ബെർലിൻ : വിഷബാധയേറ്റ് ബെർലിനിലെ ആശുപത്രിയിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ ആരോഗ്യനിലയിൽ പുരോഗതി. വിഷബാധയേറ്റതിന് ശേഷം കോമയിൽ കഴിഞ്ഞിരുന്ന അലക്സി വീണ്ടും പൂർവ സ്ഥിതിയിലേക്ക് മടങ്ങിയെത്തുന്നുവെന്നറിയിച്ച് അദ്ദേഹത്തിന്റെ ആദ്യ ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ലെങ്കിലും വെന്റിലേറ്ററിന്റെ സഹായം കൂടാതെ അലക്സിയ്ക്ക് ഇപ്പോൾ ശ്വസിക്കാൻ സാധിക്കും. ബെർലിനിലെ ചാരിറ്റി ഹോസ്പിറ്റലിൽ കഴിയുന്ന നവാൽനി കുടുംബത്തോടൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് സൈബീരിയൻ നഗരമായ ഓംസ്കിൽ നിന്നും അലക്സിയെ ജർമനിയിലെത്തിച്ചത്. സൈബീരിയയിലെ ടോംസ്ക് നഗരത്തിൽ നിന്നും മോസ്കോയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ഒരു കപ്പ് ചായ കുടിച്ച ശേഷമാണ് 44 കാരനായ അലക്സി വിഷബാധയേറ്റ് അബോധാവസ്ഥയിലായത്. അലക്സിയെ ആദ്യം ചികിത്സിച്ച സൈബീരിയൻ ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തിന് വിഷബാധയേറ്റതായുള്ള ആരോപണങ്ങൾ തള്ളിയിരുന്നു. എന്നാൽ ഈ ഡോക്ടർമാരെ തങ്ങൾക്ക് വിശ്വസിക്കാനാവില്ലെന്ന് അലക്സിയുടെ ഭാര്യ വെളിപ്പെടുത്തിയിരുന്നു. അലക്സി നവാൽനിയ്ക്ക് നോവിചോക് നെർവ് ഏജന്റ് എന്ന രാസായുധത്തിന്റെ വിഷബാധയാണ് ഏറ്റതെന്ന് ജർമൻ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യൻ പ്രധാനമന്ത്രി വ്ലാഡിമിർ പുടിന്റെ നിർദ്ദേശ പ്രകാരമാണ് അലക്സിയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേ സമയം, അലക്സി ജർമനിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഉടൻ തന്നെ റഷ്യയിലേക്ക് മടങ്ങുമെന്നും ജർമൻ അധികൃതർ വ്യക്തമാക്കി.