തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് സംസ്ഥാനത്ത് ആറ് മാസമായി അടഞ്ഞുകിടക്കുന്ന ടൂറിസം മേഖല അടുത്ത മാസം മുതൽ സജീവമാകും. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിന് ടൂറിസം വകുപ്പ് നീക്കം തുടങ്ങി. 160 കേന്ദ്രങ്ങൾ തുറന്നു കൊടുക്കുന്നതിനുള്ള ശുപാർശ ടൂറിസം സെക്രട്ടറി തയ്യാറാക്കി സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചു. മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും അനുമതി ലഭിച്ചാലുടൻ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനാണ് തീരുമാനം.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കും
പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുക. ലോകം മുഴുവൻ തുറന്ന സാഹചര്യത്തിൽ ഇനിയും ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നത് സംസ്ഥാനത്തിന്റെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കുമെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
20,000 കോടി നഷ്ടം
കൊവിഡിനെ തുടർന്ന് കഴിഞ്ഞ ആറുമാസം കൊണ്ട് ടൂറിസം മേഖലയ്ക്കുണ്ടായ നഷ്ടം 20,000 കോടിയാണ്. പ്രത്യക്ഷമായി 15 ലക്ഷം പേരും പരോക്ഷമായി 20 ലക്ഷം പേരും തൊഴിലെടുക്കുന്ന മേഖലയാണ് ടൂറിസം മേഖല. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 12 ശതമാനം സംഭാവന ചെയ്യുന്നതും ടൂറിസമാണ്. പ്രതിമാസം 4,000 കോടിയാണ് ടൂറിസത്തിൽ നിന്നുള്ള സംസ്ഥാനത്തിന്റെ ശരാശരി വരുമാനം. ഇനിയും ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടാൽ സംസ്ഥാനം കരകയറാനാകാത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സംരംഭകർക്ക് കൈത്താങ്ങ്
ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട- ഇടത്തരം സംരംഭകർക്ക് മൂന്ന് ശതമാനം പലിശയ്ക്ക് വായ്‌പ നൽകുന്ന പദ്ധതിയും സർക്കാർ നടപ്പാക്കുന്നുണ്ട്. കേരള ബാങ്കിൽ നിന്നും മറ്റു ബാങ്കുകളിൽ നിന്നും ഒമ്പത് ശതമാനം പലിശയ്ക്ക് വായ്‌പ എടുത്തശേഷം ആറ് ശതമാനം പലിശ സർക്കാർ നൽകുന്ന പദ്ധതിക്ക് 100 കോടിയാണ് മാറ്രിവച്ചിരിക്കുന്നത്. ടൂറിസം സംരംഭകർക്ക് 20 ലക്ഷം രൂപയും തൊഴിലാളികൾക്ക് 20,000 രൂപയും വീതം പദ്ധതിയിലൂടെ ലഭിക്കും. നിലവിൽ ബാങ്കുകളിൽ നിന്ന് സംരംഭകർ വായ്‌പ എടുക്കുന്നത് 10 ശതമാനം പലിശയ്ക്കാണ്. വായ്‌പ തിരിച്ചടയ്ക്കാൻ ആവശ്യമായ സമയവും നൽകും.
ടൂറിസം വരുമാനം (കോടിയിൽ)
2016- 29,658
2017- 33,383
2018-36,258
2019-45,000
വിനോദ സഞ്ചാരികൾ
(വർഷം, ആഭ്യന്തര, വിദേശ സഞ്ചാരികൾ ക്രമത്തിൽ)
2016 - 1,31,72, 535, 10,38,419
2017- 1,46,73,520, 10,91,870
2018- 1,56,04,661, 10,96,407
2019- 1,38,84,227, 8,19,975