swapna-suresh

തൃശൂർ: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത് വനിതാ പൊലീസുകാർ. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സിറ്റി പൊലീസിലെ ആറ് വനിതാ പൊലീസുകാർക്കെതിരെ കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചു. കൗതുകത്തിനാണ് സെൽഫിയെടുത്തതെന്നാണ് പൊലീസുകാർ നൽകുന്ന വിശദീകരണം.

നെഞ്ചുവേദനയുമായി ആദ്യത്തെ തവണ ആശുപത്രിയിലെത്തിയപ്പോഴാണ് സ്വപ്നയ്ക്കൊപ്പം പൊലീസുകാർ സെൽഫിയെടുത്തത്. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്തു. ഒരാഴ്ച മുമ്പ് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആറ് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ സമയത്താണ് സെൽഫിയെടുത്തതെന്നാണ് സൂചന.

അതേസമയം, സ്വപ്ന സുരേഷ് ചികിത്സയിൽ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങൾ എൻ.ഐ.എ പരിശോധിക്കുകയാണ്. വിശദമായ പരിശോധന നടത്തി ആശുപത്രിയിൽ നിന്ന് പൂർണ ആരോഗ്യവതിയായി മടങ്ങിയ സ്വപ്ന തൊട്ടടുത്ത ദിവസം തന്നെ നെഞ്ചുവേദന എന്ന് പറഞ്ഞ് വീണ്ടും ആശുപത്രിയിൽ എത്തിയതിൽ അസ്വാഭാവികത ഉണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.