d

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വവലറിയുടെ പി.ആർ.ഒയെ മുസ്ലിംലീഗ് മദ്ധ്യസ്ഥന്റെ മേല്പറമ്പിലെ വീട്ടിൽ വെച്ചു ഗുണ്ടാസംഘം മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ചന്തേര സ്വദേശി മുസ്തഫ(45 )യെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറ് മണിക്കാണ് സംഭവം. മുസ്ലിംലീഗ് ജില്ലാ ട്രഷറർ കല്ലട്ര മായിൻ ഹാജിയും സംഘവും മർദ്ദിച്ചുവെന്നാണ് മുസ്തഫ പൊലീസിന് മൊഴി നൽകിയത്.

മേൽപ്പറമ്പ് എസ്.ഐ ബിജു ചെറുവത്തൂർ ആശുപത്രിയിൽ എത്തി മുസ്തഫയുടെ മൊഴിയെടുത്തു. ഫാഷൻ ഗോൾഡ് ജുവലറി ജനറൽ മാനേജർ സൈനുൽ ആബിദീന്റെ സഹോദരനാണ് പി.ആർ.ഒ മുസ്തഫ.

ആസ്തികളും കണക്കുകളും പരിശോധിക്കുന്നതിനായി കല്ലട്ര മാഹിൻ ഹാജി മുസ്തഫ, സൈനുൽ ആബിദീൻ, കാസർകോട് ബ്രാഞ്ച് മാനേജർ നൗഷാദ്, എം.ഡി ടി.കെ. പൂക്കോയ തങ്ങളുടെ മകൻ നിസാം എന്നിവരെ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മേല്പറമ്പിലെ വീട്ടിൽ വിളിച്ചു വരുത്തിയിരുന്നു. പണവും സ്വർണവും എവിടെ പോയെന്ന ചോദ്യത്തിന് നിഷേധ നിലപാട് എടുത്തപ്പോൾ മുസ്തഫയെ മർദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു.