ladakh

ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയിലെ വിവിധയിടങ്ങൾ നടത്തിയ കൈയേ‌റ്റ ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടതോടെ പുതിയ തന്ത്രങ്ങളുമായി ചൈന. യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്നയിടങ്ങളിൽ അതിവേഗ ആശയ വിനിമയത്തിനായി ഓപ്‌റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുകയാണ് ചൈനീസ് പട്ടാളം. ഇതിലൂടെ ലഡാക്കിലെ പാങ്‌ഗോംഗ് ത്സോയിൽ ചൈനീസ് സൈനികർക്ക് അതിവേഗം ആശയവിനിമയം സാദ്ധ്യമാകുന്നുണ്ടെന്ന് ഇന്ത്യൻ സേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഒരു മാസത്തോളം നീണ്ട സംഘർഷം ഇന്ത്യ -ചൈന സൈനികർ തമ്മിൽ നിലനിന്ന മേഖലയാണിവിടം. മുൻപ് പാങ്‌ഗോംഗ് ത്സോ തടാകത്തിന്റെ വടക്കൻ ഭാഗത്ത് ഇത്തരം കേബിളുകൾ ഇന്ത്യ കണ്ടെത്തിയിരുന്നു. അതിർത്തിയിലെ ചിത്രങ്ങളും വിവരങ്ങളും അതിവേഗം കൈക്കലാക്കാൻ ചൈനക്ക് ഇതിലൂടെ കഴിയും. ഇന്ത്യ റേഡിയോയിലൂടെയാണ് അതിർത്തി കാര്യങ്ങൾ പരസ്‌പരം സംസാരിക്കുക.

കഴിഞ്ഞ ഏപ്രിൽ മേയ് മാസങ്ങളിൽ ഇന്ത്യ- ചൈന അതിർത്തിയിലെ വിവിധ പ്രദേശങ്ങളെ ചൊല്ലിയുള‌ള തർക്കം ഉച്ചസ്ഥായിയിലെത്തിയിരുന്നു.ഗാൽവൻ വാലി, ഫിംഗർ ഏരിയ,ഹോട്ട് സ്‌പ്രിംഗ്സ്, കോങ്റുംഗ് നാല എന്നിവിടങ്ങളിലാണ് പ്രശ്‌നങ്ങളുണ്ടായത്. തുടർന്ന് ജൂൺ 15-16 തീയതികളിൽ ഗാൽവൻ വാലിയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യയുടെ ഒരു കേണൽ ഉൾപ്പടെ 20 സൈനികരാണ് വീരമ്യുത്യു വരിച്ചത്. ഗാൽവൻ സംഭവശേഷം ഇന്ത്യ-ചൈന ഉന്നതോദ്യോഗസ്ഥർ തമ്മിൽ സമാധാനത്തിനായി വിവിധ റൗണ്ട് ചർച്ചകൾ നടത്തിയെങ്കിലും ലഡാക്കിലെ പ്രശ്‌നബാധിത മേഖലകളിൽ നിന്ന് ചൈനീസ് സേന പൂർണമായും പിന്മാറിയിട്ടില്ല. ഗാൽവനിൽ നിന്ന് സേനയെ പിൻവലിച്ചെങ്കിലും പാങ്‌ഗോംഗ് ത്സോയിലും ഡെപ്‌സാംഗിലുമുള‌ള സേനകളെ പിൻവലിച്ചിട്ടില്ല.

കഴിഞ്ഞയാഴ്‌ചയിൽ മന്ത്രിതലത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ മോസ്‌കോയിൽ നടന്ന ചർച്ചയിൽ അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കാൻ ഉഭയസമ്മതപ്രകാരം തീരുമാനമായിരുന്നു.