കാസർകോട്: ജുവല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന എം സി ഖമറുദീൻ എൽ എൽ എയെ കേസിൽ നിന്ന് രക്ഷിക്കാനുള്ള പുറപ്പാടിൽ ലീഗ് നേതൃത്വം. എന്നാൽ ഫാഷൻ ഗോൾഡ് ജുവലറിയുടെ ആസ്തിയും സ്വത്തുവകകളും വിറ്റ് ഖമറുദീൻ എം എൽ എയുടെ കടബാദ്ധ്യത തീർക്കണമെന്ന മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നടപ്പിലാക്കുക എളുപ്പമല്ലെന്നാണ് സൂചന. ലീഗ് നേതൃത്വം മദ്ധ്യസ്ഥനായി നിശ്ചയിച്ച പാർട്ടി കാസർകോട് ജില്ലാ ട്രഷറർ ആസ്തികൾ കണക്കാക്കുന്നതിനുള്ള നടപടികൾ ഇതിനകം തുടങ്ങിയിട്ടുണ്ട്.
എന്നാൽ ജുവലറിയുടെ പേരിൽ കാര്യമായി ആസ്തികളൊന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. നിലവിലുണ്ടായിരുന്ന ആസ്തികൾ വിൽപ്പന നടത്തുകയോ പണയം വയ്ക്കുകയോ ചെയ്തിട്ടുണ്ട്. എം.എൽ.എയുടെ പേരിൽ കോടികളുടെ സ്വത്തുവകകളും നിലവിലില്ല. മറ്റേതെങ്കിലും വിധത്തിൽ പണം കണ്ടെത്തി കേസുകൾ ഒത്തുതീർപ്പിലെത്തിക്കാൻ കഴിയുമോയെന്നാണ് ഇപ്പോൾ നേതൃത്വം ആലോചിക്കുന്നത്.
എം.എൽ.എയും എം.ഡി പൂക്കോയ തങ്ങളും ബംഗളൂരുവിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ച പണമാണ് ഏക ആശ്രയം. കാസർകോട്ടുണ്ടായിരുന്ന കമ്പനിയുടെ കെട്ടിടവും സ്ഥലവും മൂന്നരക്കോടി വിലയിട്ടു പടന്ന സ്വദേശിക്ക് നേരത്തെ കൈമാറിയിരുന്നു. രണ്ടര കോടി ഓവർ ഡ്രാഫ്റ്റായതിനാൽ കെട്ടിടം വിറ്റാണ് ബാങ്ക് കടം വീട്ടിയത്. ഒരു കോടി ഇനിയും പടന്ന സ്വദേശിക്ക് കൊടുത്തു തീർക്കാനുണ്ട്.
ബംഗളൂരുവിലുള്ള സ്ഥലത്തിൽ ഒരുഭാഗം മറ്റൊരു വ്യവസായിക്ക് 80 ലക്ഷത്തിനു എഴുതി നൽകിയതാണ്. ഏഴ് കോടിയുടെ സ്വത്താണ് ബംഗളൂരുവിലുള്ളത്. പയ്യന്നൂരിലെ സ്ഥാപനം മുമ്പ് തന്നെ ആക്ഷൻ കമ്മിറ്റിയുടെ പേരിൽ എഴുതിവച്ചിട്ടുണ്ട്. ജുവലറിയിൽ നിന്ന് അഞ്ചര കിലോ സ്വർണവും വജ്രവും കടത്തിയെന്ന് പറയുന്ന നാല് ഡയറക്ടർമാർ തിരിച്ചു നൽകാമെന്ന് എഴുതിനൽകിയെങ്കിലും ഇതുവരെ കരാറിൽ ഒപ്പുവച്ചിട്ടില്ല. മറ്റൊരു ജീവനക്കാരൻ പലതവണയായി സ്വർണം കടത്തിക്കൊണ്ടുപോയി കർണാടകയിൽ ജുവലറി തുടങ്ങിയിരുന്നു.
ഇത് വീണ്ടെടുക്കാൻ പോയ എം.ഡിയെയും ചെയർമാനെയും ഗുണ്ടാസംഘം ഓടിക്കുകയായിരുന്നു. കർണാടക പൊലീസിന്റെ സഹായവും അവർക്ക് ലഭിച്ചില്ല. സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഈ ഘടകങ്ങളെല്ലാം പരിശോധിക്കും. ജുവലറിയിൽ നിന്ന് പലഘട്ടങ്ങളിലായി കടത്തിക്കൊണ്ടുപോയ കോടികളുടെ സ്വർണവും വജ്രവും തിരിച്ചുപിടിച്ചാൽ കൂടുതൽ കടംവീട്ടാൻ കഴിയും. ഇത് ശ്രമകരമാണെന്ന് മദ്ധ്യസ്ഥതയ്ക്ക് നിയോഗിക്കപ്പെട്ടവരും സമ്മതിക്കുന്നു.