1. ഈ മൂന്ന് ഓർഡിനൻസുകളും കോർപ്പറേറ്റ് ചില്ലറ വ്യാപാരികളെ സഹായിക്കാനുള്ളതാണ്. ഇത് വില ഉറപ്പുതരുന്ന ഒന്നല്ല.എൻ.ഡി.എ സർക്കാർ അധികാരത്തിൽ എത്തി ഉടൻതന്നെ 2014 ജൂലായ് ഒന്നിന് അവശ്യവസ്തു നിയത്തിന്റെ പരിധിയിൽ ഉള്ളിയെയും ഉരുളക്കിഴങ്ങിനെയും ഉൾപ്പെടുത്തിയതാണ്. 2019 സെപ്തംബർ മുതൽ ഡിസംബർ ആദ്യവാരംവരെ നിന്ന ഉള്ളിയുടെ വില വർദ്ധനവിന് കാരണം ലഭ്യതക്കുറവിന്റേതാണ്. ഈ ലഭ്യതക്കുറവിന് ഒരുപരിധിവരെ കോർപറേറ്റ് ചില്ലറ വില്പന ശാലകൾ ഉത്തരവാദികളുമാണ് .2019 ആഗസ്റ്റ് മാസത്തിൽതന്നെ കോർപറേറ്റ് ചില്ലറവിൽപന ശാലകൾ ഉള്ളിവാങ്ങിക്കൂട്ടി. ഇവരുടെ പൂഴ്ത്തിവയ്പിനെതിരെ ഒന്നും ചെയ്യാൻ ആരുംതന്നെ തയ്യാറായില്ല. നാളെ കോർപറേറ്റുകളുടെ പൂഴ്ത്തിവയ്പിനെതിരെ ഒരുപരാതിയും ഉയരാതിരിക്കാനാണ് പ്രധാനമായും ഈ ഭേദഗതി.
2 . മൂല്യവർദ്ധനയിൽ ഉൾപ്പെടുത്തിയിട്ടുള്ള സംരംഭങ്ങളുടെ പട്ടികയിൽ- സംസ്കരണം, പാക്കേജിംഗ് സംഭരണം, ഗതാഗതം, വിതരണം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. വിതരണത്തിൽ ചില്ലറ വ്യാപാരവും ഉൾപെടുന്നതിനാൽ തന്നെ ഇത് കുത്തക ചില്ലറവ്യാപാര മേഖലയ്ക്ക് വേണ്ടിയുള്ളതാണെന്ന് വ്യക്തം. റിലയൻസ് ഉൾപ്പെടെയുള്ള കുത്തക ചില്ലറ വ്യാപാര മേഖലയിലെ കമ്പനികൾ ഈ പറഞ്ഞിരിക്കുന്ന മൂല്യവർദ്ധനയുടെ എല്ലാതരത്തിലുമുള്ള കാര്യങ്ങൾ വ്യാപാരശൃംഖലയുടെ ഭാഗമായി ചെയ്യുന്നു. ഇവർക്ക് എത്രവേണമെങ്കിലും കാർഷിക വിഭവങ്ങൾ സംഭരിക്കാൻ ഈ ഭേദഗതി അനിവാര്യമായിരുന്നു. അതാണ് കർഷകന്റെ പേരിൽ സർക്കാർ മാറ്റംവരുത്തിയത്. ഈ കുത്തകകളുടെ വളർച്ച കർഷകനും സംരംഭകർക്കും ഉപഭോക്താവിനും വിനയാകും എന്നതിൽ തർക്കമില്ല.
3. പണം പലിശയ്ക്ക് കൊടുക്കുന്നവരിൽ നിന്നും ഇടനിലക്കാരിൽ നിന്നും കർഷകനെ സംരക്ഷിക്കാൻ വളരെ അധികം ഉപകരിച്ച രണ്ടുകാര്യങ്ങളാണ് പ്രാഥമിക മേഖലയ്ക്കുള്ള ഉദാരമായ വായ്പയും വിപണി സൗകര്യമൊരുക്കുന്നതിനുള്ള എ.പി.എം.സികളുടെ രൂപീകരണവും. സർക്കാരിന്റെ മൂന്നു ഓർഡിനൻസുകൾ ലക്ഷ്യം വയ്ക്കുന്നത് ഈ ഉത്തരവാദിത്വങ്ങൾ സ്വകാര്യ കുത്തകകൾക്ക് നൽകാനാണ്.ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ ഗവൺമെന്റ് 2003ൽ എ.പി.എം.സി നിയമം ഭേദഗതി ചെയ്യുന്നതിന് ഒരു കരട് തയ്യാറാക്കി സംസ്ഥാനങ്ങൾക്ക് അയച്ചിരുന്നു. ഇതിനെതിരെ സംഘപരിവാറിലെതന്നെ സംഘടനകൾ ഏതിർപ്പു പ്രകടിപ്പിച്ചതിനാൽ അന്ന് അത് നടന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രം കർഷകസംഘടനകളുമായി ആലോചിക്കാതെ സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കൈകടത്തിയുള്ള ഈ ഓർഡിനൻസ് കൊണ്ടുവന്നത്.
4. എ.പി.എം.സി.ഉണ്ടാക്കിയത് കർഷകന് പ്രാമുഖ്യം കിട്ടുന്ന വ്യാപരകേന്ദ്രങ്ങൾ എന്ന ഉദ്ദേശത്തോടെയാണ്. അത് ഇതോടെ ഇല്ലാതാകുകയാണ്.ഏതെങ്കിലും സംസ്ഥാനങ്ങളിലെ വ്യക്തികൾ മറ്റൊരു സംസ്ഥാനത്ത് വ്യാപാരം നടത്തുന്നതിന് അത് വ്യക്തിയോ കമ്പനിയോ ആയാലും അവർക്ക് ആദായനികുതിവകുപ്പിന്റെ പാൻ നമ്പർ വേണമെന്നതാണ്. ഇത് കർഷകന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ്.
5 ഇലക്ട്രോണിക് വ്യാപാരം കർഷകന് ഉയർന്നവില ഉറപ്പുവരുത്തുന്നു എന്നുള്ളത് തീർത്തും തെറ്റായ ധാരണയാണ്. ചായയുടെ കാര്യത്തിൽ ഇത് നടന്നില്ല എന്നു മാത്രമല്ല ചെറുകിട കർഷകർ ഇതിനെ എതിർക്കുകയാണ്. തോട്ടം ഉടമകളുടെ സംഘടന റബർ ബോർഡിന്റെ ഇലക്ട്രോണിക് വ്യാപാരം എന്ന ആശയത്തേയും എതിർക്കുകയാണ്.
6. കൃഷി സംസ്ഥാനവിഷയമാണ്. കൺകറന്റ് ലിസ്റ്റിൽപെടുന്ന വ്യാപാരത്തെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്നതിനെ ഇടതുപക്ഷ സർക്കാരുകൾപോലും ചോദ്യം ചെയ്യാതിരിക്കുന്നത് ഇവർക്ക്പോലും കർഷകനോട് നീതി പുലർത്താൻ കഴിയുന്നില്ല എന്നുള്ളതിന്റെ തെളിവാണ്.
7. വികസിതരാജ്യങ്ങളിൽ കൃഷിയുടെ കോർപ്പറേറ്റ്വത്കരണം ആരംഭിച്ചതുമുതൽ കരാർ കൃഷിയും നിലവിൽ വന്നു. കാർഷിക മേഖലയിലെ കുത്തകകൾക്ക് അസംസ്കൃത വസ്തുക്കൾ കിട്ടുന്നതിന് അവർ കരാർ കൃഷിയെ പ്രയോജനപ്പെടുത്തി. 1980 മുതൽ ഇന്ത്യയിൽ വിവിധ കമ്പനികൾ കരാർ കൃഷി പ്രോത്സാഹിപ്പിച്ചു. ഐ.ടി.സി പുകയിലയുടെ കാര്യത്തിലും ഉരുളക്കിഴങ്ങിന്റെ കാര്യത്തിൽ പെപ്സിയും പ്രധാന കരാർകൃഷി നടത്തുന്ന കമ്പനികളാണ്. എല്ലാ കരാറുകളും പൊതുവെ കർഷക താത്പര്യത്തിന് എതിരാണ്. കമ്പനികൾ വലിയ കർഷകരെയും കരാർ കൃഷിക്ക് കർഷകർ ധാരാളമുള്ള സ്ഥലങ്ങളും തിരഞ്ഞടുക്കുന്നു. അത് ചെറുകിട കർഷകരെ ബാധിക്കുന്നു. അമിത ജലചൂഷണം, വിഭവങ്ങളുടെ അമിത ഉപയോഗം, മണ്ണിന്റെ നാശം എന്നിവയ്ക്ക് കാരണമാകുന്നു.
8. സെക്ഷൻ (15) കരാർ ലംഘനത്തിന്റെ ഭാഗമായ നടപടികളിൽ കർഷകന്റെ കൃഷിഭൂമി ഏറ്റെടുക്കാൻ പാടില്ല എന്നു പറയുന്നു. സർഫാസി നിയമത്തിന്റെ കാര്യത്തിൽ ഇവിടെ എന്ത് നടക്കുന്നു എന്നറിയാം. ഒരു കോർപറേറ്റിന്റെ പോലും വീട് ഈ നിയമത്തിന്റെ പേരിൽ ജപ്തി ചെയ്തിട്ടില്ല. എന്നാൽ എത്രയോ കർഷകരുടെ വീടും ട്രാക്ടറും ജപ്തി ചെയ്തു. ഇത് എത്രയോപേരുടെ ആത്മഹത്യയ്ക്ക് കാരണമായി.
(രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ- ഒാർഡിനേറ്ററാണ് ലേഖകൻ)