cm

തിരുവനന്തപുരം: കെ.ടി ജലീലിന് പിന്തുണ ആവർത്തിച്ച് മുഖ്യമന്ത്രി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ ജലീൽ വ്യക്തത വരുത്തിയിട്ടുണ്ട്. ലീഗിൽ നിന്നും ജലീൽ മാറിയതിന് പിന്നിലെ പകയാണ് വിവാദങ്ങൾക്ക് കാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ജലീലിനെ ഇ.ഡി ചോദ്യം ചെയ്തു എന്നുള്ളത് വലിയ പ്രശ്നമല്ല. വിരോധമുള്ളവർ നടത്തുന്ന വ്യക്തിഹത്യയാണ് ജലീലിനെതിരെയുള്ളത്. ഒരു ഏജൻസി മന്ത്രിയെ ചോദ്യം ചെയ്യുന്നത് ആദ്യമായിട്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഖുറാന്റെ മറവിൽ പുകമറ സൃഷ്ടിക്കുന്നതിനുളള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

നയതന്ത്ര പാഴ്സൽ വഴി മതഗ്രന്ഥങ്ങൾ കൊണ്ട് വന്നതു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജലീലിനെ ചോദ്യം ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. കളളക്കടത്ത് കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷവും ബി.ജെ.പിയും ജലീലിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ നടത്തിയ സമരങ്ങൾ സംഘർശത്തിൽ കലാശിച്ചു. ഇതിന് പിന്നാലെയാണ് ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.