പി.എസ്.ജി - മാഴ്സെ ലീഗ് വൺ മത്സരം സംഘർഷഭരിതം
വംശീയമായി അധിക്ഷേപിച്ചെന്ന് നെയ്മർ
പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിയും മാഴ്സെയും തമ്മിലുള്ള മത്സരം കയ്യാങ്കളിയായി. നെയ്മറുൾപ്പെടെ അഞ്ച് താരങ്ങൾ ചുവപ്പ് കാർഡും 10 താരങ്ങൾ മഞ്ഞക്കാർഡും കണ്ട മത്സരം സംഘർഷ ഭരിതമായിരുന്നു. പി.എസ്.ജിയുടെ തട്ടകമായ പാർക് ദെ പ്രിൻസിൽ നടന്ന മത്സരത്തിൽ 31-ാം മിനിട്ടിൽ ഫ്ലോറിയാൻ തൗവിൻ നേടിയ ഗോളിൽ മാഴ്സെ ജയിച്ചു. കൊവിഡിൽ നിന്ന് മുക്തനായി നെയ്മർ കളിക്കളത്തിൽ തിരിച്ചെത്തിയ ആദ്യ മത്സരമായിരുന്നു ഇത്. രണ്ടാം പകുതിയുടെ അധിക സമയത്താണ് ചുവപ്പ് കാഡിന് കാരണമായ കയ്യാങ്കളിക്ക് കളമൊരുങ്ങിയത്. പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ മാഴ്സെയുടെ ഡാരിയോ ബെൻഡേറ്രോ പി.എസ്.ജിയുടെ പരേഡസിനെ വീഴ്ത്തിയതിനെത്തുടർന്നാണ് കയ്യാങ്കളി തുടങ്ങിയത്. തുടർന്ന് പി.എസ്.ജിയുടെ പരഡേസ് രണ്ടാം മഞ്ഞക്കാർഡും കുർസാവ നേരിട്ട് ചുവപ്പ് കാർഡും വാങ്ങി കളം വിട്ടു. മാഴ്സെ നിരയിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ബെൻഡേറ്റയും നേരിട്ട് ചുവപ്പ് കണ്ട് അമാവിയും മാർച്ചിംഗ് ഓർഡർ വാങ്ങി. ഇതിനു ശേഷം വീഡിയോ അസിസ്റ്റന്റ് റഫിറിയുടെ സഹായത്തോടെയാണ് റഫറി മാഴ്സെ താരം അൽവാരോ ഗോൺസാലസിന്റെ തലയ്ക്കിടിച്ച നെയ്മറെ ചുവപ്പ് കാർഡ് കാണിച്ചത്.
അതേ സമയം ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് നെയ്മർ ആരോപിച്ചു. ഈ സംഭവം നടക്കുന്നതിനു മുൻപും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.
നിലവിലെ ചാമ്പ്യൻസ് ലീഗ് റണ്ണറപ്പായ പി.എസ്.ജി പക്ഷേ ഫ്രഞ്ച് ലീഗിന്റെ പുതിയ സീസണിൽ കളിച്ച രണ്ട് മത്സരത്തിലും ഒരു ഗോൾ പോലും അടിക്കാനാകാതെ തോൽവി വഴങ്ങിയിരിക്കുകയാണ്. 1978/79 സീസണിന് ശേഷം ആദ്യമായാണ് പി.എസ്.ജിക്ക് ഇങ്ങനെ തിരിച്ചടി സംഭവിക്കുന്നത്. 2011ന് ശേഷം പി.എസ്.ജിക്കെതിരെ മാഴ്സെ നേടുന്ന ആദ്യ ജയമാണിത്.
ഗോൺസാലസിനെതിരെ നെയ്മർ
മത്സര ശേഷവും തന്റെ ട്വിറ്രർ അക്കൗണ്ടിലൂടെ നെയ്മർ അൽവാരോ ഗോൺസാലസിനെതിരെ രംഗത്തെത്തി. ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്നും അയാളുടെ മുഖത്ത് ഇടിക്കാൻ കഴിയാത്തതിലേ വിഷമമുള്ളൂവെന്നും നെയ്മർ പറയുന്നു. ഗോൺസാലസ് തന്നെ കുരങ്ങനെന്നു വിളിച്ചുവെന്നും അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നും അതിനാലാണ് അയാളുടെ തലയ്ക്ക് പിന്നിൽ ഇടിച്ചതെന്നും നെയ്മർ വ്യക്തമാക്കി. മോശം വാക്ക് ഉപയോഗിച്ചാണ് ട്വിറ്രറിൽ നെയ്മർ ഗോൺസാലസിനെ അഭിസംബോധന ചെയ്തത്.
അതോസമയം നെയ്മറുടെ ആരോപണങ്ങൾക്കെതിരെ ഗോൺസാലസും രംഗത്തെത്തി. നെയ്മർക്ക് പരാജയം ഉൾക്കൊള്ളാനറിയില്ലെന്നും ഗ്രൗണ്ടിൽ സംഭവിച്ചത് ഗ്രൗണ്ടിൽ തീർക്കണമെന്നും ഗോൺസാലസ് പറഞ്ഞു. താൻ വംശീയാധിക്ഷേപം നടത്തിയിട്ടിലെന്നും ഗോൺസാലസ് വ്യക്തമാക്കി.