തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ഭവന നിർമ്മാണത്തിന് യു.എ.ഇ ഭരണാധികാരി അദ്ധ്യക്ഷനായ റെഡ് ക്രസന്റ് നൽകിയ 20 കോടിയിൽ നിന്ന് സ്വർണക്കടത്തിലെ പ്രതി സ്വപ്നയും സംഘവും 4.25 കോടി തട്ടിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസിന്റെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച കൊച്ചിയിലായിരുന്നു ജോസിന്റെ മൊഴി ഇ.ഡി രേഖപ്പെടുത്തിയത്. എന്നാൽ, രഹസ്യമായി വച്ചിരുന്ന ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ ഇന്നാണ് പുറത്തായത്.
കരാർ സംബന്ധിച്ച വിശദാംശങ്ങൾ, ഇടനിലക്കാർ ആരൊക്കെ, കരാർ തുക എത്ര തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യങ്ങളാണ് ജോസിനോട് ഇ.ഡി തേടിയത്. വിദേശസഹായം സ്വീകരിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി വേണമെന്നതടക്കമുള്ള മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും ഇ.ഡി ചോദിച്ചു. 20 കോടിയുടെ വിദേശസഹായം പദ്ധതിയുടെ ഫയൽ മുഖ്യമന്ത്രിയും മന്ത്രിസഭയും അറിഞ്ഞിരുന്നുവെന്നോയെന്നും ജോസിനോട് ഇ.ഡി ആരാഞ്ഞു. ധാരണാപത്രമുള്ള സ്ഥിതിക്ക് നിർമ്മാണത്തിന്റെ ഡിസൈൻ, ഡ്രായിംഗ്, എസ്റ്റിമേറ്റ് എന്നിവ സംബന്ധിച്ച രേഖകൾ ലൈഫ് മിഷന്റെ കൈവശമുണ്ടോയെന്നും ചോദിച്ചു.
റെഡ് ക്രസന്റുമായി ലൈഫ് പദ്ധതിയുടെ ധാരണാപത്രം കഴിഞ്ഞവർഷം ജൂലായിൽ ഒപ്പിട്ടത് ജോസാണ്. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും എം.ശിവശങ്കറും കോൺസുലേറ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന് ഒരുകോടി രൂപ കമ്മിഷൻ നൽകിയതായി പദ്ധതിയുടെ കരാറെടുത്ത യൂണിടാക് കമ്പനി ഉടമ എൻ.ഐ.എയോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.