ന്യൂയോർക്ക് : ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19ന് കാരണക്കാരായ കൊറോണ വൈറസിനെ ചൈന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറിയിൽ നിർമിച്ചത് തന്നെയാണെന്നും ഉടൻ ബന്ധപ്പെട്ട രേഖകൾ പുറത്ത് വിടുമെന്നും പറഞ്ഞ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാൻ തന്റെ പഠന റിപ്പോർട്ടുകൾ പുറത്തുവിടാൻ തുടങ്ങി. ഹോങ്കോങ്ങ് സ്കൂൾ ഒഫ് പബ്ലിക് ഹെൽത്തിലെ മുൻ ഗവേഷകയായ ലീ, സിനോഡോ ( Zenodo ) എന്ന ഓപ്പൺ ആക്സസ് റീപോസിറ്റോറി വെബ്സൈറ്റിലൂടെ തന്റെ ഗവേഷണങ്ങളുടെ ഭാഗമായ സുപ്രധാനമായ ഒരു പേപ്പർ പുറത്തുവിട്ടിരിക്കുകയാണ്.
കൊവിഡിന് കാരണമായ സാർസ് - കോവ് - 2 ( SARS - CoV - 2 ) വൈറസിനെ ആറു മാസം കൊണ്ട് ലബോറട്ടിയിലെ അനുയോജ്യമായ അന്തരീക്ഷത്തിൽ സൃഷ്ടിച്ചതാണെന്ന് ലീ അവകാശപ്പെടുന്നു. ലീയ്ക്കൊപ്പം മറ്റ് മൂന്ന് ഗവേഷകർ കൂടി പേപ്പർ തയാറാക്കുന്നതിൽ പങ്കാളികളായിട്ടുണ്ട്. SARS - CoV - 2 വൈറസ് ജീനോമിന്റെ അസാധാരണ സവിശേഷതകൾ വിരൽ ചൂണ്ടുന്നത് വൈറസിന്റെ പ്രകൃതി പരിണാമത്തിന് പകരം സങ്കീർണമായ ലബോറട്ടറി പരിണാമത്തിലേക്കാണ്. കൊവിഡിന്റെ മനുഷ്യനിർമിത വഴികളെ പറ്റിയാണ് ലീ തന്റെ റിപ്പോർട്ടിൽ വിവരിക്കുന്നത്.
സാധാരണ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസുകളുമായി പൊരുത്തപ്പെടാത്ത ജൈവശാസ്ത്രപരമായ സവിശേഷതകൾ SARS - CoV - 2 വിന് ഉണ്ടെന്ന് ലീ ചൂണ്ടിക്കാട്ടുന്നു. വൈറസിന്റെ ജനിത ഘടന പരിശോധിച്ചത് വഴി വവ്വാലിൽ നിന്നും ഏതോ മൃഗത്തിലേക്കും ആ മൃഗത്തിൽ നിന്നും മനുഷ്യരിലേക്ക് പടരുകയായിരുന്നു എന്ന സിദ്ധാന്തം വാസ്തവ വിരുദ്ധമാണെന്ന് തെളിയിക്കുന്നതാണ് തന്റെ പഠന റിപ്പോർട്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ചൈനയ്ക്കെതിരെ അന്വേഷണം നടത്തണമെന്നും ലീ ആവശ്യപ്പെടുന്നു. വവ്വാലിൽ നിന്നും ശേഖരിച്ച ZC45 അല്ലെങ്കിൽ ZXC21 ഗണത്തിൽപ്പെട്ട കൊറോണ വൈറസുകളെ ഉപയോഗിച്ചാണ് SARS - CoV - 2 വൈറസിനെ ലബോറട്ടറിയിൽ നിർമിച്ചതെന്ന് ലീ പറയുന്നു. അതേ സമയം, കൊവിഡ് ലബോറട്ടറിയിലോ മറ്റ് സാഹചര്യങ്ങളിലോ മനുഷ്യൻ നിർമിച്ചതെല്ലെന്ന് ജനിതക ഘടനയിൽ ഗവേഷണം നടത്തിയ ഒരുകൂട്ടം ഗവേഷകർ നേരത്തെ പുറത്തുവിട്ടിരുന്നു.
കൊവിഡ് 19 നൂറ് ശതമാനവും ചൈനയിലെ വുഹാൻ ലാബിൽ നിർമിച്ചത് തന്നെയാണെന്നും അത് സാധൂകരിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ എന്റെ കൈയ്യിലുണ്ടെന്നും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒരു ബ്രിട്ടീഷ് ടോക്ക് ഷോയിയിൽ വീഡിയോ കോൺഫറൻസിലൂടെ ലീ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് വൈറസിനെ സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. താൻ ഏത് നിമിഷവും അപകടത്തിലാകാം എന്ന ഭയം കാരണം ഒളിവിലാണ് ലീ മെംഗ് യാൻ. കൊവിഡ് പടർന്നുപിടിക്കുന്ന കാര്യം ചൈനീസ് ഭരണകൂടം മനഃപൂർവം മറച്ചുവച്ചതായി ലീ നേരത്തെ ആരോപണം ഉയർത്തിയിരുന്നു. കൊവിഡ് 19നെ പറ്റി കഴിഞ്ഞ വർഷം തന്നെ അന്വേഷണം നടത്തിയ ലീ ചൈനീസ് അധികൃതരെ ഭയന്ന് അമേരിക്കയിലേക്ക് പാലായനം ചെയ്തെത്തിയതിന് ശേഷമായിരുന്നു ഇത്. ലീ ഇപ്പോൾ എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കൊവിഡ് 19ന് കാരണക്കാരായ മാരക കൊറോണ വൈറസ് ചൈനയിലെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിൽ നിന്നാണ് ഉത്ഭവിച്ചതെന്നും ഈ ലാബ് ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണെന്നും ലീ പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം വുഹാനിലെ വെറ്റ് മാർക്കറ്റിൽ നിന്നുമാണ് കൊവിഡ് 19 ഉത്ഭവിച്ചതെന്ന് ചൈന പറയുന്നു. എന്നാൽ വുഹാൻ വെറ്റ്മാർക്കറ്റിനെ വെറും പുകമറയായി ചൈന ഉപയോഗിക്കുകയാണെന്നും ലീ ആരോപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ തന്നെ കൊവിഡ് മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും ഹോങ്കോങ്ങ് സ്കൂൾ ഒഫ് പബ്ലിക് ഹെൽത്തിലെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞിരുന്നെന്ന് ലീ പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഒരു റഫറൻസ് ലബോറട്ടറിയാണ് ഹോങ്കോങ്ങ് സ്കൂൾ ഒഫ് പബ്ലിക് ഹെൽത്ത്. തുടർന്ന് ജീവൻ അപകടത്തിലാണെന്ന് മനസിലായതോടെ ലീ ആരുമറിയാതെ ഹോങ്കോങ്ങിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും ഒളിച്ചോടുകയായിരുന്നു.
' താൻ ചൈനയിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ താനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ചൈനീസ് അധികൃതർ ഇല്ലാതാക്കി. താൻ നുണ പ്രചാരണം നടത്തുന്നുവെന്ന് തീർക്കാൻ വരെ പ്രത്യേകം ആളുകളെ അവർ നിയോഗിച്ചിട്ടുണ്ട്. ' ലീ പറയുന്നു. അതേ സമയം, കൊവിഡ് 19ന് കാരണമായ കൊറോണ വൈറസ് വുഹാൻ ലാബിൽ നിന്നും ചോർന്നതോ നിർമിച്ചതോ ആണെന്ന വാദം ചൈനീസ് അധികൃതർ നിഷേധിച്ചിരുന്നു.