പഴയകാല അപൂർവ മലയാള സിനിമ, നാടക, മാപ്പിള ഗാനങ്ങളുടെ വൈവിദ്ധ്യമാർന്ന ഓഡിയോ കാസറ്റുകളുടെ അപൂർവശേഖരം നിധി പോലെ സൂക്ഷിക്കുന്ന മലപ്പുറം സ്വദേശി ഖാദറിന്റെ സംഗീത ജീവിതം
ഒരു കാലഘട്ടത്തിൽ മധുരതമായ സംഗീതം കതോർത്ത് അപൂർവമായ റേഡിയോയ്ക്ക് ചുറ്റും അങ്ങാടിയിലും തെരുവോരങ്ങളിലും ആളുകൾ കൂട്ടം കൂടിയിരുന്നു. പല കുട്ടികൾക്കും അക്കാലത്ത് ഇന്നത്തെ പോലെ വീട്ടിൽ നിന്നും സ്വതന്ത്രരായി വെളിയിലിറങ്ങാൻ അനുവാദമില്ലാത്ത കാലം. സംഗീതാസ്വാദനം പലർക്കും അന്യമായിരുന്ന അക്കാലത്താണ് പാട്ടിന്റെ ഹരം നെഞ്ചിലേറ്റി മലപ്പുറം ജില്ലയിലെ കോഡൂർ വടക്കേമണ്ണ സ്വദേശിയായ കൊഴിഞ്ഞിപ്പറമ്പിൽ അബ്ദുൽ ഖാദർ എന്ന ബാലൻ തന്റെ സംഗീത സപര്യക്ക് തുടക്കം കുറിക്കുന്നത്. വളരെ ദൂരെ നിന്നു തന്നെ ഉച്ചഭാഷിണിയിലൂടെ അവ്യക്തമായി ഒഴുകിയെത്തുന്ന ഗാനങ്ങൾ ഖാദറിന് ആവേശമായിരുന്നു. പിന്നീട് മുതിർന്നപ്പോൾ റേഡിയോ ഒരു ആഡംബര വസ്തുവായി ഉന്നതന്മാരുടെ സ്വീകരണ മുറികളിൽ അലങ്കരിച്ചിരുന്നപ്പോൾ അവരറിയാതെ പാട്ട് കേൾക്കാൻ അവരുടെ കനിവ് കാത്തു നിൽക്കുകയും സ്വന്തമായി വീട്ടിലിരുന്ന് സംഗീതം ആസ്വദിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുകയും ചെയ്തു.
കാലം മാറിയതോടെ ശാസ്ത്ര സങ്കേതിക രംഗത്തുണ്ടായ അത്യപൂർവനേട്ടങ്ങളുടെ ഭാഗമായി സംഗീത രംഗത്തും നൂതന സങ്കേതിക ഉപകരണങ്ങൾ കൈവന്നതോടെ ഓഡിയോ റെക്കാർഡ് പ്ലയറും ഓഡിയോ കാസറ്റും പിറവിയെടുത്തതോടുകൂടി ഖാദറിന്റെ സംഗീത സ്വപ്നങ്ങൾക്ക് ഒരു പുതിയ വഴിത്തിരിവായി. അങ്ങനെ പഴയ കാല അപൂർവ മലയാള സിനിമ, നാടക, മാപ്പിള ഗാനങ്ങളുടെയും മറ്റ് ഇതര ഭാഷാഗാനങ്ങളുടെയും വൈവിദ്ധ്യമാർന്ന ഓഡിയോ കാസറ്റുകൾ ഖാദർ ശേഖരിക്കാൻ തുടങ്ങി.
1940 മുതൽ കാലം തൊട്ടുള്ള പാട്ടുകളുടെ കാസറ്റ് തൊട്ടുള്ള ശേഖരത്തിൽ അത്യപൂർവങ്ങളായ വ്യത്യസ്ത മാസ്റ്റർ കോപ്പികൾ മാത്രമുള്ള ആറായിരത്തിൽ പരം ഓഡിയോ കാസറ്റുകൾ കേടുപാടുകൾ കൂടാതെ ഖാദറിന്റെ ശേഖരത്തിലുണ്ട്. ഓരോ കോപ്പിയും മാസ്റ്റർ കോപ്പിയാണെന്നതാണ് ഏറെ പ്രത്യേകത. വളരെ ചെറുപ്പകാലത്ത് തന്നെ അനുകരിച്ച സംഗീതാവേശം 1970നു ശേഷമാണ് ഓഡിയോ കാസറ്റ് ശേഖരത്തിലേക്ക് വഴിയൊരുക്കിയത്. എല്ലാവരും ഇക്കാലത്ത് അവഗണിച്ച ് കൊണ്ടിരിക്കുന്ന ഓഡിയോ കാസറ്റുകൾ ശേഖരിച്ച് വേറിട്ട പാതയിലൂടെ ഖാദർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നു. ആദ്യകാലങ്ങളിൽ മുഹമ്മദ് റാഫിയുടെ തുടക്കം മുതലുള്ള ഗാനങ്ങൾ, മുഹമ്മദ് റാഫിയുടെ കാലഘട്ടത്തിലുണ്ടായിരുന്ന അരുൺ കുമാർ, അദ്ദേഹത്തിന്റെ ഗാനങ്ങൾ റാഫി ഗാനങ്ങൾ പ്രചാരം നേടിയതോടെ അപ്രസക്ത ഗാനങ്ങളായി, എങ്കിലും അരുൺ കുമാറിന്റെ പല പാട്ടുകളടങ്ങിയ കാസറ്റുകളും ഖാദറിന്റെ ശേഖരത്തിലുണ്ട്. നൂർജഹാൻ, ഷംസാദ് ബീഗം, സൊഹ്റാബായ് അമ്പാല, അമീർബായ് കർണാട്ട്കി- അരുൺ കുമർ, മുഹമ്മദ് റാഫി, മുകേഷ് എന്നവർ പാടിയിരുന്ന പല പാട്ടുകളും സ്വന്തമായി ശേഖരിക്കാൻ കഴിയുമെന്ന് തികച്ചും സാധാരണക്കാരനായ ( കൂലിപ്പണിക്കാരൻ) അബ്ദുൽ ഖാദർ സ്വപ്നേപി നിനച്ചിരുന്നില്ല.
കാലക്രമത്തിൽ ഓഡിയോ പ്ലയർ പ്രചുര പ്രചാരത്തിൽ വന്നപ്പോൾ പഴയ കാല പാട്ടുകളുടെ ഓഡിയോ കാസറ്റുകൾ ശേഖരിക്കാൻ കഴിഞ്ഞതിൽ ഖാദറിന് സംതൃപ്തിയുണ്ട്. മൂന്നര മിനിട്ട് ദൈർഘ്യമുള്ള ഒരു ഗാനം പാകപ്പെടുത്തിയെടുക്കാൻ ആഗാനത്തിന്റെ അണിയറ ശിൽപ്പികൾക്ക് മാസങ്ങളുടെ കഠിന പ്രയത്നം വേണ്ടിവന്നിരിക്കാം എന്നാണ് ഖാദറിന്റെ അഭിപ്രായം. അങ്ങനെ നോക്കുമ്പോൾ പാടിയവരെക്കാളേറെ ആ ഗാനത്തിന്റെ അണിയറ പ്രവർത്തകർക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. ആദ്യകാലങ്ങളിലെ മലയാള സിനിമാ ഗാനങ്ങൾ മാത്രമല്ല മാപ്പിളപ്പാട്ടുകൾ പോലും പാടിയിറങ്ങിയിരുന്നത് ഹിന്ദി ട്യൂണിനെ അനുകരിച്ചായിരുന്നു. അനുകരിക്കുക, അനുസരിക്കുക, സ്വയം ചരിക്കുക അതാണല്ലോ പതിവ്. മാപ്പിളപ്പാട്ടിന്റെ പ്രിയ ഗായകൻ കെ. ജി. സത്താർ പോലും ആദ്യ ഗാനം പാടിയത് ഹിന്ദി ട്യൂണിലാണ്. പരദേശി എന്ന സിനിമയിൽ അമീർഭായ് കർണാട്ടകി പാടിയ
'ഹലേ ഹേ..... മുഹോബത്ത്ക്കാ-
നാ പ്യാര് കിയാഹോത്താ..."
ഈ ഗാനം സത്താർ തന്റെ ഇളം പ്രായത്തിൽ പാടിയത്-
'അഹദേ നബി മഹ്മൂദരിൽ
നാം ആർത്തികെണ്ടേ നനേ..."
ഇപ്രകാരം നോക്കുമ്പോൾ മാപ്പിളപ്പാട്ടിനെയും ഹിന്ദി ട്യൂൺ സാരമായി ബാധിച്ചത് കാണാം. പൂർവകാല മലയാള സിനിമാ ഗാനങ്ങളും മിക്കവയും ഇതുപോലെ ഹിന്ദി ട്യൂൺ അനുകരിച്ച് വന്ന പാട്ടുകളായിരുന്നു വെന്ന് ഖാദർ സാക്ഷ്യപ്പെടുത്തുന്നു. 1950 ൽ ഇറങ്ങിയ അമ്മ, പൊൻകതിർ, ആശാദീപം, തിരമാല, ശരിയോ തെറ്റോ എന്നിവയിലെ ഗാനങ്ങളും അറുപതികളിൽ ഇറങ്ങിയ നീലക്കുയിൽ, ഉമ്മ, നാടോടികൾ, മൂലധനം എന്നിവയിലടക്കമുള്ള ഗാനങ്ങളടങ്ങിയ കാസറ്റുകളുടെ മാസ്റ്റർ കോപ്പികൾ അദ്ദേഹം നിധിപോലെ സൂക്ഷിക്കുന്നു. മിക്ക ദിവസങ്ങളിലും കാസറ്റ് ഗാനങ്ങൾ കേൾക്കുകയും ഓരോ ഗാനത്തിന്റെയും രചന, ഈണം നൽകിയവർ, സിനിമ തുടങ്ങിയവ രേഖപ്പെടുത്തി വയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നു. 1953 ൽ ഇറങ്ങിയ മലയാള ചിത്രമായ 'വിശപ്പിന്റെ വിളി" എന്ന ചിത്രത്തിലെ- 'ഏഴ് സുന്ദര സത്യം തുറന്ന സത്യ ധർമ്മ രധയ്ക്കു പൂക്കുവാൻ" എന്ന് തുടങ്ങുന്ന ഗാനവും 1950 ൽ ഇറങ്ങിയ മലയാള ചിത്രമായ ശശിധരനിലെ 'നീ എൻ ചന്ദ്രനേ ഞാൻ നിന്ന് ചന്ദ്രിക" - എന്ന ഗാനവും, ഗുൽ മുഹമ്മദും സുഹ്റാബായിയും ഒന്നിച്ച് പാടിയ 'കുരുത്തക്കേടു കൊണ്ടടുത്ത വീട്ടിൽ ചെന്നിരിക്കും വായാടിപ്പെണ്ണേ" എന്ന പാടും, സി.എ അബൂബക്കർ, കെ. ആർ ബാലകൃഷ്ണന്റെ രചനയിൽ പാടിയ 'തങ്കത്തരിവള ഗാനമുയർത്തും മങ്കേ നീ ചില പാട്ടുകൾ പാടൂ" പ്രശസ്തനായ ബാബുരാജ് സുബൈദ എന്ന സിനിമയിൽ പാടിയ 'പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത് കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ", എന്ന അനുഭവ തീവ്രമായ ഗാനമടക്കം ഒട്ടുമിക്ക പഴയകാല ഗാനങ്ങളടങ്ങിയ ഓഡിയോകളും അബ്ദുൽ ഖാദറിന്റെ അപൂർവശേഖരത്തിലുണ്ട്. ബാബുരാജ് സംഗീതം നൽകിയ ഗാനങ്ങളും വി. എം. കുട്ടി, നിലമ്പൂർ ആയിഷ, ജാനകി, സുശീല, ചിത്ര, യേശുദാസ് തുടങ്ങീ പ്രമുഖ ഗായകരുടെയും ഗാനങ്ങളടങ്ങിയ വൈവിദ്ധ്യമാർന്ന ശേഖരങ്ങളാണ് ഖാദറിന്റെ വീട്ടിൽ മറ്റെന്തിനേക്കാളുമേറെ അലങ്കരിക്കുന്നത്. പാട്ട് മാറിപ്പോയ കാലത്തിലും പഴയ ഓഡിയോ പ്ലയറും കാസറ്റുകളും ശേഖരിച്ച് രണ്ടു പെൺമക്കളും ഒരു മകനും ഭാര്യയുമടങ്ങുന്ന കുടുംബത്തിനൊപ്പം സാധാരണ ജീവിതം നയിക്കുന്ന ഖാദർ ജീവിത ബുദ്ധിമുട്ടുകൾക്കിടയിലും മറ്റാർക്കും ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത അമൂല്യങ്ങളായ ഒട്ടനവധി ഗാനശേഖരങ്ങളുമായി സംഗീതാസ്വാദനത്തിന്റെ പുതിയ പ്രത്യാശയുമായി വേറിട്ട മേച്ചിൽ പുറങ്ങൾ തേടുകയാണ്.