പുറത്തിറക്കുന്ന ആദ്യ രാജ്യമാവുക എന്നതാണ് ചൈനയുടെ ലക്ഷ്യം. സെപ്റ്റംബറിൽ തങ്ങളുടെ വാക്സിൻ പുറത്തിറക്കുമെന്നായിരുന്നു ചൈനീസ് അധികൃതർ നേരത്തെ പറ‌ഞ്ഞിരുന്നത്.