archer

മാഞ്ചസ്റ്റർ: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ 24 റൺസിന്റെ ജയം നേടി ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. മറുപടിക്കിറങ്ങിയ ആസ്ട്രേലിയ 48.4 ഓവറിൽ 207 റൺസിന് ആൾഔട്ടാവുകയായിരുന്നു. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇപ്പോൾ ഇരുടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്.

മൂന്ന് വിക്കറ്റ് വീതം നേടിയ ക്രിസ് വോക്സും ജോഫ്ര ആർച്ചറും സാം കറനുമാണ് കംഗാരുക്കളെ കുരുക്കിയത്.ആദിൽ റഷീദ് ഒരു വിക്കറ്റ് നേടി. ഒരു ഘട്ടത്തിൽ രണ്ടു വിക്കറ്റിന് 144 റൺസെന്ന ശക്തമായ നിലയിൽ നിന്ന് പിന്നീട് മൂന്ന് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് ഓസീസ് തകരുകയായിരുന്നു. ആറു വിക്കറ്റിന് 147 റൺസ് എന്ന നിലയിലേക്ക് വീണ ആസ്ട്രേലിയക്ക് പിന്നീട് തിരിച്ചുവരാനായില്ല. 105 പന്തിൽ 73 റൺസ് നേടിയ ആരോൺ ഫിഞ്ചാണ് ആസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. മാർനസ് ലബുഷ്‌ചംഗെ 59 പന്തിൽ 48 റൺസെടുത്തപ്പോൾ അലെക്സ് കാരി 36 റൺസ് നേടി. ആറു പേർ രണ്ടക്കം കാണാതെ ക്രീസ് വിട്ടു.

നേരത്തെ ഇയാൻ മോർഗൻ (42), ജോ റൂട്ട് (39), ടോം കറൻ (37), ആദിൽ റഷീദ് (35) എന്നിവരുടെ ബാറ്രിംഗാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ആസ്ട്രേലിയയ്ക്കായി ആദം സാംപ മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റ് വീഴ്ത്തി.

ആദ്യ ഏകദിനത്തിൽ ആസ്ട്രേലിയ വിജയിച്ചിരുന്നു.