pic

കൊല്‍ക്കത്ത: കൊവിഡ് പ്രതിസന്ധിക്ക് മുന്നിൽ പകച്ചുനിൽക്കാതെ നിരവധി വിദ്യാർത്ഥികളാണ് ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷ എഴുതിയത്. തങ്ങളുടെ ഭാവി സ്വപ്നം കണ്ട് ഏറെ പ്രതീക്ഷയോടെ പരീക്ഷാഫലം കാത്തിരിക്കുകയാണ് അവർ. എന്നാൽ 700 കിലോമീറ്റർ ദൂരം യാത്ര ചെയ്തിട്ടും അവസാന നിമിഷം സമയത്തിന് മുന്നിൽ തോറ്റ് പോയതിനാൽ പരീക്ഷ എഴുതാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് 19കാരനായ സന്തോഷ് കുമാര്‍ യാദവ്.

ബീഹാറിലെ ദര്‍ഭാഗ ജില്ലയില്‍ നിന്നാണ് 700 കിലോമീറ്റര്‍ താണ്ടി കൊല്‍ക്കത്തയിലെ പരീക്ഷ സെന്ററിലേക്ക് സന്തോഷ് എത്തിയത്. സന്തോഷ് വന്ന ബസ് ശനിയാഴ്ച ഗതാഗതക്കുരുക്കില്‍ പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

'ശനിയാഴ്ച രാവിലെ എട്ടു മണിക്കാണ് ഞാൻ ബസ്സില്‍ പുറപ്പെട്ടത്. മുസ്സാഫര്‍പൂരിനും പട്‌നയ്ക്കും ഇടയില്‍ വലിയ ഗതാഗതക്കുരുക്ക് ആയിരുന്നു. ആറ് മണിക്കൂറോളം ബ്ലോക്ക് നീണ്ടിനിന്നു. പട്‌നയില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കൊല്‍ക്കത്തയില്‍ എത്തിയത്. അവിടെനിന്ന് ഒരു ക്യാബില്‍ പരീക്ഷ സെന്ററില്‍ എത്തി. 1.40നാണ് എത്തിയത്. 1.30ന് ഹാളില്‍ പ്രവേശിക്കണമായിരുന്നു. രണ്ടു മണിക്കാണ് പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന്
അപേക്ഷിച്ചെങ്കിലും അധികൃതർ സമ്മതിച്ചില്ല.' സന്തോഷ് പറയുന്നു.

ഇത്രയും ദൂരം യാത്ര ചെയ്തുവന്നിട്ടും സന്തോഷിന് പരീക്ഷ എഴുതാൻ കഴി‌ഞ്ഞില്ല, ഇതോടെ തന്റെ ഒരു അദ്ധ്യായന വർഷം നഷ്ടപെട്ടതിന്റെ ദുഖത്തിലാണ് ഈ വിദ്യാർത്ഥി. കൊവിഡ് വെെറസ് വ്യാപനം കണക്കിലെടുത്ത് പരീക്ഷയ്ക്ക് എത്തുന്ന മുഴുവൻ വിദ്യാർത്ഥികളും മൂന്ന് മണിക്കൂർ മുമ്പ് ഹാജരാകണമെന്ന് നിർദേശമുണ്ടായിരുന്നു.