ചെന്നൈ∙ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തമിഴ് നടൻ സൂര്യയുടെ വിവാദ പ്രസ്തവാനയ്ക്ക് പിന്തുണയുമായി ആരാധകർ. സൂര്യയ്ക്ക് പിന്തുണ അറിയിച്ച് #TNStandWithSurya എന്ന ഹാഷ് ടാഗ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കൊവിഡ് സമയത്ത് നീറ്റ് പരീക്ഷ നടത്താൻ തീരുമാനിച്ച സർക്കാരിനും അതിന് അനുമതി നൽകിയ കോടതിയെയും വിമർശിച്ച് സൂര്യ തന്റെ ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു. ഇതേതുടർന്ന് കോടതി അലക്ഷ്യത്തിന് താരത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഇതിന് പിന്നാലെയാണ് താരത്തിന് പിന്തുണയുമായി തമിഴ് മക്കൾ രംഗത്തെത്തിയത്.
നീറ്റ് പരീക്ഷ എഴുതാൻ സാധിക്കാത്തതിൽ മനംനൊന്ത് തമിഴ്നാട്ടിൽ മൂന്നു വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് പരീക്ഷ നടത്തിപ്പിനെതിരെ സൂര്യ രംഗത്ത് വന്നത്. ഇത്തരം പരീക്ഷകളെ ‘മനുനീതി’ പരീക്ഷകളെന്നാണ് വിളിക്കേണ്ടതെന്നും ബഹിഷ്കരിക്കേണ്ടവയാണെന്നും സൂര്യ പറഞ്ഞു. "കൊവിഡ് മഹാമാരിക്കാലത്താണ് വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്നതിനായി പരീക്ഷ എഴുതേണ്ടി വരുന്നത്. ഇതിനെ ശക്തമായി എതിർക്കുന്നു. സർക്കാർ എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കണം. പാവപ്പെട്ട കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ മനസ്സിലാക്കാതെയാണ് ഇവിടെ വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുന്നത്."– സൂര്യ ട്വിറ്ററിൽ കുറിച്ചു.
കൊവിഡ് കാലത്ത് ജീവനിൽ ഭയമുള്ളതിനാൽ ജഡ്ജിമാർ നീതി നടപ്പാക്കുന്നത് വിഡിയോ കോൺഫറൻസിംഗ് വഴിയാണ്. പിന്നെങ്ങനെയാണ് വിദ്യാർഥികൾ നിർഭയരായി പരീക്ഷയിൽ പങ്കെടുക്കണമെന്ന് വിധിക്കാനാവുക എന്നും സൂര്യ ചോദിച്ചു. ഇത് കോടതിയലക്ഷ്യമാണെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സൂര്യയുടെ വാക്കുകൾ കോടതിയെ അധിക്ഷേപിക്കുന്നതിനു തുല്യമാണെന്നും അത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ്യയെ ചോദ്യം ചെയ്യുന്നതാണെന്നും കത്തിൽ പറയുന്നു. ഇതിന് പിന്നാലെയാണ് തമിഴ് ജനത സൂര്യയ്ക്ക് പിന്തുണയുമായി വന്നത്.