covid-vaccine

ബെയിജിംഗ്: ലോകത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 2.94 കോടി കടന്നിരിക്കുകയാണ്. കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്ക് വേണ്ടിയുളള പരീക്ഷണങ്ങള്‍ നിരവധി രാജ്യങ്ങളില്‍ തുടരുന്നു. ഇതിനിടെ ചെെനയുടെ കൊവിഡ് വാക്സിൻ നവംബറിൽ എത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പൊതുജനങ്ങൾക്കായി നവംബർ ആദ്യംതന്നെ ഉപയോഗിക്കാൻ തയ്യാറാകുമെന്നും ചെെനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ(സി ഡി സി) ഉദ്യോഗസ്ഥർ പറഞ്ഞു.

ചെെനയുടെ നാല് കൊവിഡ് വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാനഘട്ടത്തിലാണ്. ജൂലായിൽ ഇവയിൽ മൂന്നെണ്ണം ആവശ്യമായവർക്ക് ഇതിനകം തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്നാംഘട്ട പരീക്ഷണങ്ങൾ സുഗമമായി നടക്കുകയാണെന്നും നവംബർ ആല്ലെങ്കിൽ ഡിസംബറിൽ വാക്സിനുകൾ പൊതുജനങ്ങൾക്കായി തയ്യാറാകുമെന്നും സി ഡി സി ചീഫ് ബയോ സേഫ്റ്റി വിദഗ്ദ്ധ ഗുയിസെൻ വു പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സ്വയം ഒരു പരീക്ഷണാത്മക വാക്സിൻ എടുത്തെന്നും അടുത്ത മാസങ്ങളിൽ തനിക്ക് അസാധാരണമായ ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടില്ലെന്നും വു പറഞ്ഞു. എന്നാൽ ഏത് വാക്സിനാണ് അതെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.

ഫാർമസ്യൂട്ടിക്കൽ ഭീമനായ ചെെന നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പും(സിനോഫാം) സിനോവാക് ബയോടെക് എസ് വി എ ഒയും അടിയന്തര ഉപയോഗ പദ്ധതി പ്രകാരം മൂന്ന് വാക്സിനുകൾ വികസിപ്പിക്കുന്നുണ്ട്. കാൻസിനോ ബയോളജിക്സ് 6185.എച്ച് കെ വികസിപ്പിച്ച നാലാമത്തെ വാക്സിന് ജൂണിൽ അംഗീകാരം നൽകിയിരുന്നു.

മൂന്നാംഘട്ട പരീക്ഷണങ്ങൾ അവസാനിച്ചതിന് ശേഷം ഈ വർഷം അവസാനത്തോടെ വാക്സിൻ പൊതുജനങ്ങൾക്കായി തയ്യാറാകുമെന്ന് ജൂലായിൽ സിനോഫോം അറിയിച്ചിരുന്നു.