chinese-vaccine

ബീജിംഗ്: ചൈനയുടെ കൊവിഡ് വാക്സിൻ നവംബർ ആദ്യം പുറത്തിറങ്ങുമെന്ന് ചൈന സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ചീഫ് ബയോ സേഫ്റ്റി വിദഗ്ദ്ധ ഗുയിസെൻ വു വ്യക്തമാക്കിയതായി റിപ്പോർട്ട്. വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്നും നവംബർ അല്ലെങ്കിൽ ഡിസംബറിൽ വാക്സിൻ പൊതുജനങ്ങൾക്കായി തയ്യാറായേക്കാമെന്നും അവർ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വു. ഇവർ ഏപ്രിലിൽ സ്വയം വാക്സിൻ പരീക്ഷണത്തിന് വിധേയായിരുന്നു. വാക്സിൻ കഴിച്ചതിന് ശേഷം തനിക്ക് അസാധാരണമായ ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ ഏത് വാക്സിനെക്കുറിച്ചാണ് പരാമർശിക്കുന്നതെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.

ചൈനയിൽ നിലവിൽ നാല് വാക്സിൻ പരീക്ഷണങ്ങളാണ് അവസാനഘട്ടത്തിലെത്തി നിൽക്കുന്നത്. അതിൽ മൂന്നണ്ണമെങ്കിലും അവശ്യതൊഴിലാളികൾക്ക് നൽകാമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഇതിനിടെയാണ് നവംബറിൽ തന്നെ വാക്സിൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്ന വാർത്തയും പുറത്ത് വരുന്നത്. ചൈനീസ് വാക്സിൻ നിർമ്മാതാവായ കാൻസിനോ ബയോളജിക്സിന്റെ എഡി5- എൻകോവ് എന്ന പ്രതിരോധ വാക്സിനാണ് ചൈനീസ് സർക്കാർ ആദ്യം പേറ്റന്റ് നൽകിയത്. രോഗത്തിനെതിരെ പ്രതിരോധശേഷി തെളിയിക്കാനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ ചൈനീസ് സൈന്യത്തിന് വാക്സിൻ വിതരണം ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ ഭീമനായ ചൈന നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പിന്റെ സിനോഫാം, മറ്റൊരു കമ്പനിയായ സിനോവാക് ബയോടെക് എന്നിവർ ചേർന്നാണ് മറ്റ് മൂന്ന് വാക്സിനുകൾ വികസിപ്പിക്കുന്നത്. അടിയന്തര ഉപയോഗ പദ്ധതി പ്രകാരമാണ് ഇവ നിർമ്മിക്കുന്നത്.

 ചൈനീസ് വാക്സിൻ ഉപയോഗിക്കാൻ യു.എ.ഇയും

ചൈനീസ് കൊവിഡ് വാക്സിൻ അടിയന്തര സന്ദർഭങ്ങളിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ യു.എ.ഇ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ചൈനീസ് കമ്പനി വികസിപ്പിച്ച വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ച് ആറാഴ്ചയ്ക്ക് ശേഷമാണ് പൊതുജനങ്ങൾക്ക് സർക്കാർ ഭാഗികമായി വാക്സിൻ ലഭ്യമാക്കുന്നത്. സിനോഫാം വികസിപ്പിച്ച ഇനാക്ടിവേറ്റഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണമാണ് രാജ്യത്ത് നടക്കുന്നത്. ജൂലായിൽ ആരംഭിച്ച ക്ലിനിക്കൽ പരീക്ഷണം ഇതുവരെ അവസാനിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ വാക്സിൻ ആരോഗ്യപ്രവർത്തകർക്ക് ലഭ്യമാക്കുമെന്നാണ് വിവരം