swapna-ramees

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ റമീസിനേയും സ്വപ്‌നയേയും ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. ഇരുവരെയും അതീവ സുരക്ഷയോടെ തൃശൂർ വിയ്യൂരിലെ ജയിലിൽ എത്തിച്ചു. സ്വപ്‌ന‌യ്‌ക്കും റമീസിനും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ചികിത്സയുടെ ഭാഗമായി തൃശൂർ മെഡിക്കൽ കോളജിലായിരുന്നു റമീസും സ്വപ്നയും.

വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചുവേദന മൂലമാണ് സ്വപ്ന ചികിത്സ തേടിയത്. ആശുപത്രിയിൽ സ്വപ്‌ന സുരേഷിനെ കാണാനെത്തിയ ബന്ധുക്കൾക്ക് അധികൃതർ അനുമതി നിഷേധിച്ചിരുന്നു. സ്വപ്ന സുരേഷിനെ കാണാൻ ഭർത്താവിനും മകൾക്കും അമ്മയ്ക്കുമാണ് എൻ ഐ എ കോടതി അനുമതി നൽകിയിരുന്നത്.

കോടതി ഉത്തരവുമായി സ്വപ്നയുടെ ബന്ധുക്കൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയെങ്കിലും കാവൽ നിൽക്കുന്നവരും മെഡിക്കൽ കോളജ് അധികൃതരും സ്വപ്നയെ കാണാൻ അനുവദിച്ചില്ല.

അതേസമയം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായി എൻ ഐ എ അറിയിച്ചു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് വീണ്ടെടുത്തത്. തെളിവുകളുടെ അടിസ്ഥാനത്തിൽ സന്ദീപ് നായർ അടക്കമുള്ളവരെ എൻ ഐ എ ചോദ്യം ചെയ്ത് തുടങ്ങി.