തിരുവനന്തപുരം: നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന അരുവിക്കരയിൽ വൈദ്യുതി തടസത്തെ തുടർന്ന് പമ്പിംഗ് തടസപ്പെട്ടതിനാൽ നഗരത്തിൽ ജലവിതരണം മുടങ്ങിയതോടെ ജനം വലഞ്ഞു. പുലർച്ചെ 4 മണിയോടെയാണ് അരുവിക്കരയിലെ കെ.എസ്.ഇ.ബിയുടെ ലൈനിൽ അപ്രതീക്ഷിതമായി വൈദ്യുതി തകരാറുണ്ടായത്. ഇതോടെ അരുവിക്കരയിലെ 86, 74 പ്ളാന്റുകളിൽ നിന്നുള്ള പമ്പിംഗ് തടസപ്പെട്ടു. ഇതിനിടെ 72 എം.എൽ.ഡി പ്ളാന്റിന്റെ ഫ്യൂസ് തകരാറിലാവുകയും ചെയ്തതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആറുമണിയോടെ കുടിവെള്ളം മുടങ്ങി. കുടിക്കാനും കുളിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും വെള്ളം ലഭിക്കാതെ വന്നതോടെ ജനം അക്ഷരാർത്ഥത്തിൽ ബുദ്ധിമുട്ടി. ഓഫീസിൽ പോകേണ്ടവരും വലഞ്ഞു. 7.30 ഓടെ വൈദ്യുതി പുന:സ്ഥാപിച്ച് 86, 74 എം.എൽ.ഡി പ്ളാന്റുകൾ പ്രവർത്തിച്ചു
തുടങ്ങിയെങ്കിലും പേട്ട അടക്കമുള്ള നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം ലഭിക്കാൻ പിന്നെയും വൈകി. 72 എം.എൽ.ഡി പ്ളാന്റിലെ ഫ്യൂസിന്റെ തകരാർ പരിഹരിച്ചു വരികയാണെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.