കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി ഇന്ന് പ്രത്യേക കോടതി പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആരോപണം.
ചില സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയതിന് പിന്നാലെയാണ് പ്രോസിക്യൂഷൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസിൽ 302 സാക്ഷികളെയാണ് ഇനി വിസ്തരിക്കാനുള്ളത്. ആക്രമിക്കപ്പെട്ട നടിയുടേതുൾപ്പെടെ 44 സാക്ഷികളുടെ വിസ്താരം ഇതിനോടകം തന്നെ പ്രത്യേക കോടതിയിൽ പൂർത്തിയായിട്ടുണ്ട്.
2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയത്. പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വി.പി. വിജീഷ്, വടിവാൾ സലിം എന്ന സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, മേസ്തിരി സനിൽ എന്ന സനിൽ, വിഷ്ണു എന്നിവരാണ് കേസിലെ പ്രതികൾ.