കിഴക്ക് ദർശനമായ വീടിന്റെ പ്രത്യേകതയാണ് കഴിഞ്ഞയാഴ്ച പറഞ്ഞത്. ഈ ആഴ്ചയും അതിന്റെ തുടർച്ചയാണ്. കിഴക്കോട്ടു നിൽക്കുന്ന വീട് ഐശ്വര്യദായകമെന്ന് പറയുമ്പോൾ തന്നെ ഒട്ടനവധി തെറ്റുകളും ദോഷങ്ങളും കണ്ടുവരാറുണ്ട്. ചിലർ കിഴക്കോട്ടു വീടു നിൽക്കുന്നതിനാൽ കിഴക്കിൽ മാത്രമേ കിണർ കുഴിക്കാൻ സമ്മതിക്കൂ. അത് വലിയ ന്യൂനതകൾക്കിടയാക്കുന്നുണ്ട്. ഏത് ദിശയിലോട്ട് നിൽക്കുന്ന വീടായാലും കിണറിന്റെ ഏറ്റവും മഹത്തായ സ്ഥാനം വടക്കു കിഴക്ക് തന്നെയാണ്. രണ്ടാം സ്ഥാനം വടക്കിനും മൂന്നാംസ്ഥാനം കിഴക്കിനുമുള്ളത്. കിഴക്കോട്ട് നിൽക്കുന്ന വീടിന്റെ നേർകിഴക്ക് കിണർ വന്നാൽ അത് വീടിന്റെയും വസ്തുവിന്റെയും മധ്യ- ബ്രഹ്മ സൂത്രങ്ങളെ മുറിക്കാനിടയാക്കാം. പ്രത്യേകിച്ച് തെക്കുനിന്ന് വടക്കേയ്ക്ക് നാഭി മാറ്റി ചെയ്ത ഒട്ടനവധി വീടുകളിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടിട്ടുണ്ട്. അപ്പോൾ ഒരേ തരത്തിൽ വീടിനെയും വസ്തുവിനെയും വീടിന് കിട്ടേണ്ട സദ്ഫലങ്ങളെയും അത് ദോഷമായി ബാധിക്കാം.
പ്രധാന വാതിലിന്റെ കാര്യവും അതു തന്നെയാണ്. വീടിനുള്ളിൽ ഉണ്ടാകുന്ന ഊർജം വികേന്ദ്രീകൃത ഊർജമാണ്. അത് വീടിന്റെ വടക്കു കിഴക്കുവശത്തൂ കൂടി പുറത്തുപോകുമ്പോഴാണ് ഏറ്റവും നല്ലകാര്യങ്ങൾ വീട്ടിൽ തുടർച്ചയായി സംഭവിക്കുന്നത്. കിഴക്കോട്ട് നിൽക്കുന്ന വീടിന്റെ നേർകിഴക്കായി പ്രധാന വാതിൽ വയ്ക്കാറുണ്ടെങ്കിലും അത്ര ഗുണം കിട്ടാറില്ല. അങ്ങനെ നേർകിഴക്കു വയ്ക്കുകയാണെങ്കിൽ വടക്ക് കിഴക്ക് ചെറിയ വാതിലോ ജനാലയോ ചെയ്യേണ്ടതാണ്. പിന്നീട് ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്ന് കിഴക്കോട്ട് നിൽക്കുന്ന വീട്ടിൽ നേർമദ്ധ്യത്തിലായോ, വടക്കു കിഴക്കായോ പ്രധാനവാതിൽ സജ്ജമാക്കുമ്പോൾ വീട്ടിനുള്ളിൽ തെക്കു പടിഞ്ഞാറു നിന്നും വടക്കു കിഴക്കേയ്ക്ക് ബ്രഹ്മ ഊർജത്തെ മറികടന്നെത്തുന്ന ഊർജ ഒഴുക്ക് തടയപ്പെടാൻ പാടില്ല. അതായത് തെക്കു പടിഞ്ഞാറേ കന്നി മുറിയിൽ നിന്നും വടക്കു കിഴക്കുനോക്കി ജനാലയോ വാതിലോ ഉണ്ടാകണമെന്ന് അർത്ഥം. കിടപ്പുമുറിയ്ക്ക് വലിയ സ്വകാര്യത ആവശ്യമെന്ന് പറഞ്ഞാണ് പലേടത്തും ഇത്തരം ഊർജ ഒഴുക്കിനെ തടഞ്ഞു വയ്ക്കുന്നത്. വീടിന്റെ മൊത്തം പുരോഗതിയെ അത് മോശമായി സ്വാധീനിക്കും.
കിഴക്കു ദർശനമുളള വീടുകളുടെ കിഴക്കു വശത്ത് റോഡുണ്ടാവും. കണ്ടുവരുന്ന മറ്റൊരു പോരായ്മ നിരവധി വീടുകളിൽ വീടിന്റെ പ്രധാന വാതിലും ഗേറ്റും തെക്കുകിഴക്കായി സജ്ജമാക്കുന്നതാണ്. ചിലത് ഫാഷനുവേണ്ടി ചെയ്യുമ്പോൾ മറ്റ് ചിലത് സൗകര്യം അതാണെന്ന് പറഞ്ഞ് ചെയ്യുന്നു. അത് തികച്ചും ദോഷമുളവാക്കുന്ന കാര്യമാണ്. തെക്കു കിഴക്കോട്ട് ഗേറ്റ് വയ്ക്കുന്നതും നല്ലതല്ല. തെക്കു കിഴക്ക് തുറന്നിടുമ്പോൾ അഗ്നിയാണ് തുറന്നിടുന്നത്. എന്നാൽ തെക്കു കിഴക്കിന്റെ തെക്ക് തുറന്നിടാം.അത് ഭാഗ്യവും ഐശ്വര്യവും സമ്മാനിക്കും. എങ്ങോട്ട് ദർശനമായാലും തെക്കുകിഴക്ക് തുറന്നിടരുത്. കിഴക്കിലാവുമ്പോൾ അതിന്റെ ദോഷം ഇരട്ടിയാണ്. ഒരു വീടിന്റെ തെക്കുപടിഞ്ഞാറ് തുറന്നുകിടക്കുകയോ മുറിഞ്ഞുപോവുകയോ ചെയ്യുമ്പോൾ ഉണ്ടാവുന്നതുപോലെയുളള അനുഭവങ്ങളാണ് തെക്കുകിഴക്ക് തുറന്ന് ഗേറ്റ് വയ്ക്കുകയോ പ്രധാന വാതിൽ വയ്ക്കുകയോ ചെയ്യുമ്പോഴും ഉണ്ടാവുക. പടിഞ്ഞാറോട്ട് കയറും വിധം വേണം സ്റ്റെയർ കെയ്സ് പണിയാൻ. മേൽ നില ഉണ്ടെങ്കിൽ വടക്കു കിഴക്കു ഭാഗം ഇരുവശത്തുമായി 45 സ്ക്വയർ ഫീറ്റെങ്കിലും ഒഴിച്ചിടണം.
സംശയങ്ങളും മറുപടിയും
തെക്ക്, തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറ് എന്നിവിടങ്ങളിൽ കിണർ ഉണ്ട്. അവിടെ കിണർ പാടില്ലായെന്ന് കണ്ടു. മതിൽ കെട്ടി തിരിച്ചാൽ പ്രശ്നപരിഹാരമാവുമോ.?
സുനന്ദകുമാരി, വർക്കല,
കോടാനുകോടി ഉൗർജങ്ങളുടെ സങ്കലന വ്യതിയാനങ്ങളാണ് വാസ്തു ശാസ്ത്രം. ഭൂമിയിലുള്ള ഉൗർജം ഭുമിക്കുമുകളിൽ മാത്രമല്ല. ഭൂഗർഭത്തിലേയ്ക്കുമുണ്ട്. മതിൽ ഭൂഗർഭത്തിൽ കെട്ടാനാവില്ലല്ലോ. അപ്പോൾ ഇൗ സ്ഥാനത്തുള്ള കിണറുകൾ മൂടുക മാത്രമാണ് പരിഹാരം.മതിലുകൾ കെട്ടി മറയ്ക്കുന്നത് ഒരിക്കലും ദോഷപരിഹാരമല്ല.