baby

ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമാണ് ആദ്യത്തെ 1000 ദിവസങ്ങൾ. അമ്മയുടെ ഉദരത്തിലുള്ള 270 ദിവസങ്ങളും ആദ്യ രണ്ടു വര്‍ഷങ്ങളും ഉള്‍പ്പെട്ടതാണ് 1000 ദിനങ്ങള്‍. കുട്ടിയുടെ ആരോഗ്യ -പോഷകനില, ബുദ്ധിശക്തി, ഉയരം, വിദ്യാഭ്യാസം എന്നീ സുപ്രധാന കാര്യങ്ങളെ നിര്‍ണയിക്കുന്നതിവിടെയാണ്. പോഷകാഹാരക്കുറവുമൂലമുള്ള വളര്‍ച്ചാമുരടിപ്പ് ഉണ്ടാകുന്നതും ഈ ദിവസങ്ങളിലാണെന്ന് ആരോഗ്യ വിദഗ്ദ്ധർ‌ പറയുന്നു.

ഡബ്യു എച്ച് ഒ ശിപാർശ പ്രകാരം ഒരു കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങൾ എന്നത് അമ്മയുടെ ഗർഭപാത്രത്തിൻ ഭ്രൂണമായി രൂപപ്പെടുന്നത് മുതൽ ജനിച്ച് രണ്ട് വയസ് വരെയുള്ള കാലയളവായി കണക്കാക്കപ്പെടുന്നു. ഈ സന്ദേശത്തിൽ നിന്ന് നാം മനസിലാക്കേണ്ടത് ഒരു ഗർഭിണിയുടെ പോഷണവും കുഞ്ഞ് ജനിച്ച് ആദ്യ രണ്ട് വർഷത്തെ പോഷണവും വളരെ പ്രധാനപ്പെട്ടതാണെന്നതാണ്. അതുകൊണ്ട് ഉത്തരവാദിത്വമുള്ള മാതാപിതാക്കൾ മനസിലാക്കേണ്ടത് ഒരു കുഞ്ഞിന്റെ ആരോഗ്യത്തിന്റെ വിത്തുകൾ പാകേണ്ടത് അവന്റെ അമ്മയുടെ ഗർഭകാലത്തിൽ നിന്നുമാണെന്നതാണ്.

ആ കരുതൽ അവന് ശൈശവത്തിലും ഭാവിജീവിതത്തിലേയും മാനസികവും ശാരീരികവുമായ വികാസത്തിന് അനുകൂലമായ ഫലങ്ങൾ നൽകുന്നു. കുട്ടികളിലെ പോഷകാഹാരക്കുറവ് ഒരു ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടെയോ സഹായത്തോടെയോ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ വഴിയോ കണ്ടുപിടിച്ച് പരിഹാരം നൽകണം. കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് ഒഴിവാക്കാൻ ഗർഭകാലം മുതൽ ഭക്ഷണരീതി ക്രമപ്പെടുത്തണം.

ഗർഭിണി സമീകൃതാഹാരം തുടക്കം മുതൽ തന്നെ പാലിച്ചാൽ ഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുമെന്നുറപ്പാക്കാം. മാതാപിതാക്കളുടെ അറിവില്ലായ്മ, തെറ്റായ ഭക്ഷണശീലങ്ങൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, മറ്റ് അസുഖങ്ങൾ, സാമ്പത്തികസ്ഥിതി എന്നിവയെല്ലാം പോഷകാഹാരക്കുറവിന് കാരണമായേക്കാം. ഗർഭാവസ്ഥയിൽ ആവശ്യം വേണ്ട പോഷകങ്ങൾ അയൺ, ഫോളിക് ആസിഡ്, കാത്സ്യം, വൈറ്റമിനുകൾ, പ്രോട്ടീൻ എന്നിവയാണ്.

ഓരോ വ്യക്തിയുടെയും പോഷണം പ്രായം, ലിംഗഭേദം, ശാരീരിക അധ്വാനം, അസുഖങ്ങൾ, കാലാവസ്ഥ എന്നിവയെല്ലാം അനുസരിച്ച് മാറ്റം വരുകയും അതിന് അനുസരിച്ചുള്ള സമീകൃതാഹാരം തിരഞ്ഞെടുക്കുകയും വേണം. ഇതിനായി ഒരു ന്യൂട്രീഷനിസ്റ്റിന്റെ സഹായം തേടാം. സമീകൃതാഹാരം എന്നാൽ ഒരു വ്യക്തിക്കാവശ്യമായ പോഷകങ്ങൾ ശരിയായ അളവിലും തൂക്കത്തിലും പല ഭക്ഷ്യവിഭാഗത്തിൽ നിന്ന് തെരഞ്ഞടുക്കുന്നതാണ്. സമീകൃതാഹാരം ശരീരത്തിനാവശ്യമായ കലോറി, പ്രോട്ടാൻ, വിറ്റാമിനുകൾ, കൊഴുപ്പ്, മിനറലുകൾ എന്നിവ പ്രാദാനം ചെയ്യുന്നു.

ആറുമാസം വരെ പ്രായമായ ഒരു കുഞ്ഞിന് അമ്മയുടെ മുലപ്പാൽ തന്നെയാണ് ഏറ്റവും നല്ല സമീകൃതാഹാരം. പക്ഷേ അമ്മയുടെ ആഹാരം സമീകൃതവും കുഞ്ഞിന് ആവശ്യമായ പാൽ നൽകാൻ കഴിയുന്നതും ആയിരിക്കണം. ധാന്യങ്ങൾ, പ്രോട്ടീൻ അടങ്ങിയ പയർ പരിപ്പ് വർഗ്ഗങ്ങൾ, മീൻ, മുട്ട, മാംസം, പാൽ, പച്ചക്കറികൾ, ഇലക്കറികൾ, നട്സ്, എന്നിവയും ആവശ്യത്തിന് ജലവും ഉൾപ്പെടുത്തണം.

ആറുമാസത്തിന് ശേഷം കുഞ്ഞിന് കുറുക്ക് രൂപത്തിൽ ചെറു അളവിൽ പലതരം ധാന്യക്കൂട്ടുകൾ, ഏത്തക്കാപ്പൊടി, റാഗി, പച്ചക്കറികൾ വേവിച്ച് ഉടച്ചത്, പരിപ്പ്, പഴച്ചാറുകൾ, എന്നിവയും ഒപ്പം മുലപ്പാലും നൽകണം. ഈ പ്രായത്തിൽ അയൺ, കാത്സ്യം എന്നിവ അടങ്ങിയ ഭക്ഷണത്തിന് മുൻതൂക്കം നൽകണം.ഒരു വയസ്സ് മുതൽ കുഞ്ഞിന് കുടുംബത്തിന്റെ ഒപ്പം ഇരുന്ന് ഭക്ഷണം കൊടുത്ത് തുടങ്ങാം. ഓർക്കുക, കുഞ്ഞുങ്ങൾ മുതിർന്നവരെയാണ് മാതൃകയാക്കുന്നത്. അതിനാൽ ആരോഗ്യകരമായ ഭക്ഷണശീലം അവർക്കു മുന്നിൽ നാം പാലിക്കണം.

ഒരു വയസ്സു മുതൽ കുഞ്ഞുങ്ങൾ മുതിർന്നവർ കഴിക്കുന്ന എല്ലാതരം ഭക്ഷണവും കഴിക്കാൻ പരിശീലിപ്പിക്കണം. മൂന്ന് വയസ്സുവരെയുള്ള പ്രായത്തിലാണ് അവർ പുതിയ രുചികളും ഭക്ഷണശീലങ്ങളും ഇഷ്ടങ്ങളും പഠിക്കുന്നത്. അതിനാൽ ആദ്യ 1000 ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാത്തരം രുചികളും അവരെ മനസ്സിലാക്കിക്കാൻ ശ്രദ്ധിക്കുമല്ലോ.

ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപ്പ്, മധുരം, എണ്ണ എന്നിവ മിതമായി ഉയോഗിച്ച് ശീലിപ്പിക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ മഹത്വം അവർ തിരിച്ചറിയുകയും അതിനെ ഇഷ്ടപ്പെടുകയും ചെയ്യാൻ ഈ ദിവസങ്ങൾ അമ്മമാർ പ്രയോജനപ്പെടുത്തണം. ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് കുടുംബം, വിദ്യാലയം, മീഡിയ എന്നിവ കുട്ടികൾക്ക് അവബോധം നൽകണം.

ഇങ്ങനെ ഒരു സമീകൃതാഹാര ശീലം കുട്ടികൾക്ക് വളർച്ചയും തൂക്കവും രോഗപ്രതിരോധ ശേഷിയും മികച്ച ഐ.ക്യുവും പഠനമികവും ബുദ്ധിവികാസവും ഉണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ഡബ്ളു എച്ച് ഒ, ആരോഗ്യ സംഘടനകൾ, പോഷകാഹാര വിദഗ്ദർ എന്നിവരുടെ പഠനങ്ങൾ തെളിയിക്കുന്നത് ആദ്യ 1000 ദിവസങ്ങളിലെ പോഷണത്തിന്റെ അദായവും പോരായ്മകളും ഭാവി ജീവിത്തിൽ ഉണ്ടായേക്കാവുന്ന അമിതവണ്ണം, ഡയബറ്റിക്, ഹൃദ്രോഗങ്ങൾ, ദഹന സംബന്ധമായ അസുഖങ്ങൾ, രോഗപ്രതിരോധശേഷിക്കുറവ്, ഐ.ക്യു കുറവ്, മാനസികാരോഗ്യക്കുറവ് എന്നിവയ്ക്ക് കാരണമാകാം.

അതിനാൽ ആരോഗ്യ വിദഗ്ദ്ധർ, സാമ്പത്തിക ശാസ്ത്രജ്ഞർ എന്നിവരുടെ അഭിപ്രായമായ ഒരു രാഷ്ട്രത്തിന്റെ ഭാവി സമ്പന്നമാകുന്നത് അവിടെയുള്ള ഗർഭിണികളുടേയും അമ്മമാരുടെയും കുഞ്ഞുങ്ങളുടേയും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നത് വഴിയാണ് എന്നത് നാം വിലപ്പെട്ട ഉദേശമായി കണക്കിലെടുക്കണം.

ഡോ.അനു മാത്യു

(ഡയറ്റീഷ്യൻ,പട്ടം എസ്.യു.ടി ഹോസ്‌പിറ്റൽ)