തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനും ഇ.പി.ജയരാജനും എതിരായ ശക്തമായ പ്രതിഷേധങ്ങളാണ് നാലാം ദിവസമായ ഇന്നും സംസ്ഥാനത്തുടനീളം ഉണ്ടാകുന്നത്. സെക്രട്ടറിയേറ്റിന് മുൻപിൽ പൊലീസ് ബാരിക്കേഡ് കടന്ന് മുന്നേറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടർന്ന പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സ്ഥലത്ത് അക്ഷരാർത്ഥത്തിൽ തെരുവ് യുദ്ധമായിരുന്നു. ഷാഫി പറമ്പിൽ എം.എൽ.എ, യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ ശബരീനാഥൻ എം.എൽ.എ എന്നിവരെ ഉൾപ്പടെ പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. സെക്രട്ടറിയേറ്റ് നടയിൽ യുവമോർച്ച നടത്തിയ ശക്തമായ പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഒരു പ്രവർത്തകന്റെ കണ്ണിന് പരുക്കേറ്റിട്ടുണ്ട്.പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
പാലക്കാടും യുവമോർച്ച നടത്തിയ പ്രതിഷേധത്തിൽ പൊലീസുമായി ഉന്തും തളളുമുണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. കോഴിക്കോട് കളക്‌ടറേറ്റിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർ പൊലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതാണ് സംഘർഷമായത്.
കണ്ണൂരിൽ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിൽ മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തെ തുടർന്ന് സന്ദീപ് വാര്യരെ അറസ്‌റ്റ് ചെയ്‌തു.