rajnath-singh

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലെ പ്രശ്‌നങ്ങൾക്ക് ഇപ്പോഴും പൂർണപരിഹാരമായിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോക്‌സഭയിൽ അറിയിച്ചു. യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ പാർലമെന്റിൽ വിശദീകരിക്കവേയാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇരു രാജ്യങ്ങളുടെയും അതിർത്തികൾ ഇപ്പോഴും രേഖപ്പെടുത്തിയിട്ടില്ല. അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരുവർക്കും സ്വീകാര്യമായ നടപടിയുണ്ടായിട്ടില്ല. ചൈന അതിർത്തിയിൽ ഇന്ത്യയോട് സഹകരിക്കുന്നില്ല. പരമ്പരാഗതമായ അതിർത്തിയെ ചൈന അംഗീകരിക്കുന്നില്ല.

അതിർത്തിയിലെ തൽസ്ഥിതി ഏകപക്ഷീയമായി മാ‌റ്റുന്നത് നിയമലംഘനമാണെന്ന് നയതന്ത്ര ചർച്ചകളിൽ ചൈനയോട് ആവശ്യപ്പെട്ടതാണ്. എന്നാൽ അവർ അതിന് തയ്യാറായിട്ടില്ല. 1960ന് ശേഷം ചൈനയുമായി യാതൊരുവിധ കരാറുമില്ല. സമാധാനപരമായ നടപടിയാണ് അവിടെ ആവശ്യം. 38,000 ചതുരശ്ര കിലോമീ‌റ്റർ ചൈന കൈയേറി. ജമ്മു കശ്‌മീരിൽ 5000 ചതുരശ്ര കിലോമീ‌റ്റർ സ്ഥലം പാകിസ്ഥാനും കൈയേറി. വിവിധ അവസരങ്ങളിൽ ചൈനയുമായി സമാധാന ചർച്ചയ്‌ക്ക് ശ്രമിച്ചെങ്കിലും അവർ തയ്യാറായിരുന്നില്ലെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

'മേയ് മാസം മധ്യത്തിൽ ഗാൽവനിൽ ചൈന വിവിധയിടങ്ങളിൽ കൈയേറാൻ ശ്രമം നടത്തി. നമ്മുടെ സേന ശക്തമായി തിരിച്ചടിച്ചു. ജൂൺ 15ന് ചൈന നടത്തിയ ആക്രമണത്തോട് വീരന്മാരായ നമ്മുടെ സൈനികർ ശക്തമായിത്തന്നെ പ്രതികരിച്ചു. നമ്മുടെ സൈനികർ വീരചരമമടഞ്ഞു. പക്ഷെ നാം ചൈനക്കും കനത്ത നാശമുണ്ടാക്കി.' രാജ്നാഥ് സിംഗ് പറഞ്ഞു.

'നമ്മുടെ സൈന്യം എന്തിനും തയ്യാറാണ്. ഇന്ത്യയുടെ നിശ്ചയദാർഡ്യത്തെ കുറിച്ച് ഒരു സംശയവും വേണ്ട. പ്രശ്‌ന പരിഹാരം ചർച്ചയിലൂടെ വേണമെന്നാണ് ഇന്ത്യയുടെ താൽപര്യം.' മന്ത്രി പറഞ്ഞു. അതിർത്തിയിൽ മുൻ ധാരണകൾ പ്രകാരമുള‌ള തൽസ്ഥിതി തുടർന്ന് പോകണമെന്നാണ് ഇന്ത്യയുടെ താൽപര്യം.

'യുദ്ധസാമഗ്രികൾ സജ്ജമാക്കിയിരിക്കുകയാണ് ചൈന. നാം തിരികെയും സജ്ജമായി കഴിഞ്ഞു. നിലവിൽ യഥാർത്ഥ നിയന്ത്രണ രേഖ സുരക്ഷിതമാണ്. നാം അതിന് നമ്മുടെ സൈനികരെ ഓർത്ത് അഭിമാനിക്കുന്നു.' സിംഗ് അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ നാം ബാദ്ധ്യസ്ഥരാണ്. അത് നിറവേ‌റ്റും. പ്രതിരോധ മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്‌താവനയിൽ വ്യക്തത ആവശ്യപ്പെടാനുള‌ള അവസരം നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് എം.പിമാർ തുടർന്ന് ലോക്‌സഭ ബഹിഷ്‌കരിച്ചു.