india

ന്യൂഡൽഹി: ശത്രുവിനെ ചുട്ടെരിക്കുന്ന 'സ്റ്റാർ വാർസ്' മാതൃകയിലുള്ള ആയുധങ്ങൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ. 'ഹൈപ്പർ സോണിക് വെഹിക്കിൾ' നിർമിച്ചുകൊണ്ട് ഇന്ത്യയുടെ ഹൈപ്പർ സോണിക് മിസൈൽ ക്ലബ്ബിലേക്കെത്താൻ രാജ്യത്തെ സഹായിച്ച ഇന്ത്യയുടെ പ്രതിരോധ ഗവേഷണ/ വികസന സംഘടന (ഡിഫൻസ് റീസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) തന്നെയാണ് ഈ അത്യന്താധുനിക ആയുധങ്ങളുടെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിക്കുക എന്ന വിവരമാണ് പുറത്തുവരുന്നത്.

ഇന്ത്യൻ സൈന്യം, രഹസ്യാന്വേഷണ ഏജന്‍സികൾ, എന്നിവരുടെ മുൻപിലായി ഡി.ആർ.ഡി.ഒ ഈ ആയുധങ്ങളുടെ പരീക്ഷണങ്ങൾ നടത്തി കഴിഞ്ഞതായും വിവരമുണ്ട്. ഡയറക്ട് എനര്‍ജി വെപ്പണ്‍സ് സിസ്റ്റം(ഡി.ഇഡബ്‌ള്യു.എസ്) എന്ന പേരിൽ ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുക്കുന്ന ഈ ആയുധ സംവിധാനത്തിൽ ഹൈ എനർജി ലേസറുകൾ, ഹൈ പവേർഡ് മൈക്രോ വേവ്സ് എന്നിവ ഉണ്ടാകും.

100 കിലോവാട്ട് വരെ ഊർജ്ജ ശേഷിയുള്ള ആയുധങ്ങളും ഇക്കൂട്ടത്തിലുണ്ടാകും. അതിക്രമിച്ച് കടക്കുന്ന മിസൈലുകളുളെയും യുദ്ധവിമാനങ്ങളെയും നശിപ്പിക്കാനായി രഹസ്യാത്മക സ്വഭാവമുള്ള കാളി പാര്‍ട്ടിക്കിള്‍ ബീം ഉള്ള ഹൈ പവര്‍ ഫൈബര്‍ ലേസറുകളും, കെമിക്കല്‍ ഓക്‌സിജന്‍ അയഡിനുമെല്ലാം ഡി.ഇഡബ്‌ള്യു.എസിൽ ഡി.ആർ.ഡി.ഒ ഉൾപ്പെടുത്തും.

ലേസര്‍ സോഴ്‌സ്, ബീം കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് ഡയറക്ട് എനര്‍ജി വെപ്പണ്‍സ് സിസ്റ്റത്തിന്റെ മറ്റൊരു ഘടകം. പ്രകാശവേഗത്തിൽ കൃത്യമായ സ്ഥാനത്തേക്ക് കുതിയ്ക്കുന്ന ഇവയ്ക്ക് ശത്രുരാജ്യങ്ങളുടെ മിസൈലുകളും ചെറുവിമാനങ്ങളും നിഷ്പ്രയാസം തകർത്ത് തരിപ്പണമാക്കാൻ സാധിക്കും. മിസൈലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഡി.ഇഡബ്‌ള്യു.എസ്‌ ആയുധങ്ങൾ ഉപയോഗിക്കാനും എളുപ്പവും ഇവയ്ക്ക് വേണ്ടിവരുന്ന സാമ്പത്തിക ചിലവ് ഏറെ കുറവുമാണ്.

മാത്രമല്ല ആയുധങ്ങളിലുള്ള റീ - ടാർഗറ്റിംഗ് ഫീച്ചർ ഉപയോഗിച്ചുകൊണ്ട് മിസൈലുകൾക്ക് കഴിക്കുന്നതിനേക്കാൾ കൂടുതൽ ലക്ഷ്യങ്ങളെ നശിപ്പിക്കാനുമാകും. നിലവില്‍ രണ്ട് ആന്റി - ഡ്രോണ്‍ ഡയറക്ട് എനര്‍ജി ആയുധങ്ങൾ പരീക്ഷണാടിസ്ഥാനത്തില്‍ ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചിട്ടുണ്ട്. 10 കിലോവാട്ട് പവര്‍ ലേസറുള്ള ആയുധമാണ് ഇതില്‍ ആദ്യത്തേത്. രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വ്യോമാക്രമണം നടത്താന്‍ ഇതിന് സാധിക്കും.

രണ്ട് കിലോവാട്ട് ലേസര്‍ പവറും ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആക്രമണം നടത്താന്‍ കെല്‍പ്പുള്ളതുമായ കോംപാക്ട് ട്രൈപോഡ് ഘടിപ്പിച്ച ആയുധമാണ് അടുത്തത്. ആറ് മുതല്‍ എട്ട് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ആയുധവും ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കും.

രണ്ടാം ഘട്ടത്തില്‍ 20 കിലോമീറ്ററിലധികം പരിധിയുള്ള ലേസര്‍ സിസ്റ്റമാകും രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുക. ഭാവിയിൽ ലോകത്തിൽ ഉണ്ടാകാനിടയുള്ള യുദ്ധങ്ങളും സംഘർഷങ്ങളും മുന്നിൽ കണ്ടുകൊണ്ടാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡി.ആർ.ഡി.ഒ ഈ ആഭ്യന്തര വ്യവസായങ്ങളുടെ സഹായത്തോടെ അത്യാധുനിക ആയുധങ്ങൾ വികസിപ്പിച്ചെടുക്കുന്നത്.