തിരുവനന്തപുരം: പ്രളയത്തിന്റെ പേരിൽ യു.എ.ഇയിൽ നിന്ന് 140 കോടി സമാഹരിച്ചെന്നും അത് മതഗ്രന്ഥങ്ങളുടെ മറവിൽ കേരളത്തിലെത്തിച്ചെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചു. 2018ലെ പ്രളയത്തിന്റെ ചിത്രങ്ങളും സർക്കാരിന്റെ അഭ്യർത്ഥനയും ഉപയോഗിച്ച് കോൺസുലേറ്റിന്റെ പേരിലായിരുന്നു പണപ്പിരിവ്.
മുഖ്യമന്ത്രി യു.എ.ഇ സന്ദർശിച്ചപ്പോൾ 700 കോടിയുടെ സഹായ വാഗ്ദാനം ലഭിച്ചെങ്കിലും കേന്ദ്രസർക്കാർ തടഞ്ഞതിനാൽ സ്വീകരിക്കാനായില്ല. ഇതിനുപിന്നാലെയാണ് ധനസമാഹരണം നടന്നത്. തുക പ്രളയ പുനർനിർമ്മാണത്തിനെന്ന പേരിൽ സന്നദ്ധസംഘടനകൾക്ക് കൈമാറിയെന്നാണ് പറയുന്നത്. യു.എ.ഇ സർക്കാരിന്റെ അനുമതി ഇല്ലാതെയായിരുന്നു ഇടപാടുകൾ. ഇതേക്കുറിച്ച് ഇ.ഡിയും എൻ.ഐ.എയും വിശദമായ അന്വേഷണം നടത്തുകയാണ്. മതഗ്രന്ഥങ്ങളുടെ മറവിൽ വിദേശ കറൻസി കടത്തിയെന്ന ആരോപണം ഉയരുകയും മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തതോടെ സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്ത വേളയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
തുകയുടെ ഒരു പങ്ക് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ കോൺസുലേറ്റിന്റെ ചാരിറ്റി (ജീവകാരുണ്യ) അക്കൗണ്ടിലൂടെ എത്തിച്ചു. വടക്കാഞ്ചേരി ലൈഫ് പദ്ധതിക്കുള്ള 20 കോടിയും ഇതിൽപ്പെടും. ശേഷിച്ച തുകയിൽ നല്ലൊരു പങ്ക് മതഗ്രന്ഥങ്ങളുടെ മറവിലും കടത്തിയെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ.
വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട്ടെ മതസംഘടനയ്ക്ക് ഇതിൽ 40 കോടി ലഭിച്ചെന്ന് അറിവായി. മന്ത്രി ജലീലുമായി അടുപ്പമുള്ള സംഘടനയാണിത്. വിദേശസഹായം സ്വീകരിക്കാനുള്ള അവരുടെ എഫ്.സി.ആർ.എ അക്കൗണ്ടുവഴിയും പണം എത്തിയതായി സൂചനയുണ്ട്. ഇതിനു പിന്നാലെ സംഘടനയുടെ സ്കൂളിന്റെ ഐ.ടി കൺസൾട്ടൻസി അഞ്ചുകോടി രൂപയ്ക്ക് ബംഗളൂരുവിലെ സ്ഥാപനത്തിന് ലഭിച്ചതായി ഇ.ഡി കണ്ടെത്തി.
അതിലും സ്വപ്നയുടെ ബുദ്ധി
കോൺസുലേറ്റിന്റെ ചാരിറ്റി അക്കൗണ്ട് യു.എ.ഇയുടെ അനുമതിയില്ലാതെ പരിശോധിക്കാൻ കഴിയില്ലെന്ന പഴുതാണ് സ്വപ്നയും സംഘവും മുതലെടുത്തത്.ഈജിപ്തുകാരനും കോൺസുലേറ്റിലെ ഫിനാൻസ് ഓഫീസറുമായിരുന്ന ഖാലിദും സ്വപ്നയും ചേർന്നായിരുന്നു ചാരിറ്റി അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്.ലൈഫ് പദ്ധതിയുടെ ആദ്യഗഡുവായ 3.2കോടി അതേപടി കമ്മിഷനായി ഖാലിദിന് നൽകിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. രണ്ടാംഗഡുവിൽ നിന്ന് പ്രതി സന്ദീപിന്റെ ഐസോമോങ്ക് കമ്പനിയുടെ ആക്സിസ് ബാങ്കിലെ അക്കൗണ്ടിലേക്ക് 75ലക്ഷം മാറ്റിയെന്നും കണ്ടെത്തി.