ന്യൂഡൽഹി: പാണക്കാട് തങ്ങൾ പറഞ്ഞാൽ രാജിവയ്‌ക്കാമെന്ന കെ.ടി ജലീലിന്റെ പ്രസ്‌താവന സ്വർണക്കടത്ത് കേസിലെ ചർച്ചകൾ വഴി തിരിച്ചു വിടാനുള്ള തന്ത്രമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. നയതന്ത്രബാഗേജുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ.ടി ജലീൽ രാജിവച്ചൊഴിയണമെന്ന നിലപാടിൽ ഉറച്ച് തന്നെയാണ് നിൽക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിനൊപ്പം സ്വർണം കൊണ്ട് വന്നോ എന്നതാണ് പ്രശ്‌നം. ജലീൽ രാജിവയ്‌ക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
സംസ്ഥാനത്തെ മന്ത്രി മാത്രമല്ല മന്ത്രിസഭ തന്നെ പ്രശ്നത്തിലാകുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ഒരോ ദിവസം പുതിയ മന്ത്രിമാരുടെ പേരുകൾ പുറത്തു വരുന്നു. എന്താണ് ഇവർ നടത്തിയതെന്ന് കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മന്ത്രി കെ.ടി.ജലീലിനെതിരെ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുകയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും വിവിധ സംഘടനകൾ നടത്തുന്ന മാർച്ച് തുടരുകയാണ്.