
കോഫിയിലും ചായയിലുമൊന്നും അധികമാരും വെറൈറ്റി പരീക്ഷിക്കാറില്ല. നല്ല രുചിയുള്ള ഉന്മേഷം തരുന്ന കോഫിയോ ചായയോ നൽകണമെന്ന ചിന്തയാവും നിർമ്മാതാക്കൾക്കുള്ളത്. അതിനനുസരിച്ച് ചില ചേരുവകൾ പൊടിയിൽ ചേർത്തേക്കാം. എന്നാൽ, ഇവിടെയൊരു കോഫി തികച്ചും വ്യത്യസ്തമാണ്. മഞ്ഞുപെയ്യുന്നതുപോലുള്ള ഒരു ഫീൽ ഈ കോഫിയിലൂടെ കിട്ടും. അതുകൊണ്ടുതന്നെ 'സ്വീറ്റ് ലിറ്റിൽ റെയിൻ' എന്ന വിളിപ്പേരുമുണ്ട് ഈ കോഫിക്ക്. സംഗതി പക്ഷേ, അങ്ങ് ചൈനയിലാണെന്ന് മാത്രം. ഷാങ് ഹായിലെ ഒരു കോഫി ഷോപ്പിലാണ് ഈ വെറൈറ്റി കോഫി.
കഫെയിൽ വരുന്നവർക്ക് കോഫിയും കുടിക്കാം, ഇതിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് സ്റ്റാർ ആകുകയും ചെയ്യാം. പക്ഷേ, ഈ വ്യത്യസ്ത കോഫിയുടെ ഗുട്ടൻസ് അറിയുമ്പോഴാകും ആരും മൂക്കത്ത് വിരൽവച്ചുപോകുക. പ്രത്യേക റെസിപ്പിയൊന്നും ഈ കോഫിക്കില്ല. സംഗതി വെറും സിമ്പിൾ. ഒരു പഞ്ഞി മിഠായി മതി സ്വീറ്റ് ലിറ്റിൽ റെയിൻ കോഫി തയാറാക്കാൻ. ചൂട് കോഫിയുടെ മുകളിൽ ഒരു പഞ്ഞി മിഠായി വയ്ക്കണം. ചൂടേറ്റ് പഞ്ചസാരയാൽ നിർമ്മിതമായ പഞ്ഞിമിഠായി ഉരുകും. അത് മഞ്ഞുവീഴുന്നതുപോലെ താഴേക്ക് ഇറ്റുവീഴും. പഞ്ചാസാരയായതിനാൽ പേടിക്കാനുമില്ല. ഇതാണ്
സ്വീറ്റ് ലിറ്റിൽ റെയിൻ കോഫി.
സംഗതി ഇത്രയേയുള്ളൂവെങ്കിലും കോഫിക്ക് വില അൽപ്പം കടുപ്പമാണ്. ഒരു കപ്പ് കോഫിക്ക് ഒൻപത് ഡോളർ. പക്ഷേ, കോഫി വൻ ഹിറ്റായി. ആവശ്യക്കാരുടെ തിരക്കുമേറി. അതോടെ ബീജിംഗിലും സിംഗപ്പൂരിലുമൊക്കെ ലഭ്യമാക്കിയിരിക്കുകയാണ് കോഫി.