മലയാള ഗാനശാഖ പുഷ്പിച്ച് വളർന്നുകൊണ്ടിരുന്ന അൻപത് അറുപതുകളിൽ മുൻനിരയിലെ ഗായകരിൽ ഒരാളായിരുന്നു പി.ബി. ശ്രീനിവാസ്. സ്വദേശം ആന്ധ്രയിലെ കാക്കിനട. ബഹുഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹത്തെ 'പ്രതിവാദി ഭയങ്കരം"എന്നറിയപ്പെട്ടിരുന്നു. മലയാള സിനിമാഗാനങ്ങളിൽ നാം ആദ്യം കേട്ട പുരുഷശബ്ദം പി.ബി.എസിന്റേതാണ്. 1954 മുതൽ ആ പൗരുഷശബ്ദം മലയാള സിനിമയിൽ കേട്ടുതുടങ്ങി. വിഷാദത്തിന്റെ കടൽ ഇരമ്പുന്ന ശബ്ദം 60-70കളിലെ അനശ്വര ഗാനങ്ങളായ കാലത്തിന്റെ തലോടലേറ്റ് മലയാള സിനിമയുടെ ഷോക്കേയ്സിൽ വെട്ടിത്തിളങ്ങുന്നു. യേശുദാസിന്റെ കടന്നുവരവിനു മുന്നേ ഗാനശാഖയിൽ മുഴങ്ങിക്കേട്ട ഏറ്റവും മികച്ച ഗാനങ്ങൾ പി.ബി.എസ്, എ.എം രാജ, കമുകറ എന്നിവർ ആലപിച്ച ഗാനങ്ങളായിരുന്നു. ഇവരിൽ ശോകഗാനങ്ങൾ ആത്മാവിൽ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് ശ്രീനിവാസ് പാടിയപ്പോൾ അവ എക്കാലത്തെയും സൂപ്പർഹിറ്റുകളായി. ഇതാ...
പ്രതികാരദുർഗേ...(ഉണ്ണിയാർച്ച)
വാനിലെ മണിദീപം...(നീലിസാലി)
നിറഞ്ഞകണ്ണുകളോടെ...(സ്കൂൾ മാസ്റ്റർ)
ഗീതേ ഹൃദയസഖി...(പൂച്ചക്കണ്ണി)
തുളസീ വിളികേൾക്കൂ...(കാട്ടുതുളസി)
രാത്രി...രാത്രി...(ഏഴു രാത്രികൾ)
തുടങ്ങിയ വാടാമലരുകളിൽ കൂടി യേശുദാസിനേക്കാളും മികച്ച ശോകഗായകനെന്ന അപൂർവ ബഹുമതി അദ്ദേഹം പിടിച്ചുപറ്റുന്നു. അറുപതുകളുടെ അവസാനം ഈ രംഗത്തേക്ക് കടന്നുവന്ന കെ.പി. ഉദയഭാനുവാണ് ശ്രീനിവാസനോടൊപ്പം മികച്ച ശോകഗായകനായി വെട്ടിത്തിളങ്ങിയത്. തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷാചിത്രങ്ങളിലെ മുൻനിര ഗായകനായിരുന്നു പി.ബി.എസ്. അൻപത്, അറുപത്, എഴുപതുകളിൽ കന്നടയിലും തമിഴിലും തന്റെ തേരോടിച്ചുകൊണ്ട് ആ പുരുഷശബ്ദം ഒരു സംഗീത പ്രപഞ്ചം തന്നെ സൃഷ്ടിക്കുകയുണ്ടായി. കന്നടയിൽ നായകനടൻ രാജ് കുമാറിനു വേണ്ടി അദ്ദേഹം മുന്നൂറോളം ഗാനങ്ങൾ പാടി. രാജ് കുമാറിന് ഏറ്റവും യോജിച്ച ശബ്ദം പി.ബി.എസിന്റേതായിരുന്നു. തെലുങ്കിലാകട്ടെ ഖണ്ഡശാലയോടൊപ്പം മത്സരിച്ചുകൊണ്ടാണ് 50-60-70 കളിൽ തെലുങ്ക് ശ്രോതാക്കളുടെ ഹൃദയം കീഴടക്കിയത്.
തമിഴിൽ കാതൽ മന്നൻ ജെമിനിഗണേശനുവേണ്ടി ഏറ്രവും കൂടുതൽ ഗാനങ്ങൾ പാടിയത് പി.ബി. ശ്രീനിവാസും, എ.എം.രാജയുമായിരുന്നു. 'കാലങ്ങളിൽ അവൾ വസന്തം..." (പാപമന്നിപ്പ്) എന്ന ഗാനമാകട്ടേ ഇന്നും നിത്യഹരിതം. ഒപ്പം 'നിനൈപ്പതെല്ലാം..." (നെഞ്ചിൽ ഒരാലയം), 'നിനവേ എന്നിടം..."(രാമു) തുടങ്ങിയ സൂപ്പർ ഹിറ്റുകൾ മലയാളികളുടേയും പ്രിയഗാനങ്ങൾ. കന്നട സിനിമയിൽ പി.ബി.എസിനോടൊപ്പം ജാനകിയും യുഗ്മഗാനങ്ങൾ പാടി ഒരു പുതുവസന്തം സൃഷ്ടിച്ചു. അനശ്വര ഈണങ്ങൾ നൽകാൻ രാജൻ - നാഗേന്ദ്ര, ജി.കെ. വെങ്കിടേഷ്, സത്യം തുടങ്ങിയ സംഗീത സംവിധായകരുമുണ്ടായിരുന്നു. മലയാളത്തിൽ 50-60-70 കളിൽ 'അശരീരി" ഗാനങ്ങൾ പാടുവാനുള്ള നിയോഗമായിരുന്നു പി.ബി. ശ്രീനിവാസിന്റേത്. ബേയ്സിൽ തന്നെ പുരുഷശബ്ദ നിയന്ത്രണവും ഉണ്ടായിരുന്ന ശ്രീനിവാസന് അശരീരി ഗാനം അനായാസേന പാടുവാൻ കഴിഞ്ഞു. തത്വചിന്തയുടെ ഊർജം വിതറിയ, അഗാധമായ ജീവിതദർശനമുള്ള വരികളാണ് പി.ബി.എസിന് പാടുവാൻ വയലാറും പി.ഭാസ്കരനും രചിച്ചത്.
നിറഞ്ഞ കണ്ണുകളോടെ,ബലിയല്ല, ഇനിയൊരു ജന്മമുണ്ടോ, മന്നവനായാലും, യാത്രക്കാരാ പോവുക തുടങ്ങിയ വാടാമലരുകൾ സാക്ഷ്യപത്രങ്ങൾ. അങ്ങനെ ഒട്ടേറെ തലങ്ങളുള്ള ആ സർഗാത്മകതയിൽ നിന്ന് കാലത്തെ ചുംബിച്ച ഹിറ്റുകൾ ബാബുരാജ്, ദേവരാജൻ, കെ.രാഘവൻ തുടങ്ങിയവർ സൃഷ്ടിക്കുകയായിരുന്നു. അസാധാരണമായ 'റെയ്ഞ്ച്" ആ ശബ്ദത്തിലുണ്ടായിരുന്നു. ഒപ്പം ശബ്ദനിയന്ത്രണപാടവവും ത്രിസ്ഥായികളിൽ നന്നായി പാടുവാനുള്ള സിദ്ധിയെ സംഗീതസംവിധായകർ ആ ശബ്ദത്തിൽ നിന്ന് ഖനനം ചെയ്തെടുക്കുകയായിരുന്നു. പി.ബി.എസിന്റെ ശബ്ദം ഉച്ചസ്ഥായിയിൽ പോകുമ്പോഴും ശബ്ദനിയന്ത്രണം പാലിച്ചുകൊണ്ട്, ഗാനത്തോട് നീതി പുലർത്താൻ കഴിഞ്ഞിരുന്നു. അശരീരി ഗാനം പാടി തന്റേതായ 'കൈയൊപ്പ്" പതിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചത് ഇങ്ങനെയാണ്. വയലാറിന്റെ മികച്ച രചനകളിൽ ഉൾപ്പെടുന്ന 'ധൂമരശ്മിതൻ..., ബലിയല്ല..."എന്നീ ഗാനങ്ങൾ അദ്ദേഹത്തിന്റെ മികവുറ്റ ആലാപനപാടവം പുറത്തുകൊണ്ടുവന്ന നിത്യഹരിതഗാനങ്ങൾ, ഒപ്പം ഏഴുരാത്രികളിലെ 'രാത്രി, രാത്രി..." എന്ന ഗാനവും രാത്രി...രാത്രി എന്ന ഗാനം സലിൽദായുടെ ഒരു മാസ്റ്റർപീസും. ഒപ്പം പി.ബി.ശ്രീനിവാസന്റെയും. ത്രിസ്ഥായികളിൽ നന്നായി ഗാനങ്ങൾ ആലപിക്കുവാനുള്ള അപൂർവസിദ്ധി കണ്ടെത്തിയ ബാബുരാജ്, കെ. രാഘവൻ, ദേവരാജൻ എന്നീ സംഗീത സംവിധായകരാണ് ആ ശബ്ദത്തിൽ നിന്ന് പവിഴമുത്തുകൾ ഖനനം ചെയ്തെടുത്തത്.
വാനിലെ മണി ദീപം മടങ്ങി...(കെ. രാഘവൻ)
നിറഞ്ഞ കണ്ണുകളോടെ...(ദേവരാജൻ)
ഗീതേ ഹൃദയസഖി...(ബാബുരാജ്)
തുടങ്ങിയ ഗാനശില്പങ്ങളാകട്ടെ ഗാനശാഖയിലെ ഏറ്റവും മികച്ച ശോകഗാനങ്ങളിൽ ചിലത് മാത്രം. ഇണക്കുയിലേ...(കാട്ടുതുളസി) എന്ന ശോകഗാനം ആ ഗാനശേഖരത്തിലെ പവിഴമുത്തും. ബാബുരാജ് ആയിരുന്നു തന്റെ സർഗാത്മകതയ്ക്ക് പുത്തൻ ചാലുകൾ വെട്ടിപിടിച്ചെടുക്കാൻ വ്യത്യസ്തമായ ഗാനങ്ങൾ പാടിപ്പിച്ചത്. ഗസലിന്റെ ലയലഹരി സമ്മാനിക്കുന്ന ഈണങ്ങൾ ബാബുരാജ് ശ്രീനിവാസനുവേണ്ടി സൃഷ്ടിച്ചു, ഒപ്പം കെ.പി. ഉദയഭാനുവിനും 60-70കളിൽ കെ. രാഘവനും ബാബുരാജും അസാധാരണ റെയിഞ്ചും പുരുഷശബ്ദവുമുള്ള പി.ബി.എസിന്റെ സ്വരത്തിൽ നിന്ന് സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചു.
'ബലിയല്ല..., തുളസി വിളികേൾക്കൂ" തുടങ്ങിയ ഹിറ്റുകൾ സാക്ഷ്യപത്രങ്ങൾ! വിഷാദത്തിന്റെ അലകൾ ഹൃദയത്തെ തലോടിക്കൊണ്ട് ആ ശബ്ദം ഒഴുകി എത്തുമ്പോൾ മിഴികൾ ഈറനാകും.
'നിറഞ്ഞ കണ്ണുകളോടെ..." എന്ന ഗാനത്തിനാകട്ടേ (സ്കൂൾ മാസ്റ്റർ - 1964) സംസ്ഥാന പുരസ്കാരവും ലഭിച്ചു. ആത്മാവിന്റെ തേങ്ങൽ ശബ്ദത്തിൽ എങ്ങനെ ആവാഹിക്കാം എന്നതിന് ഒരു ക്ലാസിക്കൽ ഉദാഹരണമാണ് ഈ ഗാനം. വിഷാദത്തിന്റെ കടലിരമ്പുന്ന മറ്റൊരു നിത്യഹരിത ഗാനമാണ് 'ഗീതേ ഹൃദയസഖി" (പൂച്ചക്കണ്ണി). ഒരു ഗസലിന്റെ ശൈലിയിൽ ഈണമിട്ട ഈ ഗാനശില്പം പി.ബി.എസിന്റെ മാസ്റ്റർ പീസായിരുന്നു. അങ്ങനെ വ്യത്യസ്ത ഗാനം പാടുവാനുള്ള സുവർണാവസരം ബാബുക്ക അദ്ദേഹത്തിന് നൽകി. ഉദയാചിത്രങ്ങളിലെ ഒരു ഹൈലൈറ്റായിരുന്നു പി.ബി.എസ് ഗാനങ്ങൾ.
വാനിലെ മണിദീപം...(നീലിസാലി)
ധൂമരശ്മിതൻ... (അയിഷ)
ബലിയല്ല...(റബേക്ക)
തുടങ്ങിയ ഗാനങ്ങൾ സൂപ്പർഹിറ്റുകൾ, ഒപ്പം നിത്യഹരിതങ്ങളും. പി.ബി.എസിന്റെ 'വേഴ്സറ്റാലിറ്റി" പുറത്തുകൊണ്ടുവന്നതും ബാബുരാജ്. പ്രണയഗാനങ്ങളിൽ നിത്യഹരിതമായി പരിലസിക്കുന്ന 'പടിഞ്ഞാറേ മാനത്തുള്ള...", 'അവളുടെ കണ്ണുകൾ...(കാട്ടുമല്ലിക)", 'വീടായാൽ വിളക്ക് വേണം..." (ചേട്ടത്തി) തുടങ്ങിയ ഹിറ്റുകൾ ഇന്നും എല്ലാവർക്കും പ്രിയതരമാണ്. സംഗീത സംവിധായകരാണ് ഒരു ഗായകനിലെ നിലനില്പിന് ആധാരം. ഈ വാടാമലരുകൾ സാക്ഷ്യപത്രങ്ങൾ. തലത്ത് മുഹമ്മദ്, മന്നാഡേ എന്നീ ഹിന്ദിഗായകർ ഗസൽ ഗാനങ്ങൾ പാടുമ്പോഴുള്ള ഭംഗി പി.ബി.എസ് പാടുമ്പോൾ ശ്രോതാക്കൾക്ക് ലഭിക്കുന്നു. അപ്പോൾ ബാബുരാജിന്റെ കംപോസിംഗ് സ്റ്റൈൽ മറ്റൊരു ട്രാക്കിലേക്ക് സഞ്ചരിക്കുന്നു. ഇണക്കുയിലേ...(കാട്ടുതുളസി) എന്ന ഗാനം ഇവിടെ ഓർക്കുക. 60-70കളിൽ അദ്ദേഹം യേശുദാസിനേക്കാളും ആ സർഗാത്മകതയിൽ കൂടുതൽ വിശ്വാസം അർപ്പിച്ചത് ശ്രീനിവാസനിലായിരുന്നു. ഒപ്പം ഉദയഭാനുവിനോടും. അതുകൊണ്ട് ബാബുരാജിന്റെ മ്യൂസിക്കൽ ക്രാഫ്റ്റ് പത്തരമാറ്റോടെ തിളങ്ങിയതും ഈ രണ്ട് ഗായകരെ കൊണ്ട് പാടിച്ചപ്പോഴായിരുന്നു. (60-70കളിലെ ചരിത്രമാണിത്). 'മാമലകൾക്കപ്പുറത്ത്..." (നിണമണിഞ്ഞ കാൽപ്പാടുകൾ) എന്ന ഗാനമാകട്ടേ ഒരു നൊസ്റ്റാൾജിയ ഉണർത്തുന്ന നിത്യഹരിതഗാനവും.
50-60-70കളിൽ തമിഴ്, കന്നട സിനിമകളിൽ ഒരു പി.ബി.എസ് യുഗം തന്നെ സൃഷ്ടിച്ചു. ടി.എം. സൗന്ദർരാജൻ, ശീർഘാഴി ഗോവിന്ദരാജൻ എന്നിവരുടെ ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ശ്രീനിവാസിന്റെ ആലാപന രീതി. അതിനനുസരിച്ച് ഈണം പകരാൻ എം.എസ്. വിശ്വനാഥൻ- രാമമൂർത്തി, കെ.വി. മഹാദേവൻ, ജി.കെ. വെങ്കിടേഷ് തുടങ്ങിയവർ തയ്യാറായതോടെ തമിഴ് സിനിമയിലും പി.ബി.എസ് യുഗം പിറന്നു. ഈ ശൈലിമാറ്റം തമിഴ് സിനിമയുടെ ഗാനശാഖയിൽ ഒരു പുതുവസന്തത്തിന് തുടക്കം കുറിച്ചു. ഇതിന് സംഗീത സംവിധായകർക്ക് പ്രചോദനം നൽകിയത് പി.ബി.ശ്രീനിവാസ്, എ.എം. രാജ എന്നീ ഗായകരാണ്. കാതൽ മന്നനായ ജെമിനി ഗണേശന് വേണ്ടിയായിരുന്നു പി.ബി.ശ്രീനിവാസ് സ്വരം പകർന്നത്. ഒപ്പം എ.എം. രാജയും, അതാകട്ടേ തമിഴ് ഗാനശാഖയിൽ ഒരു പുതുയുഗപ്പിറവിക്ക് നാന്ദിയായി. ആ റൊമാന്റിക് യുഗത്തിന്റെ മുന്നണി ഗായകനിരയിൽ പി.ബി. ശ്രീനിവാസ്, എ.എം. രാജ, പി.സുശീല, ജാനകി എന്നീ ഗായകരുമുണ്ടായിരുന്നു. എന്നാൽ കന്നട, തമിഴ് സിനിമയിൽ സൃഷ്ടിച്ച തരംഗം മലയാള സിനിമയിലേക്ക് കടന്നുവന്നില്ല. കീഴ്സ്ഥായിയിൽ (ബേയ്സ്) ഇത്രയും ഘനഗാംഭീര്യമുള്ള ശബ്ദം പി.ബി.എസിനെപ്പോലെ മറ്റൊരു ഗായകനുമില്ല. യേശുദാസാകട്ടെ പാടിപ്പാടി ശബ്ദത്തിൽ ആ അസുലഭ സിദ്ധി കൈവരിക്കുകയായിരുന്നു. 'ഏഴുരാത്രികൾ" എന്ന സിനിമയ്ക്കുവേണ്ടി സലിൽ ചൗധരിയുടെ ഈണത്തിൽ പി.ബി.എസ് പാടിയ 'രാത്രി...രാത്രി..." എന്ന ഗാനമാകട്ടേ തന്റെ ആലാപന ചാതുര്യത്തെ അതിന്റെ എല്ലാ ഭാവചാതുര്യത്തോടും നമുക്ക് കാട്ടിത്തരുന്നു. പി.ബി.എസിന്റെ മാസ്റ്റർ പീസുകളിൽ ഒരു മുത്താണ് ഈ ഗാനം. അപാരമായ ശബ്ദനിയന്ത്രണത്തോടെ വയലാറിന്റെ ഈരടികളെ ശബ്ദത്തിൽ ആവാഹിച്ചുപാടിയ ഒരു ഗാനമാണത്.
'വീടായാൽ വിളക്ക് വേണം",'കക്ക കൊണ്ട് കടൽ മണ്ണുകൊണ്ട്" എന്നീ യുഗ്മഗാനങ്ങളും ബാബുക്കയുടെ ഹൃദയഹാരിയായ ഈണത്തിൽ അനശ്വരതയെ പുൽകിയ ഹിറ്റ് ഗാനശില്പങ്ങളായിരുന്നു! ബേയ്സിൽ തലത്ത് മുഹമ്മദിന്റെയും ഹേമന്ത് കുമാറിന്റെയും ശബ്ദസൗകുമാര്യം പി.ബി.എസിന് ലഭിച്ചത് അനുഗ്രഹമായി എന്നുതോന്നും ഈ ഗാനങ്ങൾ കേട്ടാൽ.
ഉറുദു ഭാഷയിൽ അദ്ദേഹം രചിച്ച കവിതകൾ അവതരിപ്പിക്കുമായിരുന്നു. ചിത്രയുടെ ആദ്യഹിന്ദിഗാനം (ഖുശി ഔർ ഗം) രചിച്ചത് പി.ബി.എസ്. ലതാമങ്കേഷ്കറോടൊപ്പം അദ്ദേഹം പാടിയ 'ചന്ദാസെ ഹോ ഗയെ പ്യാരാ" (മേം ഭീ ലഡ്കി ഹൂം) ഹിറ്റായെങ്കിലും ഹിന്ദി സിനിമയിൽ അദ്ദേഹത്തിന് ചുവട് ഉറപ്പിക്കാനായില്ല.
വാനിലെ മണിദീപം മങ്ങി, ബലിയല്ല തുടങ്ങിയ അനശ്വര ഗാനങ്ങൾ ആലപിച്ച പി.ബി.എസിന് മരണമില്ല. 82-ാമത്തെ വയസിൽ വിട പറഞ്ഞുവെങ്കിലും ദക്ഷിണേന്ത്യ ഒട്ടാകെ ആ ശബ്ദതരംഗങ്ങൾ ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്നു. മൂന്നുഭാഷകളിൽ (50-60-70 കാലഘട്ടത്തിൽ) ഗായകചക്രവർത്തിയായി വാണരുളിയ അദ്ദേഹം തന്റെ അനശ്വര ഗാനങ്ങളിലൂടെ ചരിത്രത്തിന്റെ സുവർണ ഏടുകളിലേക്ക് കയറിപോകുകയാണ്. അതുമാത്രം മതിയല്ലോ തന്റെ ജന്മം സാഫല്യമടയുവാൻ!
(ലേഖകന്റെ നമ്പർ: 9387215244)