swapna

തിരുവനന്തപുരം: നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് നെഞ്ചുവേദനയെ തുടർന്ന് ഈ മാസം 7ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ഭരണതലത്തിലെ ഉന്നതനുമായി ഫോണിൽ ബന്ധപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം എൻ.ഐ.എ ഊർജ്ജിതമാക്കി. ആശുപത്രിയിലെ ജീവനക്കാരിൽ ഒരാളുടെ ഫോണിൽ നിന്ന് സ്വപ്‌ന തിരുവനന്തപുരത്തെ ഉന്നതനെ വിളിച്ചുവെന്നാണ് എൻ.ഐ.എയുടെ സംശയം. ഇതാരാണെന്നാണ് എൻ.ഐ.എ തേടുന്നത്. കേസിലെ മുഖ്യപ്രതികളായ സ്വപ്‌നയും കെ.ടി.റമീസിനും ഒരേസമയം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് സംശയിക്കുന്നതിനിടെയാണ് എൻ.ഐ.എ, സ്വപ്‌നയുടെ ഫോൺവിളിയെ കുറിച്ചുള്ള വിവരങ്ങൾ തേടിയത്.

സ്വപ്‌നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ നഴ്സുമാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ എൻ.ഐ.എ ശേഖരിച്ചിട്ടുണ്ട്. അവരുടെ മൊബൈൽ ഫോൺ കോൾ വിശദാശംങ്ങളും ശേഖരിച്ചു.

ഫോൺ മാറി സംസാരം

അതേസമയം, ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെ ഫോൺ വഴിയായിരുന്നു സ്വപ്‌ന ഉന്നതനെ ബന്ധപ്പെട്ടതെന്നാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്. എന്നാൽ ഇരുവരും തമ്മിൽ ഫോണിലൂടെ സംസാരിച്ചില്ല. പകരം ആരോഗ്യപ്രവർത്തകയുടെ ഫോണിലേക്ക് എത്തിയ സന്ദേശം സ്വപ്‌നയെ കാണിക്കുകയായിരുന്നു. ഉന്നതന്റെ ഫോണിലെ സന്ദേശം മറ്രൊരു ഫോണിലേക്ക് അയച്ച ശേഷം അതിൽ നിന്നാണ് സ്വപ്‌നയ്ക്കൊപ്പമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകയ്ക്ക് കൈമാറിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റിന് എന്ത് മൊഴിയാണ് നൽകിയതെന്നാണ് ഉന്നതൻ സ്വപ്‌നയോട് ചോദിച്ചുവത്രേ. നൽകിയ മൊഴിയുടെ ചുരുക്കം സ്വപ്‌ന ഉന്നതനെ അറിയിച്ചു. എൻഫോഴ്സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്താൽ എന്തെല്ലാം പറയണമെന്നതു സംബന്ധിച്ചും ഉന്നതൻ സ്വപ്‌നയ്ക്ക് നിർദ്ദേശം നൽകി. ഇതിന് സ്വപ്‌ന മറുപടിയൊന്നും തന്നെ പറഞ്ഞതുമില്ല.

ഫോൺ കൈമാറിയിട്ടില്ലെന്ന് നഴ്സുമാർ

അതേസമയം സ്വപ്‌നയ്ക്ക് ഫോൺ കൈമാറിയതായുള്ള ആരോപണം മെഡിക്കൽ കോളേജിലെ നഴ്സു‌മാർ നിഷേധിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വപ്‌നയ്ക്കൊപ്പം അഞ്ച് വനിതാ പൊലീസുകാർ ഉണ്ടായിരുന്നെന്നും അവരുടെ സാന്നിദ്ധ്യത്തിൽ മാത്രമാണ് സ്വപ്‌നയെ പരിശോധിച്ചതെന്നും നഴ്സുമാർ പറഞ്ഞു. ആശുപത്രിയിലെ ക്ളീനിംഗ് ജീവനക്കാരോ മറ്റ് ജീവനക്കാരോ ഈ സമയം വാർഡിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും നഴ്സ‌ുമാർ പറഞ്ഞു.

അനിൽ അക്കരയിൽ നിന്ന് വിവരങ്ങൾ തേടി

സ്വ‌പ്‌നയെ ആശുപത്രിയിലെത്തിച്ച ദിവസം അനിൽ അക്കര എം.എൽ.എ ആശുപത്രിയിൽ എത്തിയത് സംബന്ധിച്ചും എൻ.ഐ.എ വിവരങ്ങൾ തേടി. ആശുപത്രിയിൽ എത്തിയത് എന്തിനാണെന്ന എൻ.ഐ.എയുടെ ചോദ്യത്തിന് മറ്റേതെങ്കിലും പ്രമുഖർ ആശുപത്രിയിൽ എത്തുന്നുണ്ടോയെന്ന് അറിയാൻ വേണ്ടിയായിരുന്നു എന്നാണ് അനിൽ മറുപടി നൽകിയത്.

അതിനിടെ, പ്രമുഖരുമായി സ്വപ്‌ന നടത്തിയ ഫോൺ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ എൻ.ഐ.എ കണ്ടെത്തി. ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ചിരുന്ന ചാറ്റുകളാണ് എൻ.ഐ.എ തിരിച്ചെടുത്തത്. ഭാവിയിൽ ബ്ലാക്ക് മെയിലിംഗിന് ഉപയോഗിക്കാൻ വേണ്ടിയായിരുന്നു ഇതെന്നാണ് എൻ.ഐ.എയുടെ നിഗമനം.