messi

ബാഴ്സലോണയുമായുളള കലഹവും തിരിച്ചുവരവുമൊക്കെയായി പ്രശ്നത്തിലാണെങ്കിലും സമ്പാദ്യത്തിന്റെ കാര്യത്തിൽ ലയണൽ മെസിയെ മറിക്കടക്കാൻ ഈ വർഷം മറ്റാരുമില്ല. ഈ വർഷം കളിക്കളത്തിൽ നിന്നും പുറത്തുമായി ഏറ്റവും കൂടുതൽ വരുമാനം നേടിയ ഫുട്ബാൾ കളിക്കാരുടെ പട്ടിക ഫോബ്സ് പുറത്തുവിട്ടപ്പോൾ അതിൽ ഒന്നാം സഥാനത്താണ് മെസി. 126 ദശലക്ഷം യു.എസ് ഡോളറാണ് (ഏകദേശം 927 കോടി ഇന്ത്യൻ രൂപ)മെസിയുടെ ഇക്കൊല്ലത്തെ വരുമാനം. ബാഴ്സലോണയിൽ നിന്നുള്ള പ്രതിഫലമായി 92 ദശലക്ഷം ഡോളറാണ് മെസിക്ക് ലഭിക്കുന്നത്. 34 ദശലക്ഷം ഡോളറാണ് പരസ്യങ്ങളിൽ നിന്നുള്ള വരുമാനം.

പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്. 117 ദശലക്ഷം ഡോളറാണ് ഇറ്റാലിയൻ ക്ളബ് യുവന്റസിന്റെ കുന്തമുനയ്ക്ക് വരുമാനം. പരസ്യവരുമാനത്തിൽ മെസിയെക്കാൾ മുന്നിലാണെങ്കിലും ക്ളബിൽ നിന്നുള്ള ശമ്പളത്തിലെ കുറവാണ് ക്രിസ്റ്റ്യാനോയെ രണ്ടാമനാക്കിയത്. 47ദശലക്ഷം ഡോളർ പരസ്യവരുമാനത്തിൽ നിന്ന് നേടുന്ന ക്രിസറ്റ്യാനോയ്ക്ക് 70 ദശലക്ഷം ഡോളറാണ് ശമ്പളം.

വരുമാനത്തിൽ 100 ദശലക്ഷം ഡോളർ ക്ളബിലുള്ള മറ്റൊരു ഫുട്ബാൾ താരവുമില്ല. മൂന്നാം സ്ഥാനക്കാരനായ പാരീസ് എസ്.ജിയുടെ ബ്രസീലിയൻ താരം നെയ്മർക്ക് 96 ദശലക്ഷം ഡോളറാണ് ആകെ വരുമാനം. എന്നാൽ ക്ളബിൽ നിന്നുള്ള ശമ്പളം ക്രിസ്റ്റ്യാനോയെക്കാൾ കൂടുതലാണ്, 78 ദശലക്ഷം ഡോളർ.പാരീസ് എസ്.ജിയിൽ നെയ്മറുടെ സഹതാരമായ കിലിയാൻ എംബാപ്പെ 42ദശലക്ഷം ഡോളർ വരുമാനവുമായി നാലാം സ്ഥാനത്തും ലിവർപൂളിന്റെ മുഹമ്മദ് സലാ 37ദശലക്ഷം ഡോളറുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോൾ പോഗ്ബ (34ദശലക്ഷം ഡോളർ), ബാഴ്സലോണയുടെ ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാൻ, റയൽ മാഡ്രിഡിന്റെ ഗാരേത്ത് ബെയ്ൽ,ബയേൺ മ്യൂണിക്കിന്റെ റോബർട്ടോ ലെവാൻഡോവ്സ്കി, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയ എന്നിവരാണ് ആറുമുതൽ പത്തുവരെ സ്ഥാനങ്ങളിൽ .