കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിസ്‌താരത്തിനായി നടനും എം.എൽ.എയുമായ മുകേഷ് കോടതിയിൽ ഹാജരായി. മുഖ്യപ്രതിയായ പൾസർ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നു. ദിലീപും മുകേഷും അഭിനയിച്ചിട്ടുള്ള ഒരു ചിത്രത്തിന്റെ സെറ്റിൽവച്ചാണ് പൾസർ സുനി ദിലീപിനെ പരിചയപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതിനുശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന സ്റ്റേജ് ഷോ റിഹേഴ്സലിനിടെയാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു.
കേസിലെ ഗൂഢാലോചന ഉൾപ്പടെ തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് മുകേഷിന്റെ മൊഴികൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. സാക്ഷികളുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ ദിലീപും ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി.
ദിലീപിനെതിരായ പ്രോസിക്യൂഷൻ സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേസിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുള്ളതിനാൽ ഹർജിയുടെ വിശദാംശങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
കേസിൽ 302 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയാക്കേണ്ടത്. ആക്രമിക്കപ്പെട്ട നടിയടക്കം 45 സാക്ഷികളുടെ വിസ്‌താരം ഇതിനോടകം പ്രത്യേക കോടതിയിൽ പൂർത്തിയായിട്ടുണ്ട്. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഈ ഉപാധികൾ നടൻ ലംഘിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ജനുവരി മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാനാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്.