sarathlal-kripesh

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകം സി.ബി.ഐയ‌്‌ക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാനം. ഇതുമായി ബന്ധപ്പെട്ട കത്ത് സംസ്ഥാനസർക്കാർ സുപ്രീംകോടതിക്ക് കൈമാറി. അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.

കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണം സി.ബി.ഐയ്‌ക്ക് കൈമാറണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് നേരത്തെ ശരിവച്ചിരുന്നു. എന്നാൽ, സിംഗിൾ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമായി ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് ഡിവിഷൻ ബെഞ്ച് പുന:സ്ഥാപിച്ചു. അപ്പോൾ ക്രൈംബ്രാഞ്ചിന്റെ നടപടിയിൽ പിഴവില്ലെങ്കിൽ എന്തിന് സി.ബി.ഐ അന്വേഷണമെന്നാണ് സുപ്രീം കോടതിയിൽ സർക്കാർ ഉന്നയിച്ചിട്ടുള്ള ചോദ്യം.

ഇതുവരെയുള്ള അന്വേഷണത്തിൽ പിഴവില്ലാത്തപ്പോൾ, ഇനിയുള്ള നടപടികൾ തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണ്. അന്വേഷണം സി.ബി.ഐക്ക് വിടാമെന്ന് തീരുമാനിക്കുമ്പോൾ, ഫലത്തിൽ, വിചാരണക്കോടതിയുടെ അധികാരത്തിൽ കൈകടത്തുകയാണ് ഹൈക്കോടതി ചെയ്യുന്നതെന്നാണ് സർക്കാർ ആരോപിക്കുന്നത്. ഹൈക്കോടതിയിൽ സർക്കാരിനുവേണ്ടി ഹാജരായ മനീന്ദർ സിംഗാവും സുപ്രീം കോടതിയിലും ഹാജരാവുക.