സിംഗപ്പൂർ : ഉറുമ്പുകളെ പൊതുവെ ശല്യക്കാരായാണ് എല്ലാവരും കാണുന്നത്. പക്ഷേ, ഈ സിംഗപ്പൂരിലെ ജോൺ യെ എന്ന സംരംഭകനെ സംബന്ധിച്ച് ഉറുമ്പുകൾ അദ്ദേഹത്തിന് എല്ലാമെല്ലാമാണ്. ഇപ്പോൾ ഉറുമ്പുകളെ വിറ്റ് ബിസിനസിൽ വൻ ലാഭം കൊയ്യുകയാണ് ഇയാൾ.
സിംഗപ്പൂരിൽ ' വളർത്ത് ഉറുമ്പുകൾ ' കൾക്ക് വേണ്ടി മാത്രമായുള്ള ഒരു സ്ഥാപനം ആദ്യമായി തുറന്നത് ജോൺ ആണ്. ' ജസ്റ്റ് ആന്റ്സ് ' എന്ന് പേരിട്ടിരിക്കുന്ന ഈ കട ഫെബ്രുവരിയിൽ സിംഗപ്പൂരിൽ കൊവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്തായിരുന്നു ആരംഭിച്ചത്. ആദ്യമൊക്കെ വലിയ അനക്കമൊന്നുമില്ലായിരുന്നെങ്കിലും ജൂലായ് മാസത്തോടെ ബിസിനസ് പച്ച പിടിക്കാൻ തുടങ്ങിയതായി 41 കാരനായ ജോൺ പറയുന്നു. ഹോൾസെയ്ൽ ഇലക്ടോണിക്സ് വില്പനയായിരുന്നു ജോൺ ആദ്യം ചെയ്തിരുന്നത്. 2017 മുതലാണ് ഉറുമ്പുകളെ വളർത്താൻ തുടങ്ങിയത്. ഒരു ഹോബി ആയാണ് ആദ്യം തുടങ്ങിയതെങ്കിലും പിന്നീട് ബിസിനസ് ആയി മാറുകയായിരുന്നു.
ചില പാശ്ചാത്യ രാജ്യങ്ങളിൽ ആന്റ് ഫാമുകൾ വളർത്തുന്നത് സാധാരാണമാണ്. എന്നാൽ സിംഗപ്പൂർ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഉറുമ്പ് വളർത്തലിന് പ്രചാരം കുറവാണ്. എന്നാൽ ഈ രീതി മാറ്റിയെടുക്കാനാണ് ജോൺ ലക്ഷ്യമിടുന്നത്. സ്കൂളുകളിലേക്കും ഗവേഷണ മേഖലകളിലേക്കും ഉറുമ്പുകളെ പറ്റി പഠിക്കുന്നതിന് തന്റെ സംരംഭം സഹായകരമാകുമെന്ന് ജോൺ പറയുന്നു.
30 സ്പീഷീസിലെ ഉറുമ്പുകളാണ് ജോണിന്റെ സ്ഥാപനത്തിലുള്ളത്. ഇവയെ ആന്റ് ഫാം അഥവാ ഫോർമികാരിയം എന്നറിയപ്പെടുന്ന കൂടുകളിലാണ് വില്ക്കുന്നത്. ഒരു രാജ്ഞി ഉറുമ്പ് ഉൾപ്പെടെയുള്ള ഉറുമ്പുകളെയാണ് ഒരു കൂടിൽ ലഭിക്കുക. ഫോർമികാരിയത്തിന്റെയും ഉറുമ്പുകളുടെയും ഇനം അനുസരിച്ച് 10 മുതൽ 219 ഡോളർ വരെയാണ് വില. ജീവനുള്ള പുഴുക്കൾ, തേൻ തുടങ്ങിയവയാണ് ഉറുമ്പുകൾക്ക് ജോൺ ആഹാരമായി നൽകുന്നത്. ഇതിന്റെ വില്പനയും ജോൺ നടത്തുന്നു.