death-of-birds

ന്യൂ മെക്‌സിക്കോ: കൊവിഡിനിടെ അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിൽ ലക്ഷക്കണക്കിന് പക്ഷികൾ ചത്ത് വീഴുന്നതായി റിപ്പോർട്ട്. ആഗസ്റ്റ് 20 ന് യു.എസ് ആർമി വൈറ്റ് സാൻഡ്‌സ് മിസൈൽ റേഞ്ചിലും വൈറ്റ് സാൻഡ്‌സ് നാഷണൽ സ്മാരകത്തിലും വൻ തോതിൽ ചത്ത പക്ഷികളെ കണ്ടെത്തിയതോടെയാണ് ദുരൂഹതയുടെ തുടക്കം.

'ഇത് ഭയാനകമാണ്. ചത്തൊടുങ്ങുന്ന പക്ഷികളുടെ എണ്ണം ലക്ഷം കടന്നു. ഇനിയും എണ്ണം ഉയരാം.'-ന്യൂ മെക്‌സിക്കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ മാർത്ത ഡെസ്‌മോണ്ട് പറയുന്നു.
കൊളൊറാഡോ, ടെക്‌സാസ്, മെക്‌സിക്കോ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ദേശാടനപക്ഷികളായ വാർബ്ലെർസ്, ബ്ലൂബേർഡ്‌സ്, സ്പാരോസ്, ബ്ലാക്ക്‌ബേർഡ്‌സ്, ദി വെസ്‌റ്റേണ്‍ വുഡ് പിവീ ആൻഡ് ഫ്‌ളൈകാച്ചേഴ്സ് എന്നീ പക്ഷികളെയാണ് കൂടുതലായും ചത്ത നിലയിൽ കണ്ടെത്തിയത്.
മരിക്കുന്നതിന് മുമ്പ് പക്ഷികൾ വിചിത്രമായി എന്തോ പ്രകടിപ്പിച്ചതായി പ്രദേശവാസികളും ശാസ്ത്രജ്ഞരും പറയുന്നു. സാധാരണ കുറ്റിച്ചെടികളിലും മരങ്ങളിലും മാത്രം കാണപ്പെടുന്ന പക്ഷികളെ ഭക്ഷണം തേടി നിലത്ത് കാണാമായിരുന്നെന്നും ശാസ്ത്രഞ്ജരുടെ റിപ്പോർട്ടിൽ പറയുന്നു. പല പക്ഷികളും ക്ഷീണിതരായിരുന്നു.
കാലിഫോർണിയയിലും മറ്റുമുള്ള കാട്ടുതീയാണ് പക്ഷികളുടെ മരണത്തിന് കാരണമായതെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞർ ഇത് പക്ഷികളെ നേരത്തെയുള്ള കുടിയേറ്റത്തിന് പ്രേരിപ്പിച്ചിരിക്കാമെന്ന് പറയുന്നു. മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ നിർബന്ധിതരായ പക്ഷികൾക്ക് അത് അതിജീവിക്കാൻ ആവശ്യമായ കൊഴുപ്പ് ഉണ്ടായിരിക്കില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.

പുക ശ്വസിക്കുകയും ശ്വാസകോശത്തിന് കേടുപാടുകൾ വരികയും ചെയ്യുമെന്നതിനാൽ ചില പക്ഷികൾക്ക് അവയുടെ കുടിയേറ്റ പാത മാറ്റേണ്ടി വന്നിട്ടുണ്ടാകാം. ന്യൂ മെക്‌സിക്കോയിലെ തീയും വരണ്ട കാലാവസ്ഥയും മരണസംഖ്യ വർദ്ധിപ്പിച്ചിരിക്കാം. മരണകാരണം നിർണയിക്കാൻ പക്ഷികളുടെ മൃതദേഹങ്ങൾ ഒറിഗോണിലെ യു.എസ് ഫിഷ് ആൻഡ് വൈൽഡ്ലൈഫ് ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്