വയനാട്: കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയുടെ ശുപാർശയിൽ ബി.ജെ.പി നേതാവിന്റെ മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റ് ലഭിച്ചതിൽ കോൺഗ്രസിൽ പ്രതിഷേധം. ബി.ജെ.പി നേതാവിന്റെ മകൾക്ക് വേണ്ടി രാഹുൽ ഗാന്ധി എങ്ങനെ ശുപാർശ ചെയ്തുവെന്ന് കോൺഗ്രസ് അന്വേഷിക്കുമെന്ന് വയനാട്ടിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
വയനാട് എം.പിയുടെ ഇത്തരമൊരു ശുപാർശയെക്കുറിച്ച് പാർട്ടി പ്രവർത്തകർ പരാതിപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നിയമസഭാംഗവും വയനാട് ഡി.സി.സി പ്രസിഡന്റും സുൽത്താൻ ബത്തേരി എം.എൽ.എയുമായ ഐ.സി ബാലകൃഷ്ണൻ വ്യക്തമാക്കി.
പരാതി ഉയർന്നയുടനെ ഉചിതമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചുവെന്നും ആദ്യ ഘട്ടമെന്ന നിലയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം അവസാനിച്ചുകഴിയുമ്പോൾ ഇക്കാര്യം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഐ.സി ബാലകൃഷ്ണൻ പറഞ്ഞു.
കേന്ദ്രീയ വിദ്യാലയ സ്കൂളുകളുടെ നിയമം അനുസരിച്ച് ഒരു ലോക്‌സഭാ എം.പിക്ക് ഓരോ വർഷവും അതാത് നിയോജകമണ്ഡലങ്ങളിൽ നിന്ന് കെ.വി സ്കൂളുകളിലേക്ക് നിശ്ചിത എണ്ണം വിദ്യാർത്ഥികളെ ശുപാർശ ചെയ്യാൻ കഴിയും.