മോസ്‌കോ: ലോകത്ത് ഇന്നുവരെയുളളതിൽ ഏറ്റവും ശക്തവും വേഗതയേറിയതുമായ ആണവ മിസൈൽ നിർമിക്കാനൊരുങ്ങി റഷ്യ. 'സ്‌കൈഫാൾ" എന്നു വിളിക്കപ്പെടുന്ന 9എം 730 ബ്യൂറെവെസ്റ്റ്നിക് മിസൈലാണ് റഷ്യ നിർമിക്കുന്നത്. വർഷങ്ങളോളം ഭൂമിയെ ചുറ്റാനും ഏത് നിമിഷവും ആണവ ആക്രമണം നടത്താനും കഴിയുമെന്നതാണ് ഈ മിസൈലുകളുടെ പ്രത്യേകത. 2025 ഓടെ മിസൈൽ വിക്ഷേപണത്തിന് തയ്യാറാകുമെന്നാണ് റിപ്പോർട്ട്.
നിയോനോക്സയിൽ കഴിഞ്ഞ വർഷം നടന്ന അപകടത്തിൽ അഞ്ച് ശാസ്ത്രജ്ഞമാർ കൊല്ലപ്പെട്ടത് സ്‌കൈഫാൾ മിസൈലുമായി ബന്ധപ്പെട്ടാണെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരാനും അപ്രതീക്ഷിത ദിശകളിൽ നിന്നും അക്രമണം നടത്തുന്നതിനും സാധിക്കുന്ന ഒരു സബ്‌സോണിക്ക് ക്രൂയിസ് മിസൈൽ റഷ്യ പരീക്ഷിക്കുന്നതായി ബ്രിട്ടന്റെ ചീഫ് ഒഫ് ഡിഫൻസ് ഇന്റലിജൻസ് ജനറൽ ജിം ഹോക്കെൻഹൾ നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ദൂരപരിധിയില്ലാത്തതും ലക്ഷ്യം തെറ്റാത്തതുമായ അത്യാധുനിക ആയുധമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇതിനെ വിശേഷിപ്പിച്ചിരുന്നു. അന്തർവാഹിനികൾ നിർമിക്കുന്നതിനായുളള നീക്കങ്ങളും റഷ്യ നടത്തുന്നതായി ഹോക്കെൻഹൾ പറഞ്ഞു. റഷ്യയുടെ അതിർത്തി പ്രദേശങ്ങളിൽ ഇറാനും ഉത്തര കൊറിയയും ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും ലോക ജനതയ്ക്ക് ഭീഷണിയായി നിൽക്കുന്നത് ചൈനയാണെന്നും അദ്ദേഹം പറഞ്ഞു.