ലണ്ടൻ : കഴിഞ്ഞ സീസണിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന മുൻ ചാമ്പ്യന്മാരായ ചെൽസിക്ക് ഇംഗ്ളീഷ് പ്രിമിയർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്രൈട്ടൺ ആൻഡ് ഹോവിനെയാണ് ചെൽസി കീഴടക്കിയത്.
ബ്രൈട്ടന്റെ തട്ടകമായ അമേരിക്കൻ എക്സ്പ്രസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്നിരുന്ന ചെൽസി രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു ഗോൾ വഴങ്ങിയെങ്കിലും രണ്ടെണ്ണം കൂടി തിരിച്ചടിച്ച് വിജയം നേടുകയായിരുന്നു. 23-ാം മിനിട്ടിൽ ജോർജീഞ്ഞോ പെനാൽറ്റിയിലൂടെയാണ് ചെൽസിയുടെ ആദ്യ ഗോൾ കണ്ടെത്തിയത്. 54-ാം മിനിട്ടിൽ ട്രൊസാഡിലൂടെ ബ്രൈട്ടൺ സമനില പിടിച്ചെങ്കിലും 56-ാം മിനിട്ടിലെ റീസ് ജെയിംസിന്റെയും 66-ാം മിനിട്ടിലെ കുർട്ട് സോമയുടെയും ഗോളുകൾ ചെൽസിക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
പുതിയ സീസണിൽ കോച്ച് ഫ്രാങ്ക് ലംപാഡിന്റെ പ്രത്യേക താത്പര്യപ്രകാരം വൻതുക മുടക്കി സ്വന്തമാക്കിയ ടിമോ വെർണർ, കായി ഹാവെർട്ട്സ് എന്നിവരുടെ അരങ്ങേറ്റമികവാണ് ചെൽസിയുടെ വിജയത്തിൽ നിർണായകമായത്. ജർമ്മൻ ക്ളബ് ആർ.ബി ലെയ്പ്സിഗിൽ നിന്ന് വാങ്ങിയ വെർണറാണ് ആദ്യ ഗോളിന് വഴിയൊരുക്കിയ പെനാൽറ്റി നേടിയെടുത്തത്. മുൻ ചെൽസി നായകൻ കൂടിയായ ലംപാഡ് ഈ സീസണിൽ ക്ളബിനെ കിരീടത്തിലെത്തിക്കാനായി മികച്ച തയ്യാറെടുപ്പുകളാണ് നടത്തിയത്.
തിങ്കളാഴ്ച വിജയം
ഇത് മൂന്നാം തവണയാണ് തിങ്കളാഴ്ച രാത്രി നടന്ന പ്രമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ചെൽസി വിജയം നേടുന്നത്. 2014-15, 2016-17 സീസണുകളിലാണ് ഇതിന് മുമ്പ് തിങ്കളാഴ്ച വിജയത്തോടെ തുടങ്ങിയത്. ഈ രണ്ട് തവണയും പ്രിമിയർ ലീഗ് കിരീടം ചെൽസിക്കായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ചെൽസി ആരാധകർ.
ഗോളുകൾ ഇങ്ങനെ
1-0
23-ാം മിനിട്ട്
ജോർജീഞ്ഞോ
ബ്രൈട്ടൺ താരം റയാൻ ബോക്സിനുള്ളിൽവച്ച് ടിമോ വെർണറെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് ജോർജീഞ്ഞോ ഗോളാക്കിയത്.
1-1
54-ാം മിനിട്ട്
ട്രൊസാഡ്
ഒരു ലോംഗ് റേഞ്ച് ഷോട്ടിന്റെ ദിശ മനസിലാക്കുന്നതിൽ ചെൽസി ഗോളി കെപ്പയ്ക്ക് സംഭവിച്ച പിഴവാണ് ഗോളിന് വഴിവച്ചത്.
2-1
56-ാം മിനിട്ട്
റീസ് ജെയിംസ്
സമനില ഗോൾ വഴങ്ങി ഒന്നരമിനിട്ടിനകം ജോർജീഞ്ഞോയുടെ പാസിൽ നിന്ന് റീസ് ജെയിംസ് ചെൽസിയെ വീണ്ടും മുന്നിലെത്തിച്ചു.
3-1
66-ാം മിനിട്ട്
കുർട്ട് സോമ
റീസ് ജെയിംസിന്റെ പാസിൽ നിന്നായിരുന്നു സോമയുടെ വിജയഗോൾ പിറന്നത്.
ഇനി ലിവർപൂൾ
വരുന്ന ഞായറാഴ്ച രാത്രി നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളുമായാണ് ചെൽസിയുടെ അടുത്ത മത്സരം. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോം ബ്രിജിൽ വച്ചാണ് ഈ പോരാട്ടം. കഴിഞ്ഞ ദിവസം സീസൺ ഒാപ്പണറിൽ ലിവർപൂൾ 4-3ന് ലീഡ്സ് യുണൈറ്റഡിനെ കീഴടക്കിയിരുന്നു.