തിരുവനന്തപുരം: നഗരത്തിലെ ദീർഘകാലത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി അരുവിക്കരയിൽ നിർമ്മിക്കുന്ന 75 എം.എൽ.ഡി പ്ളാന്റ് അന്തിമഘട്ടത്തിൽ. 90 ശതമാനവും നിർമ്മാണം പൂർത്തിയായ പ്ളാന്റ് അടുത്ത വർഷം മാർച്ചോടെ കമ്മിഷൻ ചെയ്യാനാണ് വാട്ടർ അതോറിട്ടിയുടെ തീരുമാനം. ഈ വർഷം മാർച്ചിൽ കമ്മിഷൻ ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി പദ്ധതി നീളാൻ ഇടയാക്കി.
നടക്കുന്നത് ഇലക്ട്രിക്കൽ ജോലികൾ
പ്ളാന്റിന്റെ സിവിൽ ജോലികൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഇലക്ട്രിക്കലും മെക്കാനിക്കലുമായ ജോലികളാണ് നടന്നുവരുന്നത്. ഇത് പൂർത്തിയായാലുടൻ വൈദ്യുതി പരിശോധന നടത്തും. ഇതിനൊപ്പം പ്ളാന്റിന്റെ ശേഷി സംബന്ധിച്ച പരിശോധനകളും നടന്നുവരുന്നുണ്ട്.
ജലസമൃദ്ധമാകും
1973- 85 ൽ ഡാം സൈറ്റിൽ പൂർത്തിയാക്കിയ 72 എം.എൽ.ഡി പ്ലാന്റ്, 1999ൽ ചിത്തിരക്കുന്നിൽ നിർമ്മിച്ച 86 എം.എൽ.ഡി പ്ലാന്റ്, 2011ൽ നിർമ്മിച്ച 74 എം.എൽ.ഡി പ്ലാന്റ് എന്നിങ്ങനെ മൂന്ന് പ്ളാന്റുകളാണ് അരുവിക്കരയിൽ നിലിവിലുള്ളത്. ഇതുകൂടാതെ 36 എം.എൽ.ഡിയുടെ ബൂസ്റ്റർ പമ്പ് ഹൗസും ജലവിതരണത്തിന് ഉപയോഗിക്കുന്നു. മൂന്ന് പ്ളാന്റുകളും ഒരേസമയം പ്രവർത്തിപ്പിച്ചാണ് ഇപ്പോൾ നഗരത്തിൽ മുടക്കമില്ലാതെ കുടിവെള്ളം എത്തിക്കുന്നത്.
എന്നാൽ, പ്ളാന്റുകൾ അറ്റകുറ്റപ്പണി നടത്തുന്ന സമയത്ത് എത്ര മുൻകരുതലെടുത്താലും നഗരത്തിൽ കുടിവെള്ളം മുട്ടും. ഇതുകൂടി കണക്കിലെടുത്താണ് പുതിയ പ്ളാന്റ് നിർമ്മിക്കാൻ തീരുമാനിച്ചത്. പുതിയ പ്ളാന്റ് വരുന്നതോടെ നഗരത്തെ കൂടാതെ അരുവിക്കര, കരകുളം എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും. അരുവിക്കരയിൽ നിന്ന് വെള്ളം പേരൂർക്കടയിലെയും പി.ടി.പിയിലെയും ജലസംഭരണികളിൽ എത്തിച്ചായിരിക്കും വിതരണം ചെയ്യുക.
മൂന്ന് ഏക്കർ സ്ഥലം, 56 കോടി
അരുവിക്കരയിൽ വാട്ടർ അതോറിട്ടിയ്ക്ക് സ്വന്തമായുള്ള മൂന്ന് ഏക്കർ സ്ഥലത്താണ് പ്ളാന്റ് സ്ഥാപിക്കുന്നത്. 56 കോടി ചെലവിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്ളാന്റിന്റെ നിർമ്മാണം.വാട്ടർ അതോറിട്ടിയുടെ തിരുവനന്തപുരം പ്രോജക്ട് ഡിവിഷന് കീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ കോൺട്രാക്ടർ ഷിക്കാഗോ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ്. അമൃത് പദ്ധതിയായതിനാൽ കേന്ദ്ര സർക്കാർ 50 ശതമാനം വിഹിതവും സംസ്ഥാനം 30 ശതമാനം വിഹിതവും വഹിക്കും. ശേഷിക്കുന്ന 20 ശതമാനം തുക ചെലവിടുക കോർപ്പറേഷനാണ്.
''
പ്ളാന്റ് ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. 2021ൽ കമ്മിഷൻ ചെയ്യാനാകും.
- എക്‌സിക്യുട്ടീവ് എൻജിനിയർ (പ്രോജക്ട്)