വാഷിംഗ്ടൺ: ഉയ്ഗുർ മുസ്ലീങ്ങൾ അടക്കമുള്ള തൊഴിലാളികളെക്കൊണ്ട് നിർബന്ധിതതൊഴിലിലൂടെ നിർമ്മിച്ച ചൈനീസ് ഉത്പന്നങ്ങൾ നിരോധിച്ച് അമേരിക്ക. സിൻജിയാങിലെ അഞ്ച് കമ്പനികളിൽ നിന്നുള്ള പരുത്തി, വസ്ത്രങ്ങൾ, വിഗ് അടക്കമുള്ള ഹെയർ ഉത്പ്പന്നങ്ങൾ, ഇലക്ട്രോണിക്സ് എന്നിവ നിരോധിച്ച ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു. സിൻജിയാങ്ങിലെ ലോപ് കൗണ്ടി നമ്പർ 4 വൊക്കേഷണൽ സ്‌കിൽസ് എജുക്കേഷൻ ആൻഡ് ട്രെയിനിംഗ് സെന്ററിൽ നിന്നുമുള്ള ഉത്പന്നങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സിൻജിയാങിലേക്ക് നിരീക്ഷണത്തിനായി സ്വതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ചൈനയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം. അമേരിക്കയുമായുള്ള ചൈനയുടെ നിക്ഷേപ കരാർ അംഗീകരിക്കപ്പെടണമെങ്കിൽ സിൻജിയാങിലേക്ക് നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ സ്വീകരിക്കാൻ ചൈന തയ്യാറാകണം എന്നാണ് അമേരിക്കയുടെ ആവശ്യം.
ചൈനീസ് സർക്കാർ ഉയിഗുർ ജനയേയും മറ്റ് ന്യൂനപക്ഷങ്ങളെയും അടിച്ചമർത്തുന്നുവെന്ന് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസിയുടെ യു.എസ് ആക്ടിംഗ് കമ്മീഷണർ മാർക്ക് മോർഗൻ ആരോപിച്ചു. നിർബന്ധിത തൊഴിൽ ക്രൂരമായ മനുഷ്യാവകാശലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ഹോംലാൻഡ് സെക്യൂരിറ്റി ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി കെൻ കുച്ചിനെല്ലിയുടെ അഭിപ്രായത്തിൽ 'സിൻജിയാങിലെ ട്രെയിനിംഗ് സെന്റർ തൊഴിലധിഷ്ഠിത കേന്ദ്രമല്ല, തടങ്കൽപ്പാളയമാണ്. ഇവിടെ മത, വംശീയ ന്യൂനപക്ഷങ്ങൾ പീഡനങ്ങൾക്ക് വിധേയരാകുകയും വളരെ മോശമായ തൊഴിൽസാഹചര്യങ്ങളിൽജോലി ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. ഇത് ആധുനികകാലത്തെ അടിമത്തമാണെന്നും'' അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ ബന്ദികളാക്കിയ തൊഴിലാളികളെ വിടുതൽ ചെയ്യുന്നതിന് യു.എസ് കസ്റ്റംസ് ഏജൻസി റിലീസ് ഓർഡറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തുലക്ഷത്തോളം പേർ തടവിൽ
ഏകദേശം 10 ലക്ഷത്തോളം ഉയിഗുറുകളെയും മറ്റുള്ളവരെയും ബ്രെയിൻ വാഷിംഗ് ക്യാമ്പുകളിൽ തടവിലാക്കിയതായി സാമൂഹ്യപ്രവർത്തകർ ആരോപിക്കുന്നു. സിൻജിയാങിലെ ഉയ്ഗുർ, കസാഖ് മുസ്ലീങ്ങളെ നിർബന്ധിത വന്ധ്യംകരണം അടക്കമുള്ള ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും പീഡനങ്ങൾക്കും ഇരകളാക്കുന്നതായി ലോകത്തെ നിരവധി സാമൂഹിക പ്രവർത്തകരും മാദ്ധ്യമപ്രവർത്തകരും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചൈന അതിനെ തൊഴിൽപരിശീലന കേന്ദ്രങ്ങളായാണ് വിശേഷിപ്പിക്കുന്നത്.
സിൻജിയാങ് മേഖലയിൽ നിന്നുള്ള ചില ഉത്പന്നങ്ങൾ നിരോധിച്ച അമേരിക്കൻ നടപടി ആഗോള വിതരണ ശൃംഖല അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
-ചൈനീസ് സർക്കാർ