
തിരുവനന്തപുരം : ക്രിക്കറ്റ് കളിക്കുക എന്നതുമാത്രമാണ് തന്റെ ലക്ഷ്യമെന്നും അതിനായി ഏതുരാജ്യത്തെ ലീഗിൽ കളിക്കാനും താൻ തയ്യാറാണെന്നും തന്നെ വിളിച്ചാൽൽ മാത്രം മതിയെന്നും ഏഴുവർഷത്തെ വിലക്ക് പൂർത്തിയാക്കിയ മലയാളി ക്രിക്കറ്റർ എസ്.ശ്രീശാന്ത്.
ഗ്രൗണ്ടിൽ തിരിച്ചെത്താനായി ഏറെനാളായി മാനസികമായും ശാരീരികമായും തയ്യാറെടുത്തുവരികയായിരുന്നു ശ്രീശാന്ത്. ലോകകപ്പ് നേടിയ താരമായല്ല, പുതിയ കളിക്കാരനായാണ് താൻകളിക്കളത്തിലേക്ക് വീണ്ടും ഇറങ്ങുന്നതെന്നും തന്നെ വിളിച്ചാൽ എവിടെയും ക്രിക്കറ്റ് കളിക്കാൻ തയ്യാറാണെന്നും ശ്രീശാന്ത് ഒരു ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.
ഫിറ്റ്‌നസ് തെളിയിച്ചാൽ കേരള രഞ്ജി ടീമിൽ ശ്രീശാന്തിനെ കളിപ്പിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയഷൻ നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനം മൂലം രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് സീസൺ തുടങ്ങാൻ ജനുവരിയെങ്കിലുമാകും. അതുവരെ കളിക്കാതിരിക്കാനാകില്ലെന്നും ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ശ്രീലങ്ക പോലുള്ള രാജ്യങ്ങളിലെ ക്ലബ്ബ് തലത്തിലെ മത്സരങ്ങളിൽ കളിക്കാനാണ് ശ്രമമെന്നും താരം പറയുന്നു.
മദ്രാസ് ക്രിക്കറ്റ് ക്ലബ്ബടക്കമുള്ള ഏതാനും ക്ലബ്ബുകളിൽ നിന്ന് ഓഫറുണ്ടെന്നും ചെന്നൈ ലീഗിൽ കളിക്കാൻ താത്‌പര്യമുണ്ടെന്നും ശ്രീശാന്ത് പറയുന്നു. ഏതു ക്ലബ്ബ് തിരഞ്ഞെടുക്കും എന്നത് വൈകാതെ തീരുമാനമെടുക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.ഏഴു വർഷത്തിനിടയിൽ ക്രിക്കറ്റിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ ബാറ്റ്സ്മാൻമാരുടെ പുതിയ ചില ഷോട്ടുകൾ പഠിച്ചെടുക്കാനുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു.