ആലപ്പുഴ: അമ്മയുടെ കൈയിൽ നിന്ന് വഴുതി കടലിൽവീണ് കാണാതായ രണ്ടരവയസുകാരന്റെ മൃതദേഹം ലഭിച്ചു. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റെയും അനിതയുടെയും മകൻ ആദികൃഷ്ണയുടെ മൃതദേഹമാണ് ഇന്ന് ലഭിച്ചത്. ഇ എസ് ഐ ജംഗ്ഷനു സമീപത്തെ കടൽത്തീരത്ത് കഴിഞ്ഞ 13 നായിരുന്നു സംഭവം. സെൽഫി എടുക്കുന്നതിനിടെയാണ് അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞ് വഴുതി കടലിൽ വീണത്.
തൃശൂർ ചുവന്നമണ്ണ് പൂവൻചിറയിലുള്ള തന്റെ വീട്ടിലെത്തി സഹോദരന്റെ കല്യാണത്തിൽ പങ്കെടുത്തശേഷം അമ്മയുടെ അനുജത്തിയുടെആലപ്പുഴ ചാത്തനാട്ടെ വീട്ടിൽ വന്നതായിരുന്നു അനിതയും മക്കളും. കടൽ കാണിക്കാൻ അമ്മയുടെ അനുജത്തിയുടെ ഭർത്താവ് ബിനുവാണ് അനിതയെയും മക്കളായ അഭിനവ് കൃഷ്ണൻ, ആദി കൃഷ്ണൻ, സഹോദര പുത്രനായ ഹരികൃഷ്ണൻ എന്നിവരെ കൊണ്ടുപോയത്. സാധാരണ സന്ദർശകർ എത്തിച്ചേരാത്ത ഭാഗത്താണ് ബിനു കുട്ടികളെയും കൊണ്ടുവന്നത്. തുടർന്ന് അര മണിക്കൂറോളം തീരത്ത് കളിച്ചു. ഇതിനിടെ കാറിനടുത്തേക്ക് പോയ ബിനു തിരികെ വരുമ്പോൾ ആദി കൃഷ്ണ തിരമാലയിൽപ്പെടുന്നതു കണ്ടു.
കരയിലേക്കു തെറിച്ചുവീണ കുട്ടിയെ ബിനു ഓടിയെത്തി എടുത്തെങ്കിലും വീണ്ടും കൂറ്റൻ തിരമാല വന്നതോടെ കുഞ്ഞ് വീണ്ടും കൈയിൽ നിന്ന് തെറിച്ചുപോവുകയായിരുന്നു. പൊലീസും ലൈഫ് ഗാർഡും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും എത്തിയെങ്കിലും ശക്തമായ തിരയും ഒഴുക്കും കാരണം കാര്യമായ തിരച്ചിൽ നടത്താനായില്ല.