തിരുവനന്തപുരം: ഗൾഫിൽ ഫാർമസിസ്റ്റായും നാട്ടിൽ തടിക്കച്ചവടക്കാരനായും പണമുണ്ടാക്കാൻ ജയചന്ദ്രൻ പണി പലതും നോക്കിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ പെട്ടെന്ന് പണക്കാരനാകാമെന്ന് കരുതി കള്ളനോട്ട് ബിസിനസിനിറങ്ങി പിടിക്കപ്പെട്ട് അകത്തായപ്പോൾ മാനവും പോയി. ധനനഷ്ടവും മാനഹാനിയും കൂസാക്കാതെ പണത്തിനോടുള്ള ആർത്തിമൂത്താണ് മത്സ്യക്കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടത്തിനൊരുമ്പെട്ടത്.
കഞ്ചാവിന്റെ മൊത്തക്കച്ചവടത്തിലൂടെ കോടികൾ കീശയിലാക്കാമെന്ന മോഹവുമായി ആന്ധ്രയിൽ നിന്നെത്തിച്ച ക്വിന്റൽ കണക്കിന് കഞ്ചാവ് ലോറി സഹിതം എക്സൈസ് പൊക്കിയതോടെ കഞ്ചാവ് വ്യാപാരത്തിൽ ജയജയ പാടാനാകാതെ ചിറയിൻകീഴ് അഴൂർ, മുട്ടപ്പലം, അഭയ വില്ലയിൽ ജയനെന്ന് വിളിക്കുന്ന ജയചന്ദ്രനും(55) അകത്തായി.
കള്ളനോട്ട് വിതരണത്തിനും പൊലീസിനെ അക്രമിച്ചതിനും മുമ്പ് പൊലീസ് കേസുകളിൽ പ്രതിയായിരുന്നെങ്കിലും ജയചന്ദ്രനെതിരെ കഞ്ചാവോ മയക്കുമരുന്നോ മറ്റ് ലഹരി വസ്തുക്കളോ കൈവശം വച്ചതിനോ വിറ്റതിനോ കേസുകളുണ്ടായിരുന്നില്ല.
ഇടത്തരം കുടുംബത്തിൽ ജനിച്ച് വളർന്ന ജയചന്ദ്രൻ പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി നിൽക്കുമ്പോഴാണ് ഒന്നാംവർഷ ഡിഗ്രി വിദ്യാർത്ഥിനിയായ ഒരുപെൺകുട്ടിയുമായി പ്രണയത്തിലായി അവരെ വിവാഹം ചെയ്തത്. വിവാഹാനന്തരം നാട്ടിൽ ചില്ലറ പണികളുമായി കഴിഞ്ഞ ജയചന്ദ്രന് എങ്ങനെയും പണമുണ്ടാക്കണമെന്ന മോഹമായിരുന്നു ഉണ്ടായിരുന്നത്. പണക്കൊതിമൂത്ത് എന്ത് കടുംകൈയ്ക്കും മുതിർന്ന ജയചന്ദ്രൻ ചില സുഹൃത്തുക്കൾ മുഖാന്തിരം കള്ളനോട്ട് വിതരണത്തിനിറങ്ങി. കള്ളനോട്ടുമായി പിടിക്കപ്പെട്ടതോടെ അകത്തായി.
കേസും കൂട്ടവുമായി നാട്ടിൽ കറങ്ങിതിരിയുമ്പോഴാണ് ദമാമിലെ അൽ സഫ ചാരിറ്റബിൾ ട്രസ്റ്റിൽ ഫാർമസിയിൽ അസിസ്റ്റന്റായി വിസ തരപ്പെട്ടത്. ദമാമിലേക്ക് പോയ ജയൻ ഫാർമസിസ്റ്റാണെന്നാണ് വീട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാൽ, ശമ്പളക്കുറവ് കാരണം മൂന്ന് വർഷം മുമ്പ് മടങ്ങിയെത്തി. തടിക്കച്ചവടവും തുടർന്ന് മത്സ്യ വ്യാപാരവും ആരംഭിച്ചു.
പരിചയം വഴിതിരിച്ചു
തടിക്കച്ചവടത്തിനിടയിൽ ജിതിൻരാജുമായുണ്ടായ പരിചയമാണ് കഞ്ചാവ് കച്ചവടത്തിലേക്ക് ജയചന്ദ്രനെ നയിച്ചത്. ജിതിൻരാജാണ് കേരളത്തിലെ കഞ്ചാവ് കച്ചവടം നിയന്ത്രിച്ചിരുന്നത്. കഞ്ചാവിന്റെ ഉറവിടമോ വിതരണക്കാരെയോ ഒരിക്കലും കൂടിക്കാണാനോ ഫോൺകോളുകളിൽപോലും പരിചയപ്പെടാനോ ഇടം കൊടുക്കാത്ത വിധത്തിലായിരുന്നു ജിതിൻ രാജ് കഞ്ചാവ് ബിസിനസ് നിയന്ത്രിച്ചിരുന്നത്.
കഞ്ചാവ് കടത്തുന്നതിനായി വാഹനങ്ങളിൽ കയറ്റി കഴിഞ്ഞാൽ ഇതര സംസ്ഥാനക്കാരായ ലോറി ജീവനക്കാരുടെ കൈവശമുള്ള ഫോണുകളിലെ സിം കാർഡ് ജിതിൻ വാങ്ങി സൂക്ഷിക്കും. പകരം പുതിയ സിംകാർഡ് നൽകിയാണ് അയയ്ക്കുന്നത്. ലോറി ജീവനക്കാരിൽ നിന്നും വിവരം പുറത്തേക്ക് ചോരാതിരിക്കാനാണ് ഈ തന്ത്രമെന്നാണ് എക്സൈസിന്റെ നിഗമനം. ഭദ്രമായി ലോഡിറക്കി കഴിഞ്ഞ ശേഷം ലോറിക്കാർക്ക് അവരുടെ സിം കാർഡുകൾ മടക്കി നൽകും.
കഞ്ചാവ് കടത്തുന്നതിൽ ഇടനിലക്കാരനായ മൈസൂരുവിലെ റിസോർട്ട് ഉടമ കോഴിക്കോട് സ്വദേശി ബാബൂക്കയെ കർണ്ണാടക പൊലീസ് ബംഗളുരുവിലെത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെയും ജയചന്ദ്രനെയും മുമ്പ് പിടിയിലായ ലോറി ഡ്രൈവർ പഞ്ചാബ് സ്വദേശി കുൽവന്ത് സിംഗ് (32), ജാർഖണ്ഡ് സ്വദേശി കൃഷ്ണ യാദവ് (23) എന്നിവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെ നീക്കം.
രാജുഭായിയ്ക്കായി തെരച്ചിൽ
സംസ്ഥാനത്തേക്ക് 501.5 കിലോ കഞ്ചാവ് കടത്തിയ കേസിലെ സംഘത്തലവൻ രാജുഭായിക്കായുള്ള തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്. പഞ്ചാബ് സ്വദേശിയായ രാജുഭായിക്ക് വിവിധ സംസ്ഥാനങ്ങളിൽ ലഹരി മരുന്നു ശ്യംഖലയുണ്ട്. ആന്ധ്രയിലെ നക്സൽ സ്വാധീന പ്രദേശങ്ങൾ കേന്ദ്രമാക്കി കോടിക്കണക്കിനു രൂപയുടെ ലഹരിമരുന്നു സംസ്ഥാനത്തേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ആറ്റിങ്ങലിൽ 501.5 കിലോ കഞ്ചാവുമായി പിടിയിലായ ലോറി ഡ്രൈവർ പഞ്ചാബ് സ്വദേശി കുൽദീപ് സിംഗ് (32) രാജുഭായിയുടെ വിശ്വസ്തരിൽ ഒരാളാണ്.
ഇയാളിൽ നിന്നാണ് രാജുഭായിയെ കുറിച്ച് എക്സൈസിനു വിവരം ലഭിച്ചത്. രാജുഭായിയുടെ ചിത്രം ഇന്നലെ പുറത്തുവിട്ടു. നക്സൽ സ്വാധീനമുള്ള ഇടങ്ങളിൽ ഏക്കറുകണക്കിനു വിസ്തൃതിയുള്ള തോട്ടങ്ങളിലെ കഞ്ചാവ് രാജ്യമെങ്ങും എത്തിക്കുന്നത് രാജുഭായിയുടെ നേതൃത്വത്തിലാണ്. കേസിൽ പിടിയിലായ പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യുന്നതോടെ ഇവരുടെ പല രഹസ്യനീക്കങ്ങളും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന അസി. കമ്മിഷണർ ഹരികൃഷ്ണൻ പറഞ്ഞു.