ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നമുണ്ടായാൽ ഉമ്മൻചാണ്ടി അവിടെ പാഞ്ഞെത്തും. പിന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടേ മടങ്ങൂ. ഏതുപ്രതിസന്ധിയും തരണം ചെയ്യാൻ അസാധാരണ പാടവമുളള ഒരു ഭരണതന്ത്രജ്ഞനാണ് അദ്ദേഹം. 2004ലെ സുനാമി ദുരന്തംതന്നെ ഏറ്റവും നല്ല ഉദാഹരണം. നിയമസഭയിൽ അമ്പതുവർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയെ അനുസ്മരിക്കുകയാണ് കോൺഗ്രസ് നേതാവും എം പിയുമായ കെ സി വേണുഗോപാൽ.
അന്ധകാരനാഴിയിൽ മന്ത്രി കെ.ആർ. ഗൗരിഅമ്മ തിരയിൽപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫോൺ വിളി വന്നു. സുനാമി എന്ന അപൂർവ പ്രതിഭാസമാണ് ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിനാളുകൾ കൂറ്റൻ തിരമാലകളിൽപ്പെട്ട് അപകടത്തിലാണ്. അഴീക്കലിലും ആറാട്ടുപുഴയിലും സ്ഥിതി അതീവഗുരുതരം. വേണു ഉടൻ ആറാട്ടുപുഴയിലെത്തണം...' യാത്ര മാറ്റി ഞാൻ ആറാട്ടുപുഴയിലേക്ക് കുതിച്ചു. യുദ്ധക്കളം പോലെ ആറാട്ടുപുഴ. ആർത്തലച്ചെത്തിയ കൂറ്റൻതിരമാലകൾ ആ തീരഗ്രാമമാകെ നക്കിത്തുടച്ചിരിക്കുന്നു. എങ്ങും നിലവിളികൾ . തിരമാലകൾ തച്ചുതകർത്ത വീടുകളുടെ അവശിഷ്ടങ്ങൾ യുദ്ധഭൂമിയെ അനുസ്മരിപ്പിച്ചു. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചുപോയ നിമിഷങ്ങൾ. ആയിരം തെങ്ങിൽ ഒട്ടുംവൈകാതെ ഉമ്മൻചാണ്ടി എത്തി. അടിയന്തരമായി കൺട്രോൾ റൂം തുറക്കാനും സഹായങ്ങളെത്തിക്കാനും മുഖ്യമന്ത്രിയുടെ നിർദേശം. മണിക്കൂറുകൾക്കകം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ദുരന്തബാധിതരെ ആഹാരവും വസ്ത്രവുമുൾപ്പെടെ നൽകി ക്യാമ്പുകളിൽ സുരക്ഷിതരാക്കി.
കേരളം കണ്ട ഏറ്റവും വലിയൊരു തീരദേശ ദുരന്തം. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ പാടവമുള്ള ഉമ്മൻചാണ്ടിയിലെ 'ക്രൈസിസ് മാനേജർ" ഉണർന്നു. അത്തരമൊരു ദുരന്തത്തെ നേരിട്ടുളള മുൻപരിചയമില്ല കേരളത്തിന്. നിയമങ്ങളുമില്ല, കീഴ് വഴക്കങ്ങളുമില്ല. ഉമ്മൻചാണ്ടി ദിവസങ്ങളോളം ദുരന്തമുഖത്തു തന്നെ നിന്നു. കൊല്ലം ജില്ലയിലെ ആലപ്പാടു മുതൽ അഴീക്കൽ വരെ ഏതാണ്ടു ഏഴെട്ടു കിലോമീറ്ററോളം ഉമ്മൻചാണ്ടി നടന്നു. ഓരോരുത്തരെയും ആശ്വസിപ്പിച്ചു. ഇടയ്ക്ക് ആ ചെരുപ്പ് പൊട്ടിപ്പോയപ്പോഴും കാൽനടയാത്ര നിറുത്തിയില്ല. വില്ലേജ് ഓഫീസർമാർ മുതൽ ചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചു അദ്ദേഹം രാപകൽ കൂടെനിന്നു. പുനരധിവാസപ്രവർത്തനങ്ങൾക്കുള്ള നിയമതടസങ്ങൾ മറികടക്കാനും അദ്ദേഹം കാട്ടിയ ജാഗ്രതയും കൂർമ്മതയും തീരദേശ ചരിത്രത്തിന്റെ ഭാഗം കൂടിയാണിന്ന്. എത്ര വലിയ പ്രശ്നമായാലും അതിനൊരു പ്രായോഗിക പരിഹാരം അദ്ദേഹത്തിന് മുന്നിൽ തെളിയും. ഒന്നല്ലെങ്കിൽ മറ്റൊരു വഴി, അല്ലെങ്കിൽ സാദ്ധ്യമായ എല്ലാ മാർഗങ്ങളും അതിനായി തേടും. നിയമതടസങ്ങളുണ്ടെങ്കിൽ അത് മറികടക്കാൻ നിയമത്തെ പൊളിച്ചെഴുതും. അതാണ് ഉമ്മൻ ചാണ്ടിയുടെ രീതി.