marijuana

ആകാശത്തുനിന്ന് കഞ്ചാവ് പാക്കറ്റ് പെയ്തിറങ്ങി. ജനം അന്തംവിട്ടു നിന്നു. ഒടുവിൽ അതെടുക്കാൻ ചിലർ ഓടിയെത്തി. പിന്നെ ഇടിയോടിടി.. ഇങ്ങനെ കഞ്ചാവ് പാക്കറ്റ് വിതറിയത് എവിടെയാണെന്ന് അറിയണ്ടേ.. അങ്ങ് ഇസ്രയേൽ നഗരമായ ടെൽ അവിവിലായിരുന്നു സംഭവം.

‘ദ ഗ്രീൻ ഡ്രോൺ ഗ്രൂപ്പ്’ എന്ന് പേരുള്ള ഒരു സംഘമാണ് ടെൽ അവീവ് നഗരത്തിലെ തെരുവുകളിലേക്ക് ആകാശത്ത് നിന്നും ഡ്രോൺ വഴി നൂറുകണക്കിന് കഞ്ചാവ് പാക്കറ്റുകൾ താഴേക്കിട്ടത്. ഇങ്ങനെ ഇട്ടതിന് പിന്നിൽ ഒരു ലക്ഷ്യവും അവർക്കുണ്ടായിരുന്നു. കഞ്ചാവ് ഉപയോഗം ഇസ്രായേലിൽ നിയമാനുസൃതമാക്കണമെന്ന് വാദിക്കുന്ന ആക്ടിവിസ്റ്റുകളാണ് അവർ.

ഏതായാലും ആകാശത്തുനിന്നു വീണ കഞ്ചാവ് പാക്കറ്റുകൾ പൊലീസ് എത്തുന്നതിന് മുമ്പ് കൈക്കലാക്കി ആളുകൾ സ്ഥലം കാലിയാക്കി. ആകാശത്ത് നിന്നും താഴേക്ക് കഞ്ചാവ് വർഷിക്കുന്നതിന്റെ മുമ്പ് തങ്ങളുടെ അനുകൂലികൾക്ക് ഇക്കാര്യത്തെ പറ്റി ടെലിഗ്രാമിലൂടെ സംഘം സൂചന നൽകുകയും ചെയ്തു.

ഇത് തുടരാനാണ് സംഘത്തിന് പദ്ധതി. 'റെയ്‌ൻ ഒഫ് കാനബിസ് ‘ എന്നായിരുന്നു തങ്ങളുടെ പുതിയ പ്രോജക്ടിന് ഗ്രീൻ ഡ്രോൺ സംഘം നൽകിയ പേര്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് സംഘത്തിന്റെ ടെലിഗ്രാം സന്ദേശങ്ങൾ കണ്ടെത്തിയത്.