punishment-for-not-wearin

ജക്കാർത്ത: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ പിഴ അടയ്ക്കുന്നതാണ് നമ്മുടെ നാട്ടിലെ ശിക്ഷ. ഗുരുതരമായ ലംഘനങ്ങൾക്ക് പൊലീസ് കേസെടുത്തെന്നും വരും.

പക്ഷേ, ഇന്തോനേഷ്യയിലെ ജാവ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ കൊവിഡ് നിയമ ലംഘകർക്ക് വളരെ വ്യത്യസ്ഥമായ ശിക്ഷകളാണ് നൽകുന്നത്.

മാസ്ക് ധരിച്ചില്ലെങ്കിൽ ഇവിടെ ശ്മശാനത്തിലാണ് ശിക്ഷ. അവിടെ കൊവിഡ് മൃതദേഹങ്ങളെ സംസ്‌കരിക്കാനുള്ള കുഴി എടുക്കണം. ഈസ്റ്റ് ജാവയിലെ ഗ്രെസീക് പ്രദേശത്താണ് വിചിത്രമായ ശിക്ഷാ നടപടി ആദ്യമായി നടപ്പാക്കിയത്. ഇവിടുത്തെ ഗ്രാമത്തിലെ പൊതുശ്മശാനത്തിലാണ് മാസ്‌ക് ധരിക്കാൻ സമ്മതിക്കാത്തവരെ കൊണ്ട് ശവക്കുഴി എടുപ്പിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവർക്ക് ഇങ്ങനെയുള്ള ശിക്ഷകൾ നൽകിയാലേ ശരിയാകൂ എന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ അഭിപ്രായം.
മാസ്‌ക് ധരിക്കാത്തതിന് ഒരു യുവാവിനെ ശവപ്പെട്ടിയിൽ കിടത്തി 100 വരെ എണ്ണിപ്പിച്ചു. ആരോഗ്യ വിദഗ്ദ്ധർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ ശരിക്കും ശവപ്പെട്ടിയിലാകുമെന്ന് അധികൃതർ മുന്നറിയിപ്പും നൽകി. കൂടാതെ രാത്രി സെമിത്തേരിയിലെത്തി കൊവിഡ് ബാധിച്ച് മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുക, ആംബുലൻസിൽ മൃതദേഹത്തോടൊപ്പം സഞ്ചരിക്കുക, ശ്മശാനം വൃത്തിയാക്കുക തുടങ്ങിയവയും പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തവ‌ർക്കുള്ള ശിക്ഷകളാണ്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജാക്കാർത്തയിൽ 23 ഡോളറാണ് മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ. അല്ലെങ്കിൽ ഒരു മണിക്കൂർ കർശനമായി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ചെയ്യണം. നിലവിൽ 221,523 പേർക്കാണ് ഇന്തോനേഷ്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 8,841 പേർ മരിച്ചു.